സെന്‍കുമാറിന്റെ സംഘപരിവാര ഭാഷണം  

July 8, 2017, 8:53 pm
സെന്‍കുമാറിന്റെ സംഘപരിവാര ഭാഷണം  
Spotlight
Spotlight
സെന്‍കുമാറിന്റെ സംഘപരിവാര ഭാഷണം  

സെന്‍കുമാറിന്റെ സംഘപരിവാര ഭാഷണം  

'പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാന്‍ പ്രസംഗത്തില്‍ പറയുന്നതിന്റെ ക്ലിപ്പിങ് ഈയിടെ കണ്ടു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അങ്ങനെയുള്ള ആള്‍ക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കുകയും വേണം.' ടി പി സെന്‍്കുമാര്‍ സമകാലിക മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുന്നവര്‍ക്കെതിരെയല്ല, അതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നാണ് ഒരു മുന്‍ പൊലീസ് മേധാവി പറഞ്ഞുവെക്കുന്നത്. പശു രാഷ്ട്രീയത്തെ അധികാരമാക്കി മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആര്‍എസ്എസ് തന്നെയും പശുവിന്റെ പേരിലുള്ള കൊലകളെ വിമര്‍ശിക്കുമ്പോഴാണ് ക്രമസമാധാന പാലനത്തിന്റെ ചുമതല ഉണ്ടായിരുന്ന ഒരാളില്‍ നിന്ന് ഈ വാക്കുകളെന്ന് ഓര്‍ക്കണം. വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന സൂചന നല്കിയ അദ്ദേഹം തന്റെ രാഷ്ട്രീയമെന്തെന്ന് വ്യക്തമാക്കുന്നതാണ് അഭിമുഖത്തിലെ കടുത്ത വര്‍ഗീയ തീവ്രവാദികളെ പോലും ഞെട്ടിപ്പിക്കുന്ന അഭിപ്രായങ്ങള്‍.

'മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്ലിം സമുദായം ചോദിക്കും ആര്‍എസ്എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്നം. ഐഎസും ആര്‍എസ്എസ്സുമായി യാതൊരു താരതമ്യവുമില്ല..' എണ്ണമറ്റ വര്‍ഗീയ കലാപങ്ങളും കൂട്ടക്കൊലകളും നടത്തുകയും രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്തുന്ന സംഘടനയെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുള്ള ആര്‍എസ്എസിനെ ന്യായീകരിക്കുക മാത്രമല്ല കേരളത്തിലെ മുസ്ലിം സമുദായത്തെ ആകെ ഐഎസുമായി കൂട്ടിക്കെട്ടുകയാണ് ചെയ്യുന്നത്. കേരളത്തില് മുസ്ലിം സമുദായം മുഴുവന് ഐഎസുകാരായി മാറിക്കൊണ്ടിരിക്കുന്നുവെന്ന ആപത്ക്കരവും വിഷലിപ്തവുമായ പ്രസ്താവനയാണ് മുന്‍ പൊലീസ് മേധാവിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

ഇവിടെയും അവസാനിക്കുന്നില്ല വര്‍ഗീയ വിഷപ്രവാഹം. കേരളത്തില്‍ 'നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്ലിം കുട്ടികളാണ്. ജനസംഖ്യാ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ വരാന്‍ പോവുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കും' എന്ന ചോദ്യം കൂടി സെന്‍്കുമാര്‍ ഉന്നയിക്കുന്നു. ഗീബല്‍സിനെ വെല്ലുന്ന നുണയാണ് ആധികാരികമായ കണക്ക് എന്ന മട്ടില്‍ അവതരിപ്പിക്കുന്നത്.

