തടവറയില്‍നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയാകട്ടെ

October 1, 2017, 1:54 pm
തടവറയില്‍നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയാകട്ടെ
Spotlight
Spotlight
തടവറയില്‍നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയാകട്ടെ

തടവറയില്‍നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയാകട്ടെ

നല്ല വാര്‍ത്തകള്‍ തുടര്‍ച്ചയായി കേള്‍ക്കുമ്പോള്‍ നന്മ പൂര്‍ണമായും  ഇല്ലാതായിട്ടില്ലെന്ന പ്രത്യാശ ഉണ്ടാകുന്നു. യെമനില്‍ ഒന്നര വര്‍ഷം അനിശ്ചിതമായ തടവില്‍ കഴിഞ്ഞതിനുശേഷം മോചിതനായി കേരളത്തിലെത്തിയ ഫാദര്‍ ടോം ഉഴുന്നാലില്‍ പ്രത്യാശയുടെ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. തന്നെ അന്യായമായി തടവിലാക്കിയവരെക്കുറിച്ച് ഫാദര്‍ ടോമിന് നല്ലതാണ് പറയാനുണ്ടായത്. സ്‌റ്റോക്‌ഹോം സിന്‍ഡ്രോം എന്ന് വ്യാഖ്യാനിച്ച് തള്ളിക്കളയേണ്ടതല്ല ഫാദര്‍ ടോം തന്നെ ബന്ധനത്തിലാക്കിയവരെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍. വത്തിക്കാന്റെ നയതന്ത്ര ഇടപെടലിന്റെ വിജയമാണ് ഫാദര്‍ ടോമിന്റെ മോചനം സാധ്യമാക്കിയത്. അല്‍ഫോന്‍സ് കണ്ണന്താനത്തിന് അതംഗീകരിക്കാന്‍ വിഷമമുള്ളതുകൊണ്ട് അദ്ദേഹം മോചനത്തിന്റെ ക്രെഡിറ്റ് മോദിയുടെ കണക്കിലെഴുതുന്നു.

ഫാദര്‍ ടോമിന്റെ കാര്യത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നല്ല നിലയില്‍ ഇടപെട്ടു എന്ന കാര്യം വിസ്മരിക്കാവുന്നതല്ല. പല തരത്തിലും തലത്തിലുമുള്ള ഇടപെടലുകള്‍ക്കൊടുവിലാണ് ഒരു കാര്യം സാധ്യമാകുന്നത്. ശ്രമിച്ചാല്‍ പലതും നടക്കുമെന്നതിന് മറ്റൊരു ഉദാഹരണമാണ് ഷാര്‍ജയിലെ ഷെയ്ഖില്‍ നിന്നുണ്ടായ സൗമനസ്യം. കാരുണ്യത്തോടെ കുറേ തടവുകാര്‍ മോചിതരായി. മോചനം അവര്‍ക്ക് പുതുജീവിതത്തിന്റെ തുടക്കമായി. അതിനുള്ള ക്രെഡിറ്റ് പൂര്‍ണമായും പിണറായി വിജയനുതന്നെ നല്‍കണം.

ഈ പരിശ്രമം തുടരണമെന്ന് സുഷമ സ്വരാജിനോട് പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ കുവൈത്തില്‍നിന്ന് കൂടുതല്‍ നല്ല വാര്‍ത്തയെത്തി. നാല് മലയാളികളടക്കം പതിനഞ്ച് ഇന്ത്യാക്കാരുടെ വധശിക്ഷ ജീവപര്യന്തം തടവായി ഇളവു ചെയ്തു. മറ്റ് 119 ഇന്ത്യാക്കാരുടെ ശിക്ഷയില്‍ ഇളവ് നല്‍കാനും തീരുമാനമായി. കുവൈത്തില്‍നിന്ന് നല്ല വാര്‍ത്ത ആകാമെങ്കില്‍ ദുബായിയില്‍നിന്നും അതാകാം. കേരളത്തിന്റെ സവിശേഷമായ ശ്രദ്ധയും ഇടപെടലും അര്‍ഹിക്കുന്ന ഒരു തടവുകാരന്‍ അവിടെയുണ്ട് അദ്ദേഹമാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. സാങ്കേതികമായ ഒരു സാമ്പത്തികക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന രാമചന്ദ്രന്റെ മോചനം സര്‍ക്കാര്‍ ഊര്‍ജിതമായി ശ്രമിച്ചാല്‍ സാധ്യമാകും. അദ്ദേഹം അതര്‍ഹിക്കുന്നു.

മുംബൈ ഭീകരാക്രമണക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അബ്ദുല്‍ വാഹിദ് ശൈഖ് എഴുതിയ ബെഗുണ കൈദി (നിരപരാധികളായ തടവുകാര്‍) എന്ന പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്യുന്നതിനുള്ള അവസരം എനിക്കുണ്ടായി. ഒന്‍പത് വര്‍ഷം നീണ്ട തന്റെ ജയില്‍വാസത്തെക്കുറിച്ചല്ല ശൈഖ് എഴുതുന്നത്. ആ കേസില്‍ നിരപരാധികളെന്ന് തനിക്ക് ബോധ്യമുള്ള പന്ത്രണ്ട് തടവുകാരെക്കുറിച്ചാണ് ശൈഖ് എഴുതുന്നത്. അവരുടെ മോചനമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ബോധ്യങ്ങള്‍ പരസ്യപ്പെടുത്താനുള്ളതാണ്. ആള്‍ക്കൂട്ടത്തിന്റെ ആക്രോശം ഭയന്ന് മൗനം പാലിക്കുന്നവര്‍ വലിയ തെറ്റാണ് ചെയ്യുന്നത്. ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണമെന്ന് ഞാന്‍ എഴുതിയതിന്റെ അര്‍ത്ഥം പലര്‍ക്കും മനസിലായില്ല. വലിയ തോതില്‍ അവര്‍ എന്നെ ഭര്‍ത്സിക്കുകയും നിന്ദിക്കുകയും ചെയ്തു. കിട്ടിയതിന്റെ ഉപകാരസ്മരണയോ കിട്ടാനിരിക്കുന്നതിന്റെ അച്ചാരമോ അല്ല നീതിക്കുവേണ്ടിയുള്ള ഇടപെടല്‍. തടവുകാരന്റെ നീതിയില്‍ ഉത്കണ്ഠയില്ലാത്തവര്‍ ഗുരുതരമായ പാപമാണ് ചെയ്യുന്നത്. രാമലീലയുടെ പ്രദര്‍ശനവിജയം അവര്‍ക്കുള്ള മറുപടിയായി കാണേണ്ടതില്ല. നീതിയുടെ ശബ്ദം ഒറ്റപ്പെട്ട ഇടങ്ങളില്‍നിന്നാണ് ഉണ്ടാകുന്നത്.