അന്വേഷണത്തിലെ പ്രദര്‍ശനപരതയില്‍ തെളിയുന്നത് സ്വയം സ്ഥാപിച്ചെടുക്കാനുളള ഭരണകൂട വ്യഗ്രത

July 14, 2017, 4:32 pm


അന്വേഷണത്തിലെ പ്രദര്‍ശനപരതയില്‍ തെളിയുന്നത് സ്വയം സ്ഥാപിച്ചെടുക്കാനുളള ഭരണകൂട വ്യഗ്രത
Spotlight
Spotlight


അന്വേഷണത്തിലെ പ്രദര്‍ശനപരതയില്‍ തെളിയുന്നത് സ്വയം സ്ഥാപിച്ചെടുക്കാനുളള ഭരണകൂട വ്യഗ്രത

അന്വേഷണത്തിലെ പ്രദര്‍ശനപരതയില്‍ തെളിയുന്നത് സ്വയം സ്ഥാപിച്ചെടുക്കാനുളള ഭരണകൂട വ്യഗ്രത

നമ്മുടെ സമൂഹത്തില്‍ ക്രിമിനല്‍ കേസുകള്‍ ഇത്രമാത്രം ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പോലീസും അഭിഭാഷകരും എല്ലാവരും കയ്യടി നേടുന്ന ഈ പരിപാടിയില്‍ അന്തിമ പരാജയം ആരുടേതാണ്? കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ ഈ പ്രദര്‍ശനപരതയുടെ ഉന്മാദം എന്ത് പ്രത്യാഘാതമാണുണ്ടാക്കുന്നത്? ഈ പ്രശ്നങ്ങള്‍ ഇനിയും പഠിക്കേണ്ടതുണ്ട്. കുറച്ചു കാലമായി കുറ്റകൃത്യങ്ങളും-അവ ലൈംഗികാക്രമണങ്ങളാകാം കൊലപാതകമാകാം, അഴിമതിയാകാം, ആത്മഹത്യയാകാം- അതിനെ തുടര്‍ന്നുള്ള അന്വേഷണങ്ങളും നമ്മുടെ വ്യവസ്ഥാപിത രാഷ്ട്രീയ വ്യവഹാരങ്ങളുടെ സജീവ ഘടകമാണ്. എന്നാല്‍ ഈ ചര്‍ച്ചകള്‍ എവിടെയും എത്തുന്നില്ല എന്നതാണ് വാസ്തവം. പ്രതികളും ഇരകളും മാറിക്കൊണ്ടിരിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റു വ്യത്യാസങ്ങള്‍ ഇല്ലാതെ ഒന്ന് കെട്ടടങ്ങി കുറച്ചു കഴിയുമ്പോള്‍ മറ്റൊന്ന് എന്ന നിലയില്‍ കുറ്റകൃത്യങ്ങളുടെ മേലുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും ആവര്‍ത്തിക്കുന്നു. ശിക്ഷിക്കപ്പെടുന്നത് വരെ നിരപരാധിയാണെന്നുള്ള നിയമസങ്കല്‍പ്പത്തെ പാടെ തള്ളിക്കളയുന്ന തരത്തിലാണ് മിക്കപ്പോഴും ഇത്തരം ചര്‍ച്ചകള്‍. ഇവിടെ നിയമം, തങ്ങള്‍ പക്ഷം പിടിക്കുന്ന ടീം ജയിക്കാന്‍ വേണ്ടി കാണികള്‍ ആര്‍പ്പു വിളിക്കുന്ന കളിയായി മാറുകയാണ്. നിങ്ങള്‍ പ്രതിയോടൊപ്പമോ ഇരയോടൊപ്പമോ എന്നതാണ് ചോദ്യം. നിങ്ങള്‍ കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണോ എന്നതാണ് ചോദ്യം. അവസാനം ‘അവന്‍ നമ്മില്‍ പെട്ടവനല്ല’ എന്ന തരത്തില്‍ പ്രതിയാക്കപ്പെടുന്നവരെ നമ്മുടെ സമൂഹശരീരത്തില്‍ നിന്നും വെട്ടി വേര്‍പെടുത്തി നമ്മുടെ ധാര്‍മികതയും നൈതികതയും സംരക്ഷിച്ചു തൃപ്തിപ്പെടുകയും ചെയ്യുന്നു.

സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കേവലമായ ധാര്‍മികരോഷത്തിനുമപ്പുറം കുറ്റകൃത്യങ്ങളും ആഘോഷമാക്കുന്ന അവയിലെ അന്വേഷണങ്ങളും ചില രാഷ്ട്രീയദൗത്യങ്ങള്‍ കൂടി നിര്‍വഹിക്കുന്നതായി കാണാം. സുരക്ഷാഭരണകൂട സങ്കല്‍പ്പത്തെയും അത് വഴി ഭരണകൂടത്തിന്റെ സൈനികവത്കരണത്തെയും സേവിക്കുന്ന തരത്തില്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ ധാര്‍മ്മികരോഷത്തെ ഒരു രാഷ്ട്രീയോപാധിയായി പരിവര്‍ത്തനപ്പെടുത്തിയെടുക്കുന്നു എന്നതാണ് അതില്‍ പ്രധാനം. കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുക എന്നത് ഇത്തരം സാഹചര്യത്തില്‍ ഒരു പ്രധാന രാഷ്ട്രീയ അജണ്ടയായി വരുന്നു. കുറ്റകൃത്യങ്ങളുടെ സാമൂഹ്യപശ്ചാത്തലം എന്ത്? കുറ്റവാളികളെ എങ്ങനെ പരിവര്‍ത്തനപ്പെടുത്തിയെടുക്കാം തുടങ്ങിയ പരിഗണനകള്‍ സ്വാഭാവികമായും തള്ളിക്കളയപ്പെടുകയും കുറ്റം/ശിക്ഷ എന്ന ദ്വന്ദത്തിനകത്തു കാര്യങ്ങള്‍ ചുരുക്കപ്പെടുകയും ചെയ്യുന്നു. പക്ഷെ അതുകൊണ്ട് കുറ്റകൃത്യങ്ങള്‍ കുറയുന്നില്ല കാരണം കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്ന സാമൂഹ്യപശ്ചാത്തലം മാറ്റമില്ലാതെ തുടരുകയാണ്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തന്നെ അതിനു ഉദാഹരണമാണ്. ഇത്തരം കുറ്റങ്ങള്‍ക്ക് വിധിക്കുന്ന ശിക്ഷകളൊന്നും തന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യബോധത്തിനും മൂല്യങ്ങള്‍ക്കും യാതൊരു പോറലും ഏല്‍പ്പിക്കുന്നില്ല. അത് കൊണ്ട് തന്നെ സ്ത്രീയുടെ മര്‍ദ്ദിതാവസ്ഥക്കും മാറ്റമൊന്നും വരുത്തുന്നില്ല.

കേരളത്തിലെ കക്ഷി രാഷ്ട്രീയ ബോധത്തിന്റെ സവിശേഷതയും കുറ്റകൃത്യകേന്ദ്രീകൃതമായ രാഷ്ട്രീയ വ്യവഹാരത്തിനു സംഭാവന ചെയ്യുന്നുണ്ട്. ഇവിടത്തെ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ സര്‍ക്കാര്‍ നടത്തിപ്പില്‍ കാര്യമായ നയവ്യത്യാസങ്ങളില്ല. രണ്ടു മുന്നണികളും മാറിമാറി ഭരിക്കുമ്പോഴും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളില്ലാതെ നയപരമായ തുടര്‍ച്ച കാണാവുന്നതാണ്. മെച്ചപ്പെട്ട ക്രമസമാധാനം ഉറപ്പുവരുത്തുക ആരാണ് എന്നത് പോലുള്ള,വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികള്‍ സ്വീകരിക്കുന്നതാരാണ് എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നതിന് ഇത് കാരണമാകുന്നു.

പക്ഷെ അടിസ്ഥാനപരമായി ഈ വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികള്‍ സമൂഹത്തിലെ അധീശ രാഷ്ട്രീയാധികാരത്തിന്റെ സംരക്ഷകരാണെന്നത് കൊണ്ട് തന്നെ കുറ്റകൃത്യങ്ങള്‍ക്കെതിരായ കര്‍ക്കശമായ നിലപാടെന്നത് പൊള്ളയായ വെറും വാചകമടി മാത്രമായി മാറുകയും ചെയ്യുന്നു. കാരണം കുറ്റകൃത്യങ്ങളും അവയിലൂടെ വിനിമയം ചെയ്യപ്പെടുന്ന സമ്പത്തും കേരളത്തിന്റെ സമ്പദ്ഘടനയെ ചലിപ്പിക്കുന്നതില്‍ നല്ല പങ്കുവഹിക്കുന്നുണ്ട്. അതിന്റെ ഗുണഭോക്താക്കള്‍ കൂടിയാണ് ഈ വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികള്‍.

