പെട്രോളും ഡീസലും കൊള്ളയടിക്കാനുള്ള ഉപാധിയോ?

September 19, 2017, 1:42 pm


പെട്രോളും ഡീസലും കൊള്ളയടിക്കാനുള്ള ഉപാധിയോ?
Spotlight
Spotlight


പെട്രോളും ഡീസലും കൊള്ളയടിക്കാനുള്ള ഉപാധിയോ?

പെട്രോളും ഡീസലും കൊള്ളയടിക്കാനുള്ള ഉപാധിയോ?

പെട്രോളിയം ഉത്പന്നങ്ങളുടെ മാനം മുട്ടെ ഉയരുന്ന വില സാമ്പത്തിക ദുരിതം വിതയ്ക്കുമ്പോഴും നിത്യ വില നിര്‍ണയം എന്ന പകല്‍കൊള്ള തുടരും എന്ന ഉറച്ച തീരുമാനത്തിലാണ് എണ്ണ കമ്പനികള്‍. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇതിനു പിന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുന്നു. ജിഎസ്ടി ഏര്‍പ്പെടുത്തുകയാണ് വില കുറക്കാന്‍ വേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇക്കാര്യം അദ്ദേഹം പറയുന്നുണ്ടെങ്കിലും അതിന് മുന്‍കയ്യെടുക്കേണ്ട ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പക്ഷെ വാ തുറക്കുന്നില്ല. സംസ്ഥാനങ്ങളുടെ കടുത്ത എതിര്‍പ്പു കൊണ്ടാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്താന്‍ കഴിയാതെ പോയതെന്നാണ് അദ്ദേഹം പറഞ്ഞു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ദുസ്സഹമായ പെട്രോള്‍, ഡീസല്‍ വിലക്കയത്തിന്റെ കാരണം സംസ്ഥാന സര്‍ക്കാരുകളാണെന്ന് സ്ഥാപിച്ചു, എതിര്‍പ്പിന്റെ കുന്തമുന വലിയൊരളവോളം അങ്ങോട്ട് തിരിച്ചു വിടാനുള്ള വിഫല ശ്രമം.

സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാനം കിട്ടുന്ന മേഖലയാണ് പെട്രോളിയം ഉത്പന്നങ്ങള്‍. അതുകൊണ്ട് അവര്‍ എതിര്‍ക്കുന്നു എന്നത് നേരാണ്. എന്നാല്‍ കേന്ദ്രത്തിനു ലഭിക്കുന്ന വരുമാനം കൂടി നോക്കാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ വഴി കേന്ദ്രം നേടിയത് രണ്ടു ലക്ഷം കോടി രൂപയില്‍ അധികമാണ്. മാത്രമല്ല, സംസ്ഥാനങ്ങള്‍ നികുതി കൂട്ടാതെ പരമാവധി പിടിച്ചു നില്‍കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ തീരുവ 9 .14 രൂപയില്‍ നിന്ന് 21 .24 രൂപയാക്കി ഉയര്‍ത്തി. അപ്പോള്‍ ഈ കറവ പശുവിനെ അത്ര എളുപ്പം കയ്യൊഴിയാന്‍ കേന്ദ്രവും തയാറല്ല.

ബിജെപി നേരിട്ട് ഭരിക്കുന്നതോ, അവര്‍ മറ്റു പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് ഭരിക്കുന്നതോ ആണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും. അപ്പോള്‍ ജിഎസ്ടി കൗണ്‍സിലില്‍ ഒരു സമവായം ഇക്കാര്യത്തില്‍ സൃഷ്ടിക്കാന്‍ അവര്‍ക്കു വലിയ പ്രയാസമില്ല. അതിനു തക്ക രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായിരുന്നാല്‍ മാത്രം മതി. പ്രധാന സംസ്ഥാനങ്ങളില്‍ കേരളം, കര്‍ണാടകം, ബംഗാള്‍ എന്നിവ മാത്രമാണ് രാഷ്ട്രീയമായി ശക്തമായ എതിര്‍പ്പു ഉയര്‍ത്താന്‍ സാധ്യതയുള്ളൂ. അപ്പോള്‍ അത്തരം ഒരു തീരുമാനത്തില്‍ നിന്ന് പുറകോട്ട് പോകുന്നത് കേന്ദ്രം തന്നെയാണെന്ന് വ്യക്തമാവുകയാണ്.

എന്തുകൊണ്ട് പെട്രോളിനും ഡീസലിനും ജിഎസ്ടി ഇല്ല ?

