ഡെങ്കി പനിക്ക് പാരസെറ്റമോള്‍   

September 26, 2017, 4:09 pm
ഡെങ്കി പനിക്ക് പാരസെറ്റമോള്‍   
Spotlight
Spotlight
ഡെങ്കി പനിക്ക് പാരസെറ്റമോള്‍   

ഡെങ്കി പനിക്ക് പാരസെറ്റമോള്‍   

സാമ്പത്തിക രംഗം സുസ്ഥിരമാണെന്നും ഹൃസ്വ കാലത്തുണ്ടായ തിരിച്ചടികള്‍ മറികടന്നു ഇന്ത്യ കുതിക്കുമെന്നുമാണ് ധനമന്ത്രിയും പ്രധാന മന്ത്രിയും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വരെ ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. കാര്യങ്ങള്‍ അങ്ങനെയല്ല, രാജ്യത്തു സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു ചൂണ്ടിക്കാണിച്ചവരുടെ അഭിപ്രായങ്ങള്‍ മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ വാക്കുകള്‍ പോലെയായി.

കാരണം, എല്ലാം നല്ലത്, നല്ലത് എന്ന് പ്രചരിപ്പിക്കുന്നതില്‍ ഒരു പരിധിവരെ സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളും പിആര്‍ കമ്പനികളും സോഷ്യല്‍ മീഡിയയിലെ തല്‍പര കക്ഷികളും വിജയം കൈവരിച്ചിരുന്നു. ഒടുവില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടെന്നു പ്രധാന മന്ത്രിക്കു തുറന്ന് സമ്മതിക്കേണ്ടതായി വന്നു. സത്യങ്ങള്‍ മറനീക്കി പുറത്തു വരികയാണിപ്പോള്‍. സത്യത്തെ അധികകാലം മറച്ചു പിടിക്കാനാകില്ലെന്നതും സത്യം.

കഴിഞ്ഞ ആറ് ക്വാര്‍ട്ടറുകളില്‍ തുടര്‍ച്ചയായി സാമ്പത്തിക വളര്‍ച്ച താഴോട്ട് പോയ സാഹചര്യമാണ് ഇപ്പോള്‍ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് ആധാരം. സാമ്പത്തിക സിദ്ധാന്തങ്ങള്‍ പ്രകാരം നാലു പാദങ്ങളില്‍ വളര്‍ച്ചാനിരക്ക് താഴോട്ടു പോകുന്നുവെങ്കില്‍ അത് ഒരു സ്ലോ ഡൌണ്‍ ആണെന്നാണ്. ജൂണ്‍ മാസത്തില്‍ അവസാനിച്ച ത്രൈമാസ കാലയളവില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 5.7 ശതമാനമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും കുറഞ്ഞ നിരക്ക്. തൊട്ടു മുന്‍പുള്ള ക്വാര്‍ട്ടറില്‍ ഇത് 6 .1 ശതമാനവുമായിരുന്നു. ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട കാര്യം, കൃഷി, മാനുഫാക്ചറിങ്, ഖനനം തുടങ്ങിയ തൊഴില്‍ അധിഷ്ഠിത സെക്ടറുകളെല്ലാം ഏറെ മോശം പ്രകടനമാണ് കാഴ്ച വച്ചത് എന്നതാണ്. ജിഡിപി വളര്‍ച്ച ഒരു ശതമാനം കുറയുന്നുവെന്നതിന് അര്‍ഥം ഏകദേശം ഒന്നര ലക്ഷം കോടി രൂപയുടെ ഉല്‍പാദന നഷ്ടം സംഭവിച്ചു എന്നാണ്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടയില്‍ വളര്‍ച്ച നിരക്കില്‍ 1.9 ശതമാനം ഇടിവാണ്‌സംഭവിച്ചത് . ഇത് രൂപ കണക്കിലേക്കു വിവര്‍ത്തനം ചെയ്യുമ്പോള്‍ ഏതാണ്ട് രണ്ടു ലക്ഷം കോടി രൂപയുടെ ഉല്പാദന നഷ്ടം സംഭവിച്ചു എന്നാണ്.

