പൊമ്പിള്ളൈ ഒരുമയെ അധികാര രാഷ്ട്രീയം ഭയക്കുന്നതെന്തിന് 

April 24, 2017, 10:08 am


പൊമ്പിള്ളൈ ഒരുമയെ അധികാര രാഷ്ട്രീയം ഭയക്കുന്നതെന്തിന് 
Spotlight
Spotlight


പൊമ്പിള്ളൈ ഒരുമയെ അധികാര രാഷ്ട്രീയം ഭയക്കുന്നതെന്തിന് 

പൊമ്പിള്ളൈ ഒരുമയെ അധികാര രാഷ്ട്രീയം ഭയക്കുന്നതെന്തിന് 

മന്ത്രിയും സിപിഐഎമ്മിന്റെ സെക്രട്ടറിയേറ്റ് അംഗവുമായ എം എം മണിയുടെ മുന്നാറുമായി ബന്ധപ്പെടുത്തി നടത്തിയ പ്രസ്താവനകള്‍ സൃഷ്ടിച്ച ഭിന്നങ്ങളായ പ്രതികരണങ്ങളാല്‍ മുഖരിതമാണ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം. മുന്നാറിലെ കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതുമായും കൈയേറ്റ ഭൂമിയിലെ കുരിശ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടും അദ്ദേഹം നടത്തിയ അക്രമോല്‍സുകമായ പ്രസ്തവനകള്‍ക്ക് തുടര്‍ച്ചയായാണ് അദ്ദേഹം മുന്നാറിലെ ദളിത് സ്ത്രീ തൊഴിലാളികളുടെ പ്രതിരോധ സംഘമായ പൊമ്പിള്ളൈ ഒരുമൈയുടെ സമരത്തെക്കുറിച്ച് പൊതുവേദിയില്‍ അപഹസിച്ച് സംസാരിച്ചത്. ആ പ്രസംഗത്തില്‍ അദ്ദേഹം പറയുന്ന ഒരു കാര്യം അദ്ദേഹം അവിടെ എത്തിയിട്ടുള്ളതും സംസാരിക്കുന്നതും മന്ത്രിയായിട്ടല്ല, മറിച്ച് സിപിഐഎമ്മിന്റെ പ്രതിനിധി ആയിട്ടാണെന്നാണ്. അതായത് ഇടുക്കിയിലെ സിപിഐഎം നേതൃത്വത്തിന്റെ അഭിപ്രായമാണ് അദ്ദേഹം പറയുന്നതെന്ന്. പ്രസ്താവന വിവാദമാവുകയും അതുണ്ടാക്കിയ അതിരൂക്ഷമായ പ്രതിഷേധത്തിനും ശേഷം സിപിഐഎമ്മിന്റെ സംസ്ഥാന നേതൃത്വം അദ്ദേഹത്തെ മൃദുവായിട്ടാണെങ്കിലും തള്ളികളഞ്ഞിട്ടുണ്ട്.

പക്ഷെ തന്റെ വാക്കുകളല്ല, മറിച്ച് വിവാദങ്ങള്‍ മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമാണ്‌ ഉണ്ടാക്കുന്നതെന്ന നിലപാടിലാണ് മണി. സാമൂഹ്യമാധ്യമങ്ങളില്‍ സിപിഐ എം നേതൃത്തിന്റെ നിലപാടുകളെ ന്യായികരിക്കുന്നവര്‍ ഇതുമായി ബന്ധപ്പെട്ട ഉയര്‍ത്തുന്ന വാദങ്ങളും സൂചിപ്പിക്കുന്നത്, മണിയുടെത് സി പിഐഎമ്മിന് അത്രയൊന്നും എതിര്‍പ്പില്ലാത്ത നിലപാടാണ് എന്നതാണ്.