രാജ്യത്തെ ഏറ്റവും വലിയ പരോക്ഷ നികുതി പരിഷ്‌കരണമായിരുന്നു 2017 ജൂലായ് ഒന്നിന് നടപ്പാക്കിയ ജിഎസ്ടി. ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള കാക്കത്തൊള്ളായിരം ഉത്പന്നങ്ങളെയും പുതിയ നികുതി സമ്പ്രദായത്തിലേക്ക് കൊണ്ട് വന്നപ്പോള്‍ നിത്യേന ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന അവശ്യ വസ്തുവായ പെട്രോളിയം ഉത്പന്നങ്ങളെ അതില്‍ നിന്നും ഒഴിവാക്കി. നികുതി വരുമാനം കുറയാതെ നിര്‍ത്താനുള്ള എളുപ്പ വഴി തേടുകയാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ചെയ്തത്. നികുതി പരിഷ്‌കരണം വഴി ലഭിക്കുന്ന വലിയ നേട്ടം വരുമാനം ഉയര്‍ന്ന തോതില്‍ നിര്‍ത്താനുള്ള വ്യഗ്രതയില്‍ ജനങ്ങള്‍ക്ക് നിഷേധിക്കുകയാണ് ചെയ്തത്. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഉപഭാക്താവിനെ കൊള്ളയടിക്കുകയാണ് ചെയ്തത്.

കേന്ദ്ര- സംസ്ഥാന തലത്തിലെ വിവിധ നികുതികള്‍ ചേര്‍ക്കുമ്പോള്‍ നിലവില്‍ പെട്രോളിന്റെ വിലയില്‍ 54 ശതമാനവും ഡീസല്‍ വിലയില്‍ 47 ശതമാനവും ഡല്‍ഹിയിലെ വിലയുടെ അടിസ്ഥാനത്തില്‍ നികുതിയാണ്. ജിഎസ്ടി ഏര്‍പ്പെടുത്തിയപ്പോള്‍ പരമാവധി നികുതി നിരക്ക് 28 ശതമാനമാണ്. അതായത് പെട്രോളിനും ഡീസലിനും മറ്റു ഉത്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്താന്‍ കഴിയുമായിരുന്ന ഏറ്റവും ഉയര്‍ന്ന നികുതി 28 ശതമാനം മാത്രം. ആകെ നികുതി 21 മുതല്‍ 24 ശതമാനം വരെ കുറയുമായിരുന്ന അവസ്ഥ. നികുതിക്ക് പുറമെ വിവിധ സെസുകള്‍ ഏര്‍പ്പെടുത്തിയാല്‍ പോലും വില 18-20 ശതമാനം കണ്ടു കുറയുമായിരുന്നു. അതായതു ഒരു ലിറ്റര്‍ പെട്രോളിന്റെ വില ചുരുങ്ങിയത് 10രൂപ മുതല്‍ 15 രൂപ വരെ കുറയുമായിരുന്നു എന്ന് ചുരുക്കം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി വരുമാനം ലഭിക്കുന്ന ഉത്പന്നങ്ങളാണ് പെട്രോള്‍, ഡീസല്‍ തുടങ്ങിയവ. എണ്ണ കമ്പനികളില്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോളോ, ഡീസലോ പുറത്തിറങ്ങുമ്പോള്‍ തന്നെ നികുതി ഖജനാവിലെത്തുന്നു. ഈ വമ്പന്‍ വരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ല എന്നത് തന്നെയാണ് കാരണം. പെട്രോള്‍, ഡീസല്‍ എന്നീ ഉത്പന്നങ്ങളിലൂടെ മാത്രം കേന്ദ്ര സര്‍ക്കാര്‍ നേടുന്ന നികുതി വരുമാനം 2015 -16 സാമ്പത്തിക വര്‍ഷത്തില്‍ 154,590 കോടി രൂപയായിരുന്നു. 2012 -13ല്‍ ഇത് 46,223 കോടി രൂപയായിരുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈ ഉത്പന്നങ്ങളുടെ കേന്ദ്ര നികുതി രണ്ടിരട്ടിയിലേറെ വര്‍ധിപ്പിച്ചു. ഞെട്ടിപ്പിക്കുന്ന കണക്ക് ഇതാണ് 2012 -13 ല്‍ മൊത്തം എക്സൈസ് തീരുവ വരുമാനത്തിന്റെ 26 ശതമാനമാണ് പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നും കിട്ടിയതെങ്കില്‍, 2015 -16 ല്‍ 54 ശതമാനമായി. ഒരു വശത്തു രാജ്യാന്തര വിലയിലെ ഇടിവ് മൂലം ലഭ്യമാകുന്ന വിലയിളവ് ജനങ്ങള്‍ക്ക് നിഷേധിക്കുമ്പോള്‍ തന്നെ, നികുതി വര്‍ധിപ്പിച്ചു കോടികള്‍ ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കുകയും ചെയ്യുന്നു.