മാനുഫാക്ചറിങ് സെക്ടറിനാണു പ്രകടമായ പരിക്ക് സംഭവിച്ചത്. കുറെയേറെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ പൂട്ടിപ്പോവുകയോ, ഉല്‍പാദനം കുറയ്ക്കുകയോ ചെയ്തു എന്നാണ് ഇതിന്റെ തനി മലയാളം. ഇതില്‍ നിന്നും നഷ്ടത്തിന്റെ കണക്കു ഊഹിക്കാവുന്നതേയുള്ളു. കറന്‍സി പിന്‍വലിച്ച നടപടിയാണ് ഇതിന്റെ അടിസ്ഥാന കാരണമെന്നത് വ്യക്തമാവുകയാണ്. അനവസരത്തില്‍, ധൃതി പിടിച്ചെടുത്ത ഈ നടപടി ഇന്ത്യയുടെ സമ്പദ്ഘടനയെ പറ്റെ ഉലച്ചിരിക്കുന്നു. ഇക്കാര്യം മുന്‍പേ തന്നെ ഡോ. മന്‍മോഹന്‍ സിംഗ്, വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ തുടങ്ങിയവര്‍ക്ക് പുറമെ ഫിനാന്‍ഷ്യല്‍ ടൈംസ് പോലുള്ള സാമ്പത്തിക മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു.

വിവിധ മേഖലകളില്‍ ഉണ്ടായ ഉല്പാദന നഷ്ടം തൊഴിലാളികളുടെ എണ്ണം കുറക്കുന്നത്തിന് ചെറുകിട, ഇടത്തരം കമ്പനികളെയും സ്ഥാപനങ്ങളെയും നിര്‍ബന്ധിതരാക്കി. കഴിഞ്ഞ പത്തു മാസത്തിനിടയില്‍ ഇത്തരത്തില്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെ സെയില്‍സ് ഗേള്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ അനേകായിരം പേര്‍ക്ക് ജോലി നഷ്ടപെട്ട കാര്യം സാമാന്യേന ബോധ്യപ്പെടുന്ന ഒരു കാര്യമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇത് അതിരൂക്ഷമാണ്. അതുകൊണ്ടു അവിടങ്ങളില്‍ നിന്നും തൊഴില്‍ അന്വേഷിച്ചുള്ള പലായനം കൂടിയ തോതിലാണ്. വലിയ ഒരു വിഭാഗത്തിന് വരുമാന നഷ്ടം ഉണ്ടായത് സ്വാഭാവികമായും മാര്‍ക്കറ്റില്‍ പണത്തിന്റെ ഒഴുക്ക് കുറക്കുന്നതിനും 'എഫക്റ്റീവ് ഡിമാന്‍ഡ്' ഇടിയുന്നതിനും കാരണമായി. ഇത് വിപണി മാന്ദ്യത്തിലേക്കും ആത്യന്തികമായി സാമ്പത്തിക ദുരിതത്തിലേക്കും നയിക്കുന്നു. ഇത് എട്ടുകാലിവല പോലെ ചലിക്കുന്ന ഒരു ദൂഷിത വലയമാണ്. മോശമായ സാമ്പത്തിക സാഹചര്യങ്ങളില്‍ ഇത്തരം ഒരു ചങ്ങല കെട്ട് പൊട്ടിക്കുക അത്ര എളുപ്പമല്ല. സ്വകാര്യ മൂലധനത്തിന്റെ കാര്യമായ നിക്ഷേപം ഇത്തരം സാഹചര്യങ്ങളില്‍ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഉള്ള സംരംഭങ്ങള്‍ എങ്ങനെയും നിലനിര്‍ത്തി കൊണ്ട് പോകാന്‍ മാത്രമായിരിക്കും സ്വകാര്യ സംരംഭകര്‍ തയ്യാറാവുക. അത് പ്രതികൂലമായി ബാധിക്കുന്നത് പുതിയ തൊഴില്‍ അവസരങ്ങളെയും ജനങ്ങളുടെ വരുമാനത്തെയുമാണ്.