നവഉദാരവാദത്തിലേക്കുള്ള പരിവര്‍ത്തനം ഭരണകൂടത്തിന്റെ പ്രവര്‍ത്തനരീതികളിലും കാര്യമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാന പാലനം പോലുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു മുതലാളിത്ത വ്യവസ്ഥയുടെ ആരംഭകാലത്തെ ലിബറല്‍ ഭരണകൂടങ്ങളുടെ ഉത്തരവാദിത്തം. മുതലാളിത്തം കുത്തക മുതലാളിത്തമായി വികസിച്ച സാമ്രാജ്യത്തകാലഘട്ടത്തില്‍ ആണ് ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തില്‍ ഊന്നിയ ഭരണകൂട സംവിധാനങ്ങള്‍ കടന്നുവരുന്നത്. ഇന്ന് ധനമൂലധനത്തിന്റെ കുത്തകാധിപത്യം അതിനു പാകപ്പെട്ട നവഉദാരവാദ ഭരണകൂടങ്ങളായി ക്ഷേമരാഷ്ട്രങ്ങളെ പരിവര്‍ത്തനപ്പെടുത്തിയിരിക്കുന്നു. പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുക, മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുക തുടങ്ങിയവ ഭരണകൂട പ്രവര്‍ത്തനത്തിന്റെ മുന്‍ഗണനകളില്‍ നിന്നും മാറ്റപ്പെട്ടിരിക്കുന്നു.

പകരം മൂലധനത്തിന്റെ സ്വച്ഛന്ദമായ ഒഴുക്കിനു സഹായകമായ വിധം സാമൂഹ്യജീവിതം ചിട്ടപ്പെടുത്തല്‍ പ്രഥമ പരിഗണയിലേക്കു കടന്നുവന്നിരിക്കുന്നു. അതിനു കഴിയും വിധം ക്രമസമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്തുക നവഉദാരവാദ ഭരണകൂടസംവിധാനത്തിന്റെ പ്രധാന ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ നവഉദാരവാദകാലത്തെ ഭരണകൂട സംവിധാനമായി സുരക്ഷാ ഭരണകൂടങ്ങള്‍ മാറിയിരിക്കുന്നു. അനുദിനം ശക്തിപ്പെട്ടു വരുന്ന സൈനികവത്കരണമാണ് സുരക്ഷാ ഭരണകൂടത്തിന്റെ സവിശേഷത. അത്തരം ശക്തിപ്പെടലിനു കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഭീതിയും വെറുപ്പും പ്രധാന പങ്കു വഹിക്കുന്നു.

ജനങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സാമൂഹ്യ-സാമ്പത്തിക ജീവിതത്തില്‍ ഭരണകൂടത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അത് തിരിച്ചുപിടിക്കാനുള്ള അവസരമായി കുറ്റകൃത്യങ്ങള്‍ക്കെതിരായ നടപടികള്‍ മാറുന്നു. കേസന്വേഷണം ഒരു മഹാസംഭവമാക്കി മാറ്റിക്കൊണ്ടും കുറ്റകൃത്യങ്ങള്‍ക്കും ക്രിമിനലുകള്‍ക്കും എതിരായ വെറുപ്പ് ആളിക്കത്തിച്ചും കൂടുതല്‍ കര്‍ശനമായ നടപടികള്‍ക്കായി അവകാശങ്ങളെ അടിയറ വെപ്പിച്ചും നിയമപരമായ നീതിയെ സാമൂഹ്യ-സാമ്പത്തിക നീതിക്കു പകരം വച്ചും നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയും കുറ്റകൃത്യ ഭീതി വളര്‍ത്തുന്നതിനും ഭരണകൂടവും വ്യവസ്ഥയും സ്വയം സ്ഥാപിച്ചെടുക്കുന്നു. അങ്ങനെ പരാജയപ്പെട്ട ഒരു ഭരണകൂടത്തിന്റെയും വ്യവസ്ഥയുടെയും സ്വയം സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് കേസന്വേഷണത്തിലെ പ്രദര്‍ശനപരതയുടെ അടിസ്ഥാനം.