ഡി റെഗുലേഷന്‍ എന്ന ചതിക്കുഴി

പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തത് കളയുന്നത് 2010ലാണ്. കിരിത് പരേഖ് കമ്മറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പെട്രോളിന്റെ മേലുള്ള വിലനിയന്ത്രണം എടുത്തു കളഞ്ഞപ്പോള്‍ പറഞ്ഞ ന്യായം ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വില മാറ്റം അനുസരിച്ചു പെട്രോള്‍ വിലയില്‍ മാറ്റം വരുമെന്നായിരുന്നു. അതായത്, അന്താരാഷ്ട്ര വില കൂടുമ്പോള്‍ ഉപഭോക്താവ് ഉയര്‍ന്ന വില നല്‍കണം. മറിച്ചു വില കുറയുമ്പോള്‍ ഇവിടെയും വില താഴ്ത്തി വില്‍ക്കും. ഈ ഉറപ്പ് പാലിക്കുകയാണെങ്കില്‍ ഇപ്പോള്‍ പെട്രോള്‍ വില ലിറ്ററിന് 40 രൂപയില്‍ താഴെയായിരിക്കണം. എന്നാല്‍ 2013ല്‍ ക്രൂഡിന്റെ വില വീപ്പക്കു ശരാശരി 140 ഡോളറായിരുന്ന സമയത്തെ വിലയെക്കാള്‍ കൂടുതല്‍ ഉപഭോക്താവ്, വില 50 ഡോളറായി താഴ്ന്നപ്പോഴും നല്‍കേണ്ടി വരുന്നു.

ലോകത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടി വരുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ഇന്‍ഡ്യയേക്കാള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അയല്‍ രാജ്യങ്ങളില്‍ വില ഏറെ താഴെയാണെന്ന് വിവിധ മാധ്യമങ്ങളിലൂടെ നാം മനസിലാക്കുന്നു. നേപ്പാളില്‍ ഒരു എണ്ണ റിഫൈനറി ഇല്ല. അവര്‍ ക്രൂഡ് ഇറക്കുമതിയും ചെയ്യുന്നില്ല. ഇന്ധനാവശ്യങ്ങള്‍ക്കു അവര്‍ പൂര്‍ണമായും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. അവിടെ പോലും പെട്രോള്‍ വില ലിറ്ററിന് ഇന്ത്യന്‍ മാര്‍ക്കറ്റിനേക്കാള്‍ 10 രൂപ കുറവാണ്.

ചൈനയുടെ പ്രതിശീര്‍ഷ വരുമാനം 15,000 ഡോളറാണ്. അവിടെ പെട്രോള്‍ വില 65 രൂപയില്‍ താഴെ മാത്രം. ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 6000 ഡോളറാണ്.യുപിഎ സര്‍ക്കാര്‍ പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞപ്പോള്‍ അതിശക്തമായി പ്രതികരിച്ച പാര്‍ട്ടിയാണ് ബിജെപി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ നിശിത വിമര്‍ശനങ്ങള്‍ക്ക് പാത്രീഭൂതനായ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ്. യുപിഎ നയങ്ങള്‍ക്കെതിരായ ജനവികാരം സമര്‍ത്ഥമായി വോട്ടാക്കി മാറ്റി അധികാരത്തിലെത്തിയ മോഡിയുടെ ആദ്യത്തെ നിര്‍ണ്ണായക തീരുമാനങ്ങളിലൊന്ന് ഡീസല്‍ വില നിര്‍ണ്ണയം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുക്കുക എന്നതായിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഉത്പന്നങ്ങളുടെ വില അഭൂതപൂര്‍വമായി കുതിച്ചുയരുന്നതിന് മുഖ്യകാരണങ്ങളില്‍ ഒന്ന് ഈ നടപടിയാണ്. ചരക്ക് നീക്കത്തിനുള്ള ചെലവ് കുതിച്ചുയര്‍ന്നത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വന്‍ ആഘാതമായി മാറി.

