പി.യു. ചിത്രയുടെ കടമ്പ: ഉഷ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍  

July 26, 2017, 5:23 pm
പി.യു. ചിത്രയുടെ കടമ്പ: ഉഷ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍   
Spotlight
Spotlight
പി.യു. ചിത്രയുടെ കടമ്പ: ഉഷ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍   

പി.യു. ചിത്രയുടെ കടമ്പ: ഉഷ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍  

ഒടുവില്‍ സ്ഥിരീകരണമായി. പി.യു. ചിത്ര ലോക അത്‌ലറ്റിക്ക് മീറ്റിനുള്ള ദേശീയ ടീമില്‍ ഉണ്ടാകില്ല. കുറച്ചു നാളായി ചിത്ര മനസില്‍ കൊണ്ടുനടന്ന വലിയ സ്വപ്‌നം അങ്ങനെ തകര്‍ന്നു. അല്ലെങ്കില്‍ തകര്‍ത്തു. ഏഷ്യന്‍ അത്‌ലറ്റിക്ക് മീറ്റിലെ സ്വര്‍ണ ജേതാക്കളായ സുധാസിംഗ്, അജയകുമാര്‍ എന്നിവരും തഴയപ്പെട്ടവരില്‍ പെടും. ആകെ 24 താരങ്ങളാണ് ലണ്ടനില്‍ നടക്കുന്ന മീറ്റില്‍ പങ്കെടുക്കുക. 10 വനിതകളും 14 പുരുഷന്മാരും. ഈ 24പേരെ കൈകാര്യം ചെയ്യാന്‍ 13 ഒഫീഷ്യലുകളും വേഷം കെട്ടുന്നുണ്ട്. ഇവരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് അത്‌ലറ്റുകളെ തഴഞ്ഞതെന്ന വാദവും ശക്തമാണ്. സംസ്ഥാന മുഖ്യമന്ത്രയിയും കായികമന്ത്രിയും പാലക്കാട് എം.പി.യും വിഷയത്തില്‍ ശക്തമായി ഇടപെട്ടു. കേന്ദ്രകായിക മന്ത്രിയുടെ ശ്രദ്ധയിലും വിഷയം കൊണ്ടുവന്നു. ഒടുവില്‍ അധികൃതരുടെ സാങ്കേതിയ ന്യായങ്ങളില്‍ തട്ടി എല്ലാം വിഫലമായിരിക്കുന്നു.

അനീതി ഇവിടേയും നില്‍ക്കുന്നില്ല. പരിശീലന സംഘത്തില്‍ നിന്ന്് മലയാളിയായ പി.ബി.ജയകുമാറിനേയും തഴഞ്ഞു കൊണ്ട് അതിന്റെ വ്യാപ്തിയും ഗൗരവവും അധികൃതര്‍ വര്‍ധിപ്പിച്ചു. ടീമിലുള്ള മുഹമ്മദ് അനസ്, അനില്‍ഡാ തോമസ്, ആര്‍.അനു എന്നിവരുടെ പരിശീലകനായിരുന്നു ജയകുമാര്‍. സംഘത്തിലുള്‍പ്പെടാനുള്ള എല്ലാ യോഗ്യതയുമുണ്ടായിരുന്നു ജയകുമാറിന്. പക്ഷേ തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും കനിഞ്ഞില്ല. അതവിടെ നില്‍ക്കട്ടെ. ചിത്ര തഴയപ്പെട്ടത് എങ്ങനെ എന്നതാണ് ഇവിടെ പ്രസക്തം.

വിവാദം ജ്വലിച്ചു നില്‍ക്കെ അധികൃതരില്‍ പ്രധാനിയായ പി.ടി.ഉഷ രംഗത്തു വരുന്നു. വിവാദത്തിന്റെ ആദ്യനാള്‍ മൗനം പാലിച്ച ഉഷ രണ്ടാം നാള്‍ രംഗത്തുവന്നു. വിമര്‍ശനങ്ങളെല്ലാം പരോക്ഷമായെങ്കിലും തനിക്കു നേരേയാണെന്നു മനസിലാക്കിയിട്ടാണ് അവരുടെ രംഗപ്രവേശം.

അവര്‍ പ്രധാനമായും പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്. ഒന്ന് ചിത്രയെ തഴഞ്ഞതില്‍ തനിക്കു സങ്കടമുണ്ട്. രണ്ട്. മീറ്റില്‍ പങ്കെടുക്കുന്നതിന് രാജ്യാന്തര ഫെഡറേഷന്‍ നിച്ഛയിച്ചിട്ടുള്ള യോഗ്യാതാമാര്‍ക്കുകടക്കാത്തവരെ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. മൂന്ന്, താന്‍ സെലക്ഷന്‍ കമ്മറ്റിയില്‍ ഇല്ല. വെറും നിരീക്ഷകമാത്രമാണ്. ഡെറ്റോള്‍ ഉപയോഗിച്ചുള്ള നല്ലൊന്നാന്തം കൈകഴുകല്‍.