മണിയുടെ പ്രസ്തവന വന്നത്, ഈ മാസം 22 നു മൂന്നാര്‍ ടൗണില്‍ സിപി ഐഎം വിട്ടു തിരികെ വന്ന ഗോമതിയെ സ്വീകരിച്ചു കൊണ്ട് പൊമ്പിളൈ ഒരുമൈ നടത്താനിരുന്ന അവകാശ പ്രഖ്യാപന സമ്മേളനം വിചിത്രമായ കാരണങ്ങള്‍ പറഞ്ഞ് പോലീസ് തടഞ്ഞതിന് ശേഷമാണ്

പൊമ്പിളൈ ഒരുമൈയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലിസി സണ്ണിയെ തിരിച്ചെടുത്തെങ്കില്‍ മാത്രമേ സമ്മേളനം നടത്താന്‍ അനുമതി നല്കു എന്ന് പൊലീസ് അറിയിച്ചതായും ഇവര്‍ പറയുന്നു.

അനധികൃത കയ്യേറ്റ ഭൂമി വിഷയത്തില്‍ മൂന്നാര്‍ ചര്‍ച്ചാവിഷയമാകുമ്പോള്‍, തോട്ടം ഭൂമിയുടെ പുനര്‍വിതരണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് മുന്നാറില്‍ പൊമ്പിളൈ ഒരുമൈ മുന്നേറ്റം നടത്താന്‍ പോകുന്ന അവകാശ പ്രഖ്യാപനം കേരളത്തിന്റെ തൊഴിലാളി സമരങ്ങളുടെ പരിചിതമായ മാനങ്ങള്‍ പൊളിച്ചെഴുതുന്ന പ്രസക്തമായ ചില ചോദ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. പൊമ്പിളൈ ഒരുമൈയുടെ ആഭ്യന്തര വിഷയങ്ങളില്‍ അടക്കം ഇടപെട്ട് അതിനെ തകര്‍ക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണമാണ് ഇതിന്റെ നേതാക്കള്‍ ഉയര്‍ത്തുന്നത്.

തോട്ടം മേഖലയിലെ വ്യവസ്ഥാപിത തൊഴിലാളി യൂണിയനുകള്‍ ഇന്ന് വരെ ഉന്നയിച്ചിട്ടില്ലാത്ത വിധത്തില്‍ ''ഓരോ തൊഴിലാളി കുടുംബത്തിനും ഒരേക്കര്‍ ഭൂമി'' എന്ന വിപ്ലവകരമായ അവകാശ പ്രഖ്യാപനം നടത്തുന്നത് മുന്നാറിലെ പൊമ്പളൈ ഒരുമൈ ആണ്.

കുടിയേറ്റ കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കും എന്ന് പിണറായി മന്ത്രിസഭ ഉറപ്പു നല്‍കുമ്പോള്‍ കുടിയേറ്റ കര്‍ഷകരല്ലാത്ത പന്ത്രണ്ടായിരത്തിലധികം തോട്ടം തൊഴിലാളികള്‍ ഭൂവുടമസ്ഥാവകാശത്തിനു അര്ഹതയുള്ളവരുടെ സര്‍ക്കാര്‍ പട്ടികയില്‍ എത്രത്തോളം ഉള്‍പെടുന്നുണ്ട്? 2009 ഇല്‍ പുറത്തിറങ്ങിയ പട്ടയ വിതരണ ലിസ്റ്റില്‍ ആശയ കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കുടിയേറ്റ കര്‍ഷകര്‍ എന്ന വിഭാഗത്തില്‍, സ്വന്തമായി ഭൂമി ഇല്ലാതെ കമ്പനിവക ലയങ്ങളില്‍ തലമുറകളായി താമസിക്കുന്ന തോട്ടം തൊഴിലാളി കുടുംബങ്ങളുടെ ഭൂപ്രശ്നം എങ്ങനെയാണു പരിഹരിക്കപ്പെടുന്നത്? കൊളോണിയല്‍ അധികാര ശ്രേണികള്‍ ഇന്നും നിലനില്‍ക്കുന്ന തോട്ടം മേഖലയില്‍ അധികാര ബന്ധങ്ങള്‍ കുറെ കൂടി സങ്കീര്‍ണമാണെന്നിരിക്കെ കുടിയേറ്റ കര്‍ഷകന്റെ ഭൂഅവകാശത്തെ മനസിലാക്കുന്ന അതെ സമവാക്യങ്ങള്‍ ഉപയോഗിച്ച് തോട്ടം ഭൂമിയുടെ പുനര്‍ വിതരണം എന്ന ആവശ്യത്തെ മനസിലാക്കാന്‍ സാധിക്കില്ല. വ്യവസ്ഥാപിത യുണിയനുകള്‍ക് ശമ്പളം, ബോണസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അപ്പുറം തോട്ടം തൊഴിലാളി സമരങ്ങളെ സങ്കല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, പൊമ്പിളൈ ഒരുമൈ തുടക്കം കുറിക്കുന്ന ഈ പോരാട്ടം രാഷ്ട്രീയമായി ഏറെ പ്രസക്തമാണ്.

