റിസർവ് ബാങ്കിന്റെ ആശങ്കകൾ കാണാതെ പോകരുത് 

October 5, 2017, 2:34 pm
റിസർവ് ബാങ്കിന്റെ ആശങ്കകൾ കാണാതെ പോകരുത് 
Spotlight
Spotlight
റിസർവ് ബാങ്കിന്റെ ആശങ്കകൾ കാണാതെ പോകരുത് 

റിസർവ് ബാങ്കിന്റെ ആശങ്കകൾ കാണാതെ പോകരുത് 

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ബുധനാഴ്ച റിസർവ് ബാങ്ക് പ്രഖ്യാപിച്ച ദ്വൈമാസ വായ്പ നയ അവലോകനത്തിൽ മുഖ്യ പലിശ നിരക്കുകളിൽ ഒരു മാറ്റവും വരുത്തിയില്ല. ഒന്നിനെതിരെ അഞ്ചു വോട്ടുകൾക്കാണ് സ്റ്റാറ്റസ്കോ തുടരാൻ മോനിറ്ററി പോളിസി കമ്മറ്റി [എം. പി. സി] തീരുമാനമെടുത്തത്. രവീന്ദ്ര ധലോക്കിയ എന്ന അംഗം മാത്രമാണ് പലിശ നിരക്കുകൾ കാൽ ശതമാനം കുറയ്ക്കണമെന്ന് വാദിച്ചത്. ഈ സാഹചര്യത്തിൽ റീപോ നിരക്ക് 6 ശതമാനമായും റിവേഴ്‌സ് റീപോ നിരക്ക് 5 .5 ശതമാനമായും തുടരും. ബാങ്കുകൾ തങ്ങളുടെ മൊത്തം നിക്ഷേപത്തിൽ നിന്നും സർക്കാർ ബോണ്ടുകളിലും സ്വർണ്ണത്തിൽ അധിഷ്ഠിതമായ നിക്ഷേപങ്ങളിലും നിർബന്ധമായും സൂക്ഷിക്കേണ്ട തോത് [സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ ] അര ശതമാനം കുറച്ചു 19 .5 ശതമാനമാക്കി. അതായതു, ഈ അര ശതമാനം കൂടി ബാങ്കുകൾക്ക് വായ്പാ ബിസിനെസ്സിൽ ഉപയോഗിക്കാൻ കഴിയുമെന്ന് സാരം.

വളരെ ശ്രദ്ധേയമായ ചില സൂചനകൾ നയം പ്രഖ്യാപിച്ചുകൊണ്ട് ആർ. ബി. ഐ ഗവർണർ ഉർജിത് പട്ടേൽ നടത്തുന്നുണ്ട്. പണപ്പെരുപ്പ നിരക്ക് ഒക്ടോബർ - മാർച്ച് കാലയളവിലേക്ക് ഉയർത്തി നിർത്തിയിരിക്കുന്നുവെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. നിരക്ക് 4 .2 ശതമാനത്തിനും 4 .6 ശതമാനത്തിനും ഇടയിലായിരിക്കുമെന്നാണ് സൂചന. ആർ. ബി. ഐ നേരത്തെ നടത്തിയ എസ്റ്റിമേറ്റ് അനുസരിച്ചു ഇത് നാലിനും നാലര ശതമാനത്തിനും ഇടയിലായിരുന്നു. ആഗസ്ത് മാസത്തിൽ ഇത് 3 .6 ശതമാനമായിരുന്നു. പൊതുവിൽ വിലക്കയറ്റം രൂക്ഷമാകുന്ന ഒരു സാഹചര്യമാണ് മുന്നിൽ കാണുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും പെട്രോൾ, ഡീസൽ, പാചക വാതകം തുടങ്ങിയ ഉത്പന്നങ്ങളുടെ വില അടിക്കടി വര്ധിപ്പിക്കുന്നതുമായി ഇത് ചേർത്ത് വായിക്കുമ്പോൾ പുതുക്കിയ പണപ്പെരുപ്പ നിരക്ക് അല്പം ആശങ്കക്ക് വഴി തുറക്കുന്നതാണ്.