ഇതിലെ സാങ്കേതിക കാര്യം ആദ്യം പരിശോധിക്കാം. രാജ്യാന്തര ഫെഡറേഷന്‍ നിശ്ചിയിച്ചിട്ടുള്ള യോഗ്യതാ മാര്‍ക്ക് മറികടക്കുന്നവര്‍ക്കും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്കും ലോകമീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടാകുമെന്ന് കായികതാരങ്ങളേയും പരിശീലകരേയും അറിയിച്ചത് രാജ്യത്തെ അത്‌ലറ്റിക്ക് ഫെഡറേഷനാണ്. ഇതേ ഫെഡറേഷന്‍ തന്നെയാണ് പഴയവാക്ക് മറന്നു കൊണ്ട് ചിത്രയെ തഴഞ്ഞിരിക്കുന്നത്. അതേക്കുറിച്ച് ഉഷയ്ക്കു പക്ഷേ മിണ്ടാട്ടമില്ല. രാജ്യാന്തര ഫെഡറേഷന്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാര്‍ക്ക് നേടിയവരെ മാത്രമേ ലണ്ടനിലേക്ക് വിടുന്നുള്ളു എന്നാണ് തീരുമാനമെങ്കില്‍ ഉഷ പറഞ്ഞതിനോട് യോജിക്കാം. അപ്പോഴും ഉഷ മറ്റു രണ്ടു ചോദ്യങ്ങല്‍ക്ക് ഉത്തരം പറയേണ്ടിവരും. ഇപ്പോള്‍ ലണ്ടനിലേക്ക് പോകാന്‍ ഒരുങ്ങുന്ന റിലേ ടീമുകളേയും തമിഴ്‌നാട്ടുകാരനായ ജി.ലക്ഷ്മണിനേയും ടീമില്‍ ഉള്‍പ്പെടുത്തിയത് ഏത് മാനദണ്ഡപ്രകാരമായിരിക്കും. ഇവര്‍ക്ക് യോഗ്യത നേടിക്കൊടുത്തത് ഏഷ്യന്‍ മീറ്റിലെ സ്വര്‍ണനേട്ടം മാത്രമാണെന്നിരിക്കെ. അപ്പോള്‍ ഇവര്‍ക്കൊപ്പം തുല്യനേട്ടം കൈവരിച്ച ചിത്ര എങ്ങനെ തഴയപ്പെടും. ഇതൊക്കെ സ്വാധീനവും സ്വാര്‍ഥ താല്‍പര്യങ്ങളുമുള്ളവര്‍ വളച്ചൊടിക്കുന്ന ന്യായങ്ങളാണെന്നതില്‍ സംശയം ആര്‍ക്കുമില്ല. ഇവരുടെ സ്വാര്‍ഥതകളില്‍ കുടുങ്ങന്നത് ചിത്രയെപ്പോലുള്ള അത്‌ലറ്റുകളും.

ഒഫീഷ്യലുകളുടെ കൂട്ടത്തില്‍ നാലു മലയാളികളുണ്ട്. പി.ടി.ഉഷ (കോച്ച്), രാധാകൃഷ്ണന്‍നായര്‍ (ഡെപ്യൂട്ടി ചീഫ് കോച്ച്), അഞ്ജുബോബിജോര്‍ജ്ജ് (കോച്ച്-ഒബ്‌സര്‍വര്‍), ടോണിഡാനിയേല്‍ (ടീം മാനേജര്‍) എന്നിവര്‍. ഇവര്‍ കൈകാര്യം ചെയ്യുന്നത് ഏത് സ്ഥാനമാണെങ്കിലും വാദിക്കാന്‍ ഇവര്‍ക്കാകുമായിരുന്നു. താല്‍പര്യങ്ങള്‍ വേറെയാകുമ്പോള്‍ എങ്ങനെ വാദിക്കാന്‍.

ഇന്ത്യന്‍ ടീം ലണ്ടനില്‍ പൂജ്യരാകുമെന്നതില്‍ ആര്‍ക്കും സംശയമൊന്നുമില്ല. ഇവര്‍ മല്‍സരിക്കുന്ന ഇനങ്ങളില്‍ ഇവരോടൊപ്പം ഇറങ്ങുന്നവര്‍ എത്രയോ മുകളിലാണ്. അവരോടൊപ്പമെത്താന്‍ ഇപ്പോഴത്തെ നിലയില്‍ നൂറ്റാണ്ടുകള്‍ തന്നെയെടുത്തേക്കും. പക്ഷെ അതല്ല. അന്താരാഷ്ട്രമല്‍സര പരിചയം എന്നത് പ്രധാനമാണ്. അതിനുള്ള അവസരമാണ് ചിത്രയ്ക്ക് നിഷേധിക്കപ്പെട്ടത്. ചെറിയ പ്രായത്തിലുള്ള ചിത്രയ്ക്ക് അത് വലിയ അനുഗൃഹമാകുമായിരുന്നു. ഇന്ത്യന്‍ കായികരംഗത്തെ അവസാനവാക്കെന്നു നടിച്ച ആനുകൂല്യങ്ങള്‍ പറ്റുന്നവര്‍ക്കും അതിന്റെ സുഖത്തില്‍ പുളയുന്നവര്‍ക്കും ഈ കണ്ണീരിന്റെ ചൂടറിയാന്‍ കഴിയില്ല. ഇപ്പോള്‍ ആകാശത്തു പറക്കുന്ന ബലൂണുകള്‍ ഒരു ദിവസം പൊട്ടിത്തെറിക്കും എന്നുമാത്രം ഇപ്പോള്‍ പ്രതീക്ഷിക്കാം.