പൊമ്പിളൈ ഒരുമൈ മുന്നേറ്റത്തിന്റെ നേതാക്കളിലൊരാളും കഴിഞ്ഞ ഒന്നര വര്‍ഷമായി സിപിഐമ്മില്‍ പ്രവര്‍ത്തിക്കുകയും പൊതുവേദികളില്‍ നിന്നുമാറിനില്‍ക്കുകയും ചെയ്തിരുന്ന ഗോമതി ജി. പൊമ്പിളൈ ഒരുമയെക്കുറിച്ചും തന്റെ ഭാവി സമര പരിപാടികളെക്കുറിച്ചും,രാഷ്ട്രീയാനുഭവങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

മുന്നാര്‍ സമരത്തിന് ശേഷം നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പൊമ്പിളൈ ഒരുമൈയുടെ ബാനറില്‍ നിന്നും ദേവികുളം ബ്ലോക്ക് പഞ്ചായത്തിലേക് ഗോമതി തിരഞ്ഞെടുക്കപെട്ടു, തുടര്‍ന്ന് നടന്ന വിജയാഘോഷ റാലിയില്‍ ആക്രമണമുണ്ടാകുകയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെലാം പൊമ്പിള്ളൈ ഒരുമയ്ക്കെതിരായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു

'തിരഞ്ഞെടുപ്പിന് ശേഷം നടന്ന വിജയാഘോഷയാത്ര തങ്ങളുടെ പുരയിടത്തില്‍ കയറി എന്നാരോപിച് സി ഐ ടി യു , എ ഐ റ്റി യു സി പ്രവര്‍ത്തകര്‍ റാലിക്കു നേരെ ആക്രമണമാണമഴിച്ചുവിടുകയായിരുന്നു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നു മാത്രമല്ല പിറ്റേന്നു കാലത്തു ഞാന്‍ ഉള്‍പ്പടെയുള്ള പൊമ്പിള്ളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കു എതിരെ എ ഐ ടി യു സി - സി ഐ ടീ യു സി പ്രവര്‍ത്തകര്‍ വ്യാജ ക്രിമിനല്‍ കേസുകള്‍ കൊടുക്കുകയും ചെയ്തു . പൊമ്പിള്ളൈ ഒരുമൈയില്‍ നിന്നും ഇടുക്കി ജില്ലാ പഞ്ചായത്തിലേക് മത്സരിച്ച മനോജിന് എതിരെ ലൈംഗികാക്രമണ കുറ്റവും എനിയ്ക്കെതിരെ പ്രേരണകുറ്റവുമാണ് ആരോപിച്ചത്. അവര്‍ ഞങ്ങളെ ആക്രമിക്കുകയും അതിനു ശേഷം ഞങ്ങള്‍ക്കെതിരെ തന്നെ കള്ളകേസ് കൊടുകുയും ആണ് ചെയ്തത്. വിജയാഘോഷ റാലിയില്‍ ഉടനീളം പോലീസുകാര്‍ ഉണ്ടായിരുന്നു. അവര്‍ ഞങ്ങള്‍ക്കെതിരെ ഉള്ള ആക്രമണത്തിനെല്ലാം സാക്ഷികളുമാണ്. ട്രേഡ് യൂണിയന്‍ നേതാക്കളില്‍ നിന്നുള്ള സമ്മര്‍ദം ഉണ്ടായിരുന്നതിനാലാകാം, യാതൊരു സഹായവും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. അന്ന് കൊടുത്ത കള്ള കേസ് സി പി എമ്മില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ പോലും പിന്‍വലിക്കാന്‍ സി ഐ ടി യു തയ്യാറായില്ല - എന്നാല്‍ സി പി എമ്മില്‍ ആയിരുന്നത് കൊണ്ട് തന്നെ കേസ് മുന്നോട്ടു കൊണ്ടുപോയതും ഇല്ല. ഇപ്പോള്‍ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ കേസിനു എന്ത് സംഭവിക്കും എന്ന് എനിക്കറിയില്ല - എനിയ്ക്കെതിരെ ഉപയോഗിക്കാന്‍ പറ്റിയ ഒരായുധമായി അതവരുടെ കയ്യിലുണ്ട്.' ഗോമതി പറയുന്നു.