ഇപ്പോള്‍ ഭരണകര്‍ത്താക്കള്‍ തന്നെ സാമ്പത്തിക രംഗത്ത് കാര്യങ്ങള്‍ അത്ര ശുഭോദര്‍ക്കമല്ല എന്ന് സമ്മതിച്ചിരിക്കുന്നു. 50,000 കോടി രൂപയുടെ ഒരു പാക്കേജ് സര്‍ക്കാര്‍ ഒരുക്കുന്നു എന്നാണ് ധനമന്ത്രി പറയുന്നത്. നല്ലതു തന്നെ. നോട്ട് നിരോധനത്തിന് മുന്‍പുള്ള പാദങ്ങളിലും വളര്‍ച്ച നിരക്ക് താഴുന്ന പ്രവണതയിലായിരുന്നു. എന്നിരുന്നാലും പിന്നീട് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഇത് മറി കടക്കുന്നതിനുള്ള ഉപാധിയായില്ലെന്ന് മാത്രമല്ല, കാര്യങ്ങള്‍ വലിയ തോതില്‍ കുഴപ്പത്തിലാക്കുന്നതായി. നോട്ട് നിരോധനം അക്ഷരാര്‍ത്ഥത്തില്‍ സമ്പദ് ഘടനയെ പിന്നോക്കം വലിച്ചു. ഇതിന്റെ ആഘാതത്തില്‍ നിന്നും മുക്തമാകുന്നതിനു മുന്‍പ് തന്നെ ജിഎസ്ടിയും നടപ്പാക്കിയതോടെ വ്യാപാര, വ്യവസായ മേഖലകളെ പാടെ തളര്‍ത്തി. 5.7 ശതമാനം എന്ന കുറഞ്ഞ തോതിലേക്ക് വളര്‍ച്ച നിരക്ക് എത്തുന്നതിന് ഈ നീക്കങ്ങള്‍ ഹേതുവായി എന്ന് വിലയിരുത്താതിരിക്കാന്‍ കഴിയില്ല.

ഇതിനെ മറികടക്കുന്നതിനു മാന്ത്രിക വടി ചുഴറ്റിയതു കൊണ്ടായില്ല. ക്രിയാത്മകവും ഭാവനാപൂര്‍ണ്ണവുമായ സാമ്പത്തിക ഉത്തേജക നടപടികളാണ് ഈ ഘട്ടത്തില്‍ വേണ്ടത്. സാമ്പത്തികമാന്ദ്യ കാലത്ത് അമേരിക്ക നടപ്പാക്കിയ ഉത്തേജക പാക്കേജുകള്‍ ഓര്‍ക്കുക. ശക്തമായ വിമര്‍ശനങ്ങള്‍ അന്ന് ഒബാമക്ക് കേള്‍ക്കേണ്ടി വന്നുവെങ്കിലും നടപടികളുമായി അദ്ദേഹം മുന്നോട്ടു പോവുകയായിരുന്നു. ആ ഉറച്ച തീരുമാനങ്ങളാണ് പ്രതിസന്ധിയില്‍ നിന്ന് ഒരു കര പറ്റാന്‍ അമേരിക്കയെ സഹായിച്ചത്. ഇവിടെ സര്‍ക്കാര്‍ സ്പെന്‍ഡിങ് കൂട്ടുക എന്ന കെയ്നീഷ്യന്‍ തിയറിയാണ് പ്രവര്‍ത്തികമാവുക. പക്ഷെ, ഗവണ്മെന്റ് അതും അര മനസോടെ ചെയ്യുന്നു എന്നതാണ് പ്രശനം. ബിജെപി ദേശീയ കൌണ്‍സില്‍ യോഗത്തില്‍ പ്രധാനമത്രി വൈദ്യുതിവത്കരണത്തിനായി 16000 കോടി രൂപയുടെ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ വന്‍ തോതില്‍ മാര്‍ക്കറ്റിലേക്ക് പണമെത്താതെ തൊഴിലുണ്ടാകില്ല, ഉല്പാദനവും നടക്കില്ല. ഈ യാഥാര്‍ഥ്യത്തെ കാണാതിരുന്നിട്ട് കാര്യമില്ല.