രണ്ടു മാസത്തിനിടയിൽ പണപ്പെരുപ്പം 2 ശതമാനം ഉയർന്നതായി അദ്ദേഹം സമ്മതിക്കുമ്പോൾ തന്നെ ഇത് ചാഞ്ചാട്ട സ്വഭാവത്തോട് കൂടിയതാണെന്ന് ആശ്വസിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വിലക്കയറ്റം എല്ലാ സീമകളും ലംഘിച്ചു തുടർച്ചയായി മുന്നേറുകയാണ്. ഇതിനു സർക്കാർ വഴിമരുന്നിട്ടു കൊടുക്കുന്നുവെന്നതാണ് പ്രധാന പ്രശ്നം. ഡീസൽ, പെട്രോൾ വില ഓരോ രൂപ ഉയരുമ്പോഴും അതിനനുസരിച്ചു സർവ സാധനങ്ങൾക്കും വില ഉയരുകയാണ്. നമ്മുടെ നാട്ടിൽ അവശ്യ വസ്തുക്കൾ പൂഴ്ത്തി വച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് ഇന്ന് സാധാരണമാണ്. മഹാരാഷ്ട്രയിൽ സവാള ശേഖരിച്ചു വച്ച് മാർക്കറ്റിൽ കൃത്രിമ വിലക്കയറ്റം ഉണ്ടാക്കിയത് ഈയിടെ വലിയ വാർത്തയായിരുന്നു. ഇത്തരം ആളുകളുടെ കയ്യിൽ ജനങ്ങളെ വിശ്വസിപ്പിക്കാൻ കഴിയുന്ന ഒരു കാരണം സർക്കാർ നൽകുകയാണ് ഡീസൽ വില അടിക്കടി ഉയർത്തുന്നതിലൂടെ ചെയ്യുന്നത്. വിലക്കയറ്റത്തിന് സാധാരണയായി വ്യപാരികൾ പറയുന്ന ഏതാനും ന്യായങ്ങളാണ് ഡീസൽ വില വർധന, വെള്ളപ്പൊക്കം, വരൾച്ച, വരവ് കുറവാണ്, നികുതി കൂടി തുടങ്ങിയവ. ഇപ്പോൾ ഏറ്റവും പറ്റിയ കാരണം ഡീസൽ വിലയാണ്. മാർക്കറ്റിൽ വിലക്കയറ്റത്തെ ആളിക്കത്തിക്കുന്നതിനു സർക്കാർ ആവശ്യമായ ഓക്സിജൻ നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഭക്ഷ്യ വിലക്കയറ്റത്തെ ഏറെ ആശങ്കയോടെയാണ് റിസർവ് ബാങ്ക് കാണുന്നത്. ഖരീഫ് വിളവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കുറവാണെന്നത് കാണണമെന്നും വായ്പാ നയ അവലോകനത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഗ്രോസ് വാല്യൂ ആഡഡ് [ജി. വി. എ] ഗ്രോത്തിന്റെ കാര്യത്തിൽ പുതുക്കിയ എസ്റ്റിമേറ്റ് തളർച്ചയാണ് സൂചിപ്പിക്കുന്നത്. ഇത് നേരത്തെ എസ്റ്റിമേറ്റ് ചെയ്തിരുന്ന 7 .3 ശതമാനത്തിൽ നിന്നും 6 .7 ശതമാനമാക്കി കുറച്ചാണ് കണക്കാക്കിയിരിക്കുന്നത്. സർക്കാർ പറയുന്ന വമ്പൻ വളർച്ച സാദ്ധ്യതകൾ റിസർവ് ബാങ്ക് മുന്നോട്ട് വയ്ക്കുന്ന കാണക്കുകളുമായി പൊരുത്തപ്പെടുന്നതല്ലെന്നു സാരം. ജി.എസ് .ടി നടപ്പാക്കിയത് ഹൃസ്വകാലത്തേക്ക് സമ്പദ്ഘടനക്ക് ദോഷം ചെയ്തുവെന്നും വായ്പാനയ അവലോകനം നിരീക്ഷിക്കുന്നു. മാനുഫാക്റ്ററിങ് മേഖലയെ ഇത് ഏറെ ദോഷകരമായി ബാധിച്ചുവെന്നും വിലയിരുത്തലുണ്ട്. ഇത് പുതിയ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതാണ് ദീര്ഘകാലാടിസ്ഥാനത്തിൽ വൻ വളർച്ച സ്വപ്നം കാണുന്നവരോട് ചൂണ്ടികാണിക്കാനുള്ളത്. പുതിയ നിക്ഷേപങ്ങളെ, പ്രത്യേകിച്ച് സ്വകാര്യ മേഖലയിൽ, അകറ്റുന്ന സാമ്പത്തിക സാഹചര്യത്തിൽ എങ്ങനെയാണു ദീർഘകാലാടിസ്ഥാനത്തിൽ ഒരു വലിയ വളർച്ച സ്വപ്നം കാണാൻ കഴിയുക എന്നതാണ് ചോദ്യം. എന്നാൽ ഈയിടെ എടുത്ത ഘടനാപരമായ സാമ്പത്തിക പരിഷ്കരണങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ വളർച്ചയെ ഉത്തേജിപ്പിക്കുമെന്നാണ് ആർ. ബി. ഐ വിലയിരുത്തുന്നത്.