തിരഞ്ഞെടുപ്പു വിജയത്തിന് ശേഷം മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച വാര്‍ത്തയായിരുന്നു പൊമ്പിള്ളൈ ഒരുമയ്ക്കുള്ളില്‍ ഉണ്ടായ പിളര്‍പ്പും മറ്റു തര്‍ക്കങ്ങളും. അധികാരം മാധ്യമ ശ്രദ്ധയും എങ്ങിനെ രാഷ്ട്രീയ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്നു തുടങ്ങിയ സ്ഥിരം വ്യാഖ്യാനങ്ങള്‍ക്കപ്പുറം പൊമ്പിള്ളൈ ഒരുമയ്ക്കുള്ളില്‍ സംഭവിച്ചത് എന്ത് എന്നന്വേഷിക്കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ മിനക്കെട്ടില്ലെന്നുവേണം ഗോമതിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

''തിരഞ്ഞെടുപ്പിനു ശേഷം സി ഐ ടി യു , എ ഐ ടി യു സി , എന്നീ യൂണിയനുകള്‍ നല്‍കിയ കള്ള കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടും എന്ന് ഭയന്നു വക്കീലിന്റെയും മറ്റു സഹപ്രവര്‍ത്തകരുടെയും ഉപദേശ പ്രകാരം ഞങ്ങള്‍ തമിഴ്നാട്ടിലെ ഉദുമല്പേട്ടയിലേക് ഒളിവില്‍ പോയിരുന്നു. ഈ കേസുകളില്‍ ജാമ്യം എടുക്കാന്‍ ഭൂനികുതി അടച്ച രശീത് ഹാജരാകേണ്ടതുണ്ടായിരുന്നു , സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ ജാമ്യം ലഭിക്കുന്നതിനു പ്രായോഗിക /നിയമ തടസങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ഇങ്ങനെ ഒളിവില്‍ പോകേണ്ടി വന്നത്.''

''ഈ സമയത്താണ് പൊമ്പിളൈ ഒരുമൈ സമരത്തില്‍ പങ്കെടുത്ത ലിസി സണ്ണി ഉള്‍പ്പെടെയുള്ള നിരവധിപേര്‍ എനിയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് .ഈ ആരോപണങ്ങളത്രയും ഞാന്‍ വാര്‍ത്ത മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടും ഞങ്ങള്‍ക്ക് ഒളിവില്‍ പോകേണ്ടി വന്ന സാഹചര്യങ്ങള്‍ വിശദമാക്കികൊണ്ടും മലയാളത്തിലെ പ്രമുഖ ചാനലുകളിലെല്ലാം ഞാന്‍ അഭിമുഖം നല്‍കിയിരുന്നു. പക്ഷെ അവയിലൊന്ന് പോലും പ്രസിദ്ധികരിക്കുണ്ടായില്ല.''