മാക്രോ ഇക്കണോമിക് മാനേജ്‌മെന്റിനും വിദേശ റേറ്റിംഗ് ഏജന്‍സികളുടെ സെര്‍ട്ടിഫിക്കറ്റിനും വേണ്ടി കാത്തു നില്‍ക്കേണ്ട സമയം ഇതല്ല. ദൗര്‍ഭാഗ്യവശാല്‍ ഇപ്പോഴും ധനകമ്മി നിയന്ത്രണമാണ് ധനമന്ത്രിയുടെ മുഖ്യ അജണ്ട. അദ്ദേഹം പറയുന്നത് 50000 കോടിയുടെ പാക്കേജ് നടപ്പാക്കുമ്പോള്‍ ധനകമ്മി ജിഡിപിയുടെ 3.7 ശതമാനമായി ഉയരുമെന്നാണ്. അതിനപ്പുറം പോയാല്‍ ഇന്ത്യയുടെ അന്താരാഷ്ട്ര രംഗത്തെ ഇന്‍വെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷന്‍ എന്ന തലത്തിലുള്ള റേറ്റിംഗ് താഴുമെന്നു അദ്ദേഹം ഭയക്കുന്നു. ഇത് 4.4 ശതമാനം വരെ ഉയര്‍ന്ന വര്‍ഷം ഉണ്ടായിരുന്ന കാര്യം അദ്ദേഹം സൗകര്യപൂര്‍വം മറക്കുന്നു. അതുകൊണ്ട് ധനക്കമ്മി നിയന്ത്രണമാകരുത് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. മറിച്ച് സ്വകാര്യ നിക്ഷേപത്തിന് അനുകൂലമല്ലാത്ത സാമ്പത്തിക സാഹചര്യത്തില്‍ സര്‍ക്കാറിന്റെ പൊതു നിക്ഷേപം ഗണ്യമായ തോതില്‍ ഉയര്‍ത്തണം, പ്രത്യേകിച്ച് കൃഷി പോലുള്ള അടിസ്ഥാന മേഖലകളില്‍.

പെട്രോള്‍, ഡീസല്‍ വില താഴ്ത്തുന്നതായാല്‍ വലിയ തോതില്‍ അത് ഗുണം ചെയ്യും. പക്ഷെ വരുമാന നഷ്ടം കണക്കിലെടുത്തു സര്‍ക്കാര്‍ ഇതിനെ കുറിച്ച് ചിന്തിക്കുന്നേയില്ല. ഈ ഘട്ടത്തില്‍ സാമ്പബത്തിക മേഖല ഒരു സന്നിഗ്ദ്ധ ഘട്ടത്തിലാണ്. ഇവിടന്നങ്ങോട്ട് പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കാനുള്ള സാധ്യത ഏറെയാണ്. ബിജെപി നേതാക്കള്‍ എല്ലാം അടുത്ത ക്വാര്‍ട്ടറുകളില്‍ ശരിയാകും എന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇങ്ങനെ പോയാല്‍ എല്ലാം ശശിയാകാനുള്ള സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ട് നികുതി ഇളവുകള്‍ അടക്കമുള്ള പാക്കേജുകള്‍ ചെറുകിട, ഇടത്തരം മേഖലയ്ക്ക് നല്‍കണം. അടിസ്ഥാന മേഖലകളില്‍ കൂടുതല്‍ നിക്ഷേപം അനിവാര്യമാവുകയാണ്. ഇപ്പോള്‍ ആലോചിക്കുന്ന പാക്കേജുകള്‍ ഡെങ്കി പനി പിടിച്ചവന് പാരസെറ്റമോള്‍ കൊടുക്കുന്നത് പോലെയാണ്. പ്രധാനമന്തി നിയോഗിച്ച പുതിയ ഉപദേശക സമിതിയെങ്കിലും കാര്യങ്ങളെ തുറന്ന മനസോടെ കാണുമെന്ന് പ്രതീക്ഷിക്കാം.