പുരസ്‌കാരങ്ങളുടെ ആകസ്മികത

October 8, 2017, 1:43 pm
പുരസ്‌കാരങ്ങളുടെ ആകസ്മികത
Spotlight
Spotlight
പുരസ്‌കാരങ്ങളുടെ ആകസ്മികത

പുരസ്‌കാരങ്ങളുടെ ആകസ്