മറ്റൊരു വിഷയം ഉന്നയിക്കുന്നത് ധനകമ്മിയാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും മൊത്തം ധനകമ്മി ഇതിനകം 6 ശതമാനമായെന്നു ആർ. ബി. ഐ ചൂണ്ടികാണിക്കുന്നു. ഇത് സാമ്പത്തിക ഉത്തേജക നടപടികളുടെ സാധ്യതക്ക് വിലങ്ങ് തടിയാവുന്നു. 50,000 കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ പ്രധാന ന്യൂനതയാകുന്നത് ഇതാണ്. ഉത്തേജക നടപടികൾ സ്വാഭാവികമായി തന്നെ ധനകമ്മി ഉയർത്തും . കേന്ദ്ര ധനകമ്മി 3 .7 ശതമാനമായി ഉയരുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് 3 .4 ശതമാനമായി നിയന്ത്രിക്കാനാണ് കഴിഞ്ഞ ബഡ്ജറ്റ് ലക്ഷ്യമിട്ടിരുന്നത്. ഉത്തേജക പാക്കേജുകൾ ഇതിന്റെ താളം തെറ്റിക്കുമെന്ന് റിസേർവ് ബാങ്ക് വിലയിരുത്തുന്നു. അത്യന്തം സങ്കീർണമായ ഒരു മാക്രോ ഇക്കണോമിക് സാഹചര്യത്തിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഈ സാഹചര്യം ചില തെറ്റായ തീരുമാനങ്ങളുടെ ഉപോല്പന്നമാണെന്നതാണ് ശ്രദ്ധേയം. കറൻസി നിരോധനവും അനവസരത്തിൽ ജി. എസ് .ടി നടപ്പാക്കിയതുമാണ് ഈ തീരുമാനങ്ങൾ.

അതുകൊണ്ട് വലിയ വികസന സ്വപ്നങ്ങളെ കുറിച്ച വാചാടോപം നടത്തുന്നവർ റിസർവ് ബാങ്കിന്റെ റിപ്പോർട്ടിനോട് ഉള്ളു തുറന്ന സമീപനം എടുക്കണം. അതിലെ ആശങ്കകൾ വിലയിരുത്തണം. ഇത് ഏതെങ്കിലും പ്രതിപക്ഷ പാർട്ടികളുടെ വിമർശനമല്ല. വായ്പാനയ അവലോകന റിപ്പോർട്ട് സാധാരണക്കാർക്ക് എളുപ്പം മനസിലാക്ണമെന്നില്ല . എന്നാൽ വിലക്കയറ്റം, തൊഴിൽ നഷ്ടം, വരുമാനക്കുറവ് ഇവ അവരെ അസ്വസ്ഥരാക്കുന്നു. അതിനെ രാഷ്ട്രീയ ഗിമ്മിക്കുകൾ കൊണ്ട് എക്കാലവും ഒഴിവാക്കാം എന്ന് കരുതുന്നത് മൗഢ്യമായിരിക്കും.