കേരളത്തിലെ മുസ്ലിം സമുദായം റാഡിക്കലൈസേഷന് വിധേയമായിക്കൊണ്ടിരിക്കുയാണെന്നും അത് തടയാന് 512 പേരെ പ്രത്യേകം തെരഞ്ഞെടുത്ത് നിയോഗിച്ചിട്ടുണ്ട് എന്നുകൂടി അദ്ദേഹം വെളിപ്പെടുത്തുന്നു. ഐഎസിനെതിരെ കേരളത്തില്‍ പ്രചാരണങ്ങള്‍ നടത്തിയത് വ്യത്യസ്ത ധാരകളിലുള്ള മുസ്ലിം സംഘടനകള്‍ തന്നെയാണ് എന്നതെല്ലാം മറച്ചുവെച്ചുകൊണ്ട് ഒരു സമുദായത്തെയാകെ ഭീകര മുദ്ര ചാര്‍ത്തി ഒറ്റപ്പെടുത്താനാണ് ഇത്രയും കാലം കേരളത്തിലെ പൊലീസ് സേനയെ നയിച്ചുകൊണ്ടിരുന്നയാള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെയും തപസ്യയുടെയും വേദികള്‍ അലങ്കരിക്കുന്ന ഹമീദ് ചേന്നമംഗലൂരിനെ 'കേരളത്തിലെ മുസ്ലിം മതേതര മുഖമെന്ന് ധൈര്യമായി പറയാവുന്ന ഒരാള്‍' എന്ന് പറയുന്ന സെന്‍കുമാര്‍ എം എന്‍ കാരശേരിയെ പോലും വര്‍ഗീയ വാദിയുടെ ചാപ്പ കുത്തുകയാണ്. സംഘപരിവാറുകാര്‍ പോലും പറയാന്‍ മടിക്കുന്ന തീവ്ര വര്‍ഗീയ വര്‍ത്തമാനമാണിതെല്ലാം. കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ പ്രണയവും വിവാഹവും മത പരിവര്‍ത്തനവും നടക്കുന്നു എന്ന സംഘപരിവാര ആരോപണത്തെ ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ ഹൈക്കോടതി വിധിയിലൂടെ തന്നെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ 'ഒരു മതം മാത്രമാണ് ശരിയെന്ന് ആളുകളെ മനസിലാക്കിക്കൊടുക്കരുത്. അവര്‍ അവരുടെ ദൈവങ്ങളെ വിശ്വസിക്കട്ടെ. ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. കുറേയാളുകള്‍ അതിനു വേണ്ടി നടക്കുകയാണ്. ഇല്ലാത്ത കാര്യമല്ല. സ്നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു.' അങ്ങനെ കോടതി വിധി പാലിക്കേണ്ടിയിരുന്ന ഒരു പൊലീസ് ഓഫീസര്‍ തന്നെ നീതിന്യായ സംവിധാനത്തെ പോലും മാനിക്കാതെ വര്‍ഗീയ പ്രചാരകന്റെ വേഷം അണിയുന്നത് ഭയപ്പെടേണ്ട കാര്യമാണ്.

പൊതുവില്‍ സൗമ്യനെന്ന് കരുതപ്പെട്ടിരുന്ന സെന്‍കുമാറിനെ പോലെ ഒരു മുന്‍ ഓഫീസര്‍ ഇത്തരത്തില് പ്രത്യക്ഷ വര്‍ഗീയ പ്രചാരണം ഏറ്റെടുക്കുന്നത് യാദൃച്ഛികമാണെന്ന് കരുതാനാകില്ല. കലാഭവന്‍ മണിയെ ജാതീയമായി അവഹേളിക്കുന്നതിനെതിരെ പരസ്യ നിലപാടെടുത്ത പിന്നാക്ക സമുദായക്കാരനായ ഓഫീസറായിരുന്നു സെന്‍കുമാര്‍ എന്നതും ശ്രദ്ധേയമാണ്. അഴിമതി വിരുദ്ധനെന്ന പ്രതിഛായയും അദ്ദേഹത്തിനുണ്ട്.

ഇന്ത്യന് പൊലീസ് സേനയിലും സമൂഹത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ആഴമേറിയ തീവ്ര വര്‍ഗീയവല്‍ക്കരണത്തിന്റെ ലക്ഷണമായി തന്നെ ഇത് കാണേണ്ടിവരും. ഇന്ത്യന്‍ പൊലീസ് സേനയുടെ തുടക്കം മുതല്‍ തന്നെ വര്‍ഗീയമായ പശ്ചാത്തലമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന വര്‍ഗീയ കലാപങ്ങളില്‍ പൊലീസ് സേനയും മേധാവികളും മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കും എതിരെ സവര്‍ണ ഹിന്ദുത്വ കലാപകാരികളുടെ പക്ഷം ചേര്‍ന്നതായി നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഉത്തര്‍ പ്രദേശില്‍ പിഎസി എന്ന പൊലീസ് സേനാ വിഭാഗം നിരവധി കലാപങ്ങളില്‍ നേരിട്ട് പങ്കെടുത്തതിനെ സുപ്രീം കോടതി തന്നെ വിമര്‍ശിച്ചിരുന്നു. 2002ല്‍ നരേന്ദ്ര മോഡിയുടെ കാലത്ത് ഗുജറാത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന വംശഹത്യയക്ക് ഭരണകൂടത്തിന്റെയും പൊലീസില്‍ ഒരു വിഭാഗത്തിന്റെയും പിന്തുണയുണ്ടായിരുന്നുവെന്ന് പൊലീസ് ഓഫീസര്‍മാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളികളായിരുന്ന ഇസ്രത്ത് ജഹാനെയും പ്രാണേഷ് കുമാറിനെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായിരുന്നു. ഈ സംഭവത്തില്‍ ആരോപണ വിധേയനായിരുന്ന ആളാണ് ഇപ്പോള്‍ കേരളത്തിലെ പൊലീസ് മേധാവി എന്നതും ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