മന്‍മോഹന്‍ സിങ് നാട് വാഴുമ്പോള്‍ ഏറെ പ്രതികൂലമായ സാമ്പത്തിക സാഹചര്യം ഇന്ത്യയിലും ലോകത്തും നിലനിന്നിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ക്രൂഡ് ഓയില്‍ വില കാര്യമായി ഉയര്‍ന്നത്. 2013 -14 കാലയളവില്‍ ക്രമമായി ഉയര്‍ന്ന വില ഒരു ഘട്ടത്തില്‍ ബാരലിന് 145 ഡോളര്‍ വരെയായി. ഈ ഘട്ടത്തില്‍ പോലും ഇന്നത്തെ തോതില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്നിട്ടില്ല എന്നോര്‍ക്കണം. മാത്രവുമല്ല, പ്രതിദിന വിലനിര്‍ണയം എന്ന ജനങ്ങളെ വഞ്ചിച്ചു വില ഉയര്‍ത്താനുള്ള ഗൂഢതന്ത്രമൊന്നും പാവം സര്‍ദാര്‍ജി ആലോചിച്ചിട്ട് പോലുമുണ്ടാവില്ല. അന്ന് മന്‍മോഹന്‍ സിംഗിനെ വലച്ച വേറൊരു ഘടകം ഡോളറിന്റെ വിലക്കയറ്റമായിരുന്നു. ഒരു ഡോളറിനു വില 72 രൂപ വരെയെത്തി. ഡോളറിനു രേഖപെടുത്തപ്പെട്ട സര്‍വകാല റെക്കോര്‍ഡ് വിലയായിരുന്നു ഇത്.

അതുകൊണ്ട് ഇന്ത്യയുടെ ട്രേഡ് ബാലന്‍സ് വളരെ താഴ്ന്നു. ഇത് വിദേശനാണ്യ കറന്റ് അക്കൗണ്ടില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്ന നിര്‍ണായക തീരുമാനം അന്നത്തെ ധനമന്ത്രി പി. ചിദംബരം എടുത്തത് ഇക്കാരണത്താലാണ്. ഈ പ്രതികൂല സാഹചര്യത്തിലും ഇന്ധന വിലക്കയറ്റം പരിധി വിടാതെ നിന്നിരുന്നു.എന്നാല്‍ ഇന്ന് ഡോളര്‍ വില 65 രൂപയില്‍ താഴെയാണ്. ക്രൂഡ് ഓയില്‍ വില പ്രകടമായി കുറഞ്ഞതിന് പുറമെ ഡോളര്‍ വിലയും താഴ്ന്നത് അനുകൂലമായ ട്രേഡ് ബാലന്‍സിലേക്കു നീങ്ങുന്നതിന് വഴിയൊരുക്കി. എന്നിട്ടും വില കുറക്കില്ലെന്ന ധാര്‍ഷ്ട്യ സമീപനം തുടരുന്നതിന്റെ കാരണം സുവ്യക്തമാണ്. അന്തിചര്‍ച്ചകള്‍ക്ക് എത്തുന്ന ഭരണ പാര്‍ട്ടിയുടെ നേതാക്കള്‍ ഇക്കാര്യം മനസിലാക്കണം.ഈ പഴുതിലൂടെ ലക്ഷക്കണക്കിന് കോടി രൂപയുടെ കൊള്ളയടി തുടരുകയാണ്. ഇതിനകം പ്രതിദിന വിലനിര്‍ണയത്തിലൂടെ ജനത്തിന് നഷ്ടമായത് ഏറ്റവും കുറഞ്ഞത് 10 ലക്ഷം കോടി രൂപയെങ്കിലുമാണ്. അത് ഉത്പാദന രംഗത്ത് വരുത്തിയ നഷ്ടത്തിന്റെ കണക്കെടുപ്പ് ഏറെക്കുറെ അസാധ്യമാണ്. ഈ ഒറ്റ നടപടി സമ്പദ്ഘടനയെ വലിയ തളര്‍ച്ചയിലേക്കു നയിക്കുകയാണ്.ജിഎസ്ടി ഏര്‍പ്പെടുത്തല്‍, രാജ്യാന്തര വിലക്കൊപ്പം വില കുറക്കുക എന്നീ രണ്ടു കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിരുന്നെങ്കില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ 50 ശതമാനത്തിന്റെ എങ്കിലും കുറവുണ്ടായേനെ. അത് സമ്പദ് വ്യവസ്ഥക്കു നല്‍കുന്ന ഉത്തേജനം എത്ര വലിയ സബ്‌സിഡിയെക്കാളും വലുതായിരിക്കും. ജിഡിപിയില്‍ രണ്ടു ശതമാനത്തിന്റെ വളര്‍ച്ച ഇത് മൂലം ഉണ്ടാകുന്നതിനുള്ള സാധ്യതയും ഉണ്ട്. പക്ഷെ ചില ഗൂഢ ലക്ഷ്യങ്ങള്‍ ഇത്രയും ജനവിരുദ്ധമായ തീരുമാനം തുടരുന്നതിന്റെ പിന്നില്‍ ഉണ്ട് എന്നത് വ്യക്തമാണ്.