''മലയാള മാധ്യമങ്ങള്‍ക്കു മലയാളം സംസാരിക്കുന്ന തൊഴിലാളി സ്ത്രീയെ പൊമ്പിളൈ ഒരുമൈയെ പ്രതിനിധീകരിച്ചു സാസാരിക്കാന്‍ ആവശ്യമായിരുന്നു. മാത്രമല്ല , ഉമ്മന്‍ ചാണ്ടി സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ ഒരൊറ്റ സര്‍ക്കാര്‍ പ്രതിനിധി പോലും തമിഴ് ഭാഷ വശമുള്ളവരായിരുന്നില്ല, അങ്ങിനെയാണ് മാധ്യമങ്ങള്‍ക്കു മുന്നിലും സര്‍ക്കാരിനോടും നടത്തുന്ന ചര്‍ച്ചകളില്‍ സംസാരിക്കാന്‍ ലിസി സണ്ണി നിയോഗിക്കപ്പെടുന്നത് . പക്ഷെ ഞങ്ങള്‍ ഒളിവില്‍ പോയതിന് ശേഷം വന്ന വാര്‍ത്തകള്‍ മുഴുവനും ലിസി സണ്ണി എനിയ്ക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. മലയാള മാധ്യമങ്ങള്‍ക് മലയാളം സംസാരിക്കുന്ന നേതാവിന്റെ ആരോപണങ്ങള്‍ക്ക് മുന്‍ഗണന നല്കുവാനായിരുന്നിരിക്കണം താല്പര്യം ഞാന്‍ നല്‍കിയ വിശദീകരണങ്ങള്‍ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഒന്നും തന്നെ വന്നില്ല. മാധ്യമങ്ങള്‍ക്കു അവരുടേതായ താല്പര്യങ്ങള്‍ ഉണ്ട് പക്ഷെ ആ താല്പര്യങ്ങള്‍ക്കിടയില്‍ പെട്ട് പോയത് ഒരു വലിയ വിഭാഗം തമിഴ് സ്ത്രീകളുടെ പോരാട്ടങ്ങളാണ് .- പൊമ്പിളൈ ഒരുമൈയെ തകര്‍ക്കാന്‍ തീര്‍ച്ചയായും ഗൂഢലയോചനകള്‍ ഉണ്ടായിരുന്നു.

ഞാന്‍ പണം വാങ്ങി എഐഡിഎംകെയില്‍ ചേര്‍ന്നു എന്നായിരുന്നു എനിയ്ക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണങ്ങളില്‍ ഒന്ന് , മൂന്നാറിലെ പ്രത്യേക സാമൂഹിക സാഹചര്യത്തില്‍ തമിഴ് -മലയാളി വിഭാഗീയത സൃഷ്ടിക്കാന്‍ പോന്ന തരത്തില്‍ ഗുരുതരമായിരുന്നു ഈ ആരോപണം. യൂണിയന്‍ തുടങ്ങാനുള്ള ആലോചനകളുമായി എ ഐ ഡി എം കെ , ഞങ്ങളെ സമീപിച്ചിരുന്നു എന്നത് ശരിയാണ് പക്ഷെ മറ്റൊരു വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമാവുക എന്നത് ഞങ്ങളുടെ ഉദ്ദേശ്യമായിരുന്നില്ല. അങ്ങനെയങ്കില്‍ ഞങ്ങള്ക് മൂന്നാറിലെ ഏതെങ്കിലും ഒരു യൂണിയനില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.''

കേരളത്തില്‍ പൊതുവെ ഇതര സംസ്ഥാന തൊഴിലാളികളോട് കാണിയ്ക്കുന്ന വിവേചനത്തിന്റെ രൂക്ഷമായ അവസ്ഥയാണ് മൂന്നാറിലേത്. ഏറെ സൂക്ഷമായ അളവില്‍ വിവേചനം നിലനില്‍ക്കുന്ന ഇടമാണ് മൂന്നാര്‍.