എങ്കില്‍ പോലും കേരളത്തിലെ പൊലീസ് സേന ഇത്തരം വര്‍ഗീയ ആരോപണങ്ങളില്‍ നിന്ന് ഒരു പരിധിവരെ മുക്തമായിരുന്നു. 25 വര്‍ഷം മുമ്പ് പാലക്കാട് പുതുപ്പള്ളി തെരുവില്‍ സിറാജുന്നിസ എന്ന 11 വയസുകാരിയെ പൊലീസ് വെടിവെച്ച് കൊന്നപ്പോളാണ് കേരളത്തിലെ പൊലീസ് സേനയെക്കുറിച്ച് സമാനമായ വിമര്‍ശം ഉയര്‍ന്നത്. അന്ന് ഈ വെടിവെപ്പിന് വയര്‍ലെസ് സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തുവെന്ന ആരോപിക്കപ്പെട്ട രമണ്‍ ശ്രീവാസ്തവയാണ് ഇപ്പോള്‍ ഇടതുപക്ഷ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേഷ്ടാവ്്. അങ്ങനെ സെന്‍കുമാറും ലോക്‌നാഥ് ബെഹറയും രമണ്‍ ശ്രീവാസ്തവയും നേതൃ സ്ഥാനത്തും ഉപദേഷ്ടാവ് സ്ഥാനത്തുമുള്ള ഒരു പൊലീസ് സേനാ വിഭാഗമാണ് കേരളത്തിലേത്.

സെന്‍കുമാറിന്റെ 'തുറന്നുപറച്ചിലുകള്‍' യാദൃച്ഛികവും ഒറ്റപ്പെട്ടതുമായി എഴുതിത്തള്ളാനാവില്ല. മറിച്ച് രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെന്ന പോലെ കേരളത്തിലെ പൊലീസ് സേനയും വര്‍ഗീയവല്ക്കരിക്കപ്പെടുകയാണെന്ന ആശങ്ക സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ ആരോപണങ്ങള്‍. സെന്‍കുമാര്‍ പോയതുകൊണ്ട് കേരള പൊലീസ് വര്‍ഗീയ മുക്തമെന്ന് കരുതാനുമാകില്ല.

കലാഭവന്‍ മണിയെ പിന്തുണച്ച ഒരു പിന്നാക്കക്കാരന് സംഘപരിവാര ഭാഷയില്‍ സംസാരിക്കുന്നതിന് മറ്റൊരു തലം കൂടിയുണ്ട്. കേരളീയ സമൂഹത്തിന്‍ ഹിന്ദുത്വ വര്‍ഗീയ വാദവും മുസ്ലിം വിരുദ്ധതയും ആഴത്തില്‍ വളരുകയാണെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പുകളിലും തെരുവുകളിലും സമുദായങ്ങളിലും കുടുംബങ്ങളിലും അതിന്റെ പ്രകടമായ സൂചനകളുണ്ട്. വെള്ളാപ്പള്ളി നടേശന്‍ മുതല്‍ സി കെ ജാനു വരെയുള്ള പിന്നാക്ക- കീഴാള നേതാക്കല്‍ ഈ ചങ്ങലയുടെ കണ്ണികളായി മാറിയിട്ടുണ്ട്. ലൗ ജിഹാദിനെക്കുറിച്ചും മുസ്ലിം ജനസംഖ്യയെയും അവരുടെ അനധികൃത സമ്പത്തിനെക്കുറിച്ചും ദുരാരോപണങ്ങള്‍ ഉന്നയിച്ചവരുടെ കൂട്ടത്തില്‍ പ്രമുഖനാണ് ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്തിരിക്കുന്ന വെള്ളപ്പള്ളി നടേശന്‍. സമാനമായ ആക്ഷേപ ശബ്ദമാണ് സെന്‍കുമാറില്‍ നിന്നും കേട്ടത്. പൊതുസമൂഹത്തെ ബാധിച്ചിരിക്കുന്ന ഹിന്ദുത്വ വര്‍ഗീയവല്ക്കരണത്തിന്റെയും ഔദ്യോഗിക ഭാഷ്യമാണ് അദ്ദേഹത്തില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഔദ്യോഗിക സംവിധാനങ്ങളെയും പൊതുസമൂഹത്തെയും ബാധിച്ചിരിക്കുന്ന രോഗത്തിന്റെ വിപല്ക്കരമായ ലക്ഷണങ്ങളാണ് സെന്‍്കുമാറിലൂടെ പുറത്തുവരുന്നത്. രോഗം കുറെക്കൂടി ആഴത്തിലുള്ളതാണ്.