'ഞങ്ങളുടെ കുട്ടികളില്‍ മിക്കവാറും പേരും ടൂറിസം മേഖലയിലെ തൊഴിലെടുക്കുന്നവരാണ് ,അവിടെ തന്നെ വിദ്യാഭ്യാസം ഉള്ളവരാണെങ്കിലും റൂം ബോയ്, സ്വീപ്പര്‍ പോലുള്ള താഴ്ന്ന ജോലികള്‍ മാത്രമേ തമിഴര്‍ക് നല്‍കാറുള്ളൂ' മുന്നാറിലെ വിവേചനങ്ങളെക്കുറി്ച്ച് ഗോമതി വിശദമാക്കി.

ഈ സമീപനങ്ങളെ സ്വാധീനിക്കുന്നതന്താണ് എന്ന ചോദ്യമാണ് ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഇത് മുന്നാറിലെ മാത്രം സവിശേഷതയായി കാണാനാവില്ല. അതിന് മലയാളിയുടെ ബോധത്തെ നിയന്ത്രിക്കുന്ന സവര്‍ണതയുടെ സ്വാധീനം വലുതാണ്. അധിശത്വത്തിനായി കക്ഷിരാഷ്ട്രീയവും ഈ സവര്‍ണ ബോധവും മാരകമായ പ്രഹരശേഷിയോടെ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഇതര സംസ്ഥാന തൊഴിലാളികളോട് മലയാളി സവര്‍ണ്ണ ബോധം കാണിയ്ക്കുന്ന വിവേചനത്തിന് സമാനമായ അവസ്ഥയാണ് മൂന്നാറിലെ തോട്ടം തൊഴിലാളികളും അനുഭവിക്കുന്നത്. തൊഴിലാളി സംഘടനകള്‍ക്കിടയില്‍ പൊമ്പിള്ളൈ ഒരുമയുടെ പ്രസക്തിയെയും അതിന്റെ രാഷ്ട്രീയ ശേഷിയേയും പ്രാവര്‍ത്തികതയെയും പറ്റി മുഖ്യധാരാരാഷ്ട്രീയക്കാരും ഒരു വിഭാഗം ബുദ്ധിജീവികളും പ്രകടിപ്പിച്ച സംശയങ്ങള്‍ ഈ വംശീയ അപരത്വത്തിന്റെ തുടര്‍ച്ചതന്നെയാണ്.

''എ ഐ ഡി എംകെയില്‍ ചേരുന്നതിനെ സംബന്ധിച്ച ആരോപണങ്ങള്‍ എന്റെ ഉദ്ദേശ്യശുദ്ധിയെ വരെ സംശയിക്കുന്ന നിലയില്‍ എത്തിയിരുന്നു. മൂന്നാറിലെ ഉടുമ്പന്‍ചോല പീരുമേട്, ദേവികുളം പ്രദേശങ്ങള്‍ കേരളത്തില്‍ നിന്നും വേര്‍പ്പെടുത്തി തമിഴ്നാട്ടില്‍ ചേര്‍ക്കുന്നതിനായുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഞാന്‍ എന്ന് വരെ ആരോപണങ്ങളുണ്ടായി. ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല , ഈ ഗൂഢാലോചനയുടെ ഭാഗമായി ഞാന്‍ ജയലളിതയുമായി ചര്‍ച്ച നടത്തി എന്നുവരെ ഇടുക്കി ഡി ജീ പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ആരോപണങ്ങള്‍ അതീവ ഗുരുതരമായിരുന്നു , എന്റെ ഭാഗം വിശദീകരിക്കുന്നതിനു എനിക്ക് അവസരങ്ങള്‍ ഉണ്ടായിരുന്നില്ല മാധ്യമങ്ങളൊന്നും തന്നെ എന്റെ ഭാഗം കേള്‍ക്കാന്‍ തയാറായിരുന്നില്ല . ഞാന്‍ ഒരു തമിഴ് പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല എന്നത് എനിക്ക് തെളിയിക്കേണ്ടിയിരിന്നു.''

സി പി ഐ എമ്മിലെ തന്റെ കാലം പലതും മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നു പറഞ്ഞു. ഒരു ഘട്ടത്തില്‍ പോലും എന്തെങ്കിലും തരത്തിലുള്ള പ്രതീക്ഷ ആ പാര്‍ട്ടി ഉണ്ടാക്കിയില്ലെന്നും ഗോമതി വിശദമാക്കുന്നു.

'ഞാന്‍ സി പി ഐ എം അംഗമായി ചേരുമ്പോള്‍ മുന്‍കാലങ്ങളിലെ പിഴവുകള്‍ തിരുത്താമെന്നും തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമരപരിപാടികളുമായി മുന്നോട്ടു പോകാമെന്നും അവര്‍ ഉറപ്പു നല്‍കിയിരുന്നു .പക്ഷെ ഓരോതവണയും പാര്‍ട്ടി യോഗങ്ങളില്‍ ഇത് സംബന്ധിച്ച വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവര്‍ അവഗണിക്കുകയോ പരിഗണിക്കാം എന്ന് ഉറപ്പു നല്‍കി ഒഴിവാക്കുകയോ ആണ് ചെയാറുള്ളത് . 'പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി സിപി എമ്മിലേക് ' എന്ന തലക്കെട്ടും അതിന്റെ പ്രശസ്തിയും മാത്രമേ മൂന്നാറിലെ സി പി ഐ എം ആഗ്രഹിച്ചിരുന്നുള്ളു തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങള്‍ അവരുടെ പദ്ധതിയിലെ ഇല്ലായിരുന്നു.''

സി പി എം നു ഉള്ളില്‍ നിന്ന് കൊണ്ട് ഞാനുള്‍പ്പെടുന്ന തോട്ടം തൊഴിലാളികള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്ന വിശ്വാസം എനിക്ക് നഷ്ട്ടപെട്ടിരിക്കുന്നു , വെറുതെ ഒരു പേരിനു( ഒരു സ്ത്രീ, തമിഴ്, തോട്ടം തൊഴിലാളി ) ടോക്കണ്‍ പാര്‍ട്ടി അംഗമായിരിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല . മുതിര്‍ന്ന സി പി എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മൂന്നാറില്‍ അനധികൃതമായി കയ്യേറിയ ഏക്കറുകണക്കിന് ഭൂമി സ്വന്തമായുണ്ട്. അവരില്‍ പലരും റ്റാറ്റാ കമ്പനിയില്‍ നിന്നും ബംഗ്ളാവുകളും ക്വാര്‍ട്ടേഴ്സുകളും സമ്മാനമായി വാങ്ങി കമ്പനിക് വേണ്ടി ഒത്താശ ചെയ്യുന്നവരാണ് അതൊരു തൊഴിലാളി പ്രസ്ഥാനമല്ലാതായിരിക്കുന്നു. തൊഴിലാളി എന്നത് ആ പ്രസ്ഥാനത്തിന്റെ പേരില്‍ മാത്രമേയുള്ളു അതിനാല്‍ ഒരുപാട് ചിന്തിച്ചുറപ്പിച്ചതിനു ശേഷമാണു ഞാന്‍ സി പി ഐ എം വിടാനുള്ള തീരുമാനം എടുക്കുന്നത് .'

''മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗം പേരും സ്വന്തമായി ഭൂമി ഇല്ലാത്തവരാണ്, ഏറെ കഷ്ടതയും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തതും ആയ ഈ ജോലി രാജിവെച്ചലോ ജോലിയില്‍ നിന്ന് വിരമിച്ചാലോ അവര്‍ക്കു കമ്പനി നല്‍കിയിരിക്കുന്ന കിടപ്പാടം നഷ്ടമാകും . മൂന്നാറിലുള്ള ഒരു തൊഴിലാളി സംഘടന പോലും ഭൂമി ഉടമസ്ഥത, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഉയര്‍ത്തി കൊണ്ട് സമരം ചെയ്തിട്ടില്ല , അവരെ സംബന്ധിച്ചിടത്തോളം ഇതെല്ലം കമ്പനിയോട് ചോദിക്കാവുന്നതിന്റെ പരിധിയ്ക്കപ്പുറത്താണ്.''

''ഇത്രെയേറെ ഭൂമി കൈവശം വച്ചിരിക്കുന്ന കമ്പനിയോട് ഭൂവുടമസ്ഥതയെ കുറിച്ചുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കാത്തതു ഇവിടുത്തെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പരാജയമാണ്' `മുഖ്യധാര തൊഴിലാളി യുണിയനുകള്‍ എങ്ങനെയാണ് മുന്നാറിലെ തൊഴിലാളികള്‍ക്ക് മുന്നില്‍ രാഷ്ട്രീയമായി അപ്രസക്തമാകുന്നതെന്ന് വിശദീകരിച്ചുകൊണ്ട് ഗോമതി പറഞ്ഞു.

''തോട്ടം തൊഴിലാളി കിടപ്പാടത്തിനു വേണ്ടി മാത്രമായി കുറഞ്ഞ കൂലിയ്ക്ക് മോശം സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിയ്ക്കപ്പെടുകയാണ് ആ യാഥാര്‍ഥ്യത്തോട് പലപ്പോഴും കണ്ണടച്ചുകൊണ്ടാണ് തൊഴിലാളി സംഘടനകളുടെ രാഷ്ട്രീയ ഇടപടലുകള്‍ മുഴുവനും നടക്കുന്നത്. ഭാവിയില്‍ മുഖ്യധാരാ തൊഴിലാളി സംഘടനകള്‍ക്കു ഉയര്‍ത്താന്‍ സാധിക്കാതിരുന്ന ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ത്തികൊണ്ട് വലിയ രാഷ്ട്രീയ പോരാട്ടങ്ങള്‍ ആരംഭിക്കുവാന്‍ ആണ് പൊമ്പിള്ളൈ ഒരുമൈ തീരുമാനിച്ചിരിക്കുന്നത് . മൂന്നാറിന്റെ മോചനം പൊമ്പിള്ളൈ ഒരുമയിലൂടെയായിരിക്കും. കഠിനാധ്വാനികളായ സ്ത്രീകളുടെ കൂട്ടമാണ് പൊമ്പിള്ളൈ ഒരുമൈ.

''തലമുറകളായി ഇവിടെ ജീവിക്കുന്ന ഞങ്ങളുടെ ഭൂമിക്കുമേലുള്ള അവകാശം പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ഉയര്‍ന്നുവരേണ്ടതായിരുന്നു എന്നാല്‍ ഇവിടുത്തെ തൊഴിലാളി സംഘടനകളാകട്ടെ കൂലിവര്ധനവ് / ബോണസ് തുടങ്ങ്യ വേതന വ്യവസ്ഥയെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള സമരങ്ങള്‍ അല്ലാതെ തോട്ടം തൊഴിലാളിയുടെ മറ്റു പ്രത്യേകാവസ്ഥ മനസിലാകുന്ന തരത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാതിരിക്കുകയോ അവയോടു കണ്ണടയ്ക്കുകയോ ആണ് ചെയ്തത്.''

അധികാര പാര്‍ട്ടികളുടെ അപഹാസ്യമായ പ്രസ്താവനകള്‍ ബോധ്യപ്പെടുത്തുന്നതും മറ്റൊന്നല്ല.

വിവര്‍ത്തനം : പ്രവീണ്‍ രാജേന്ദ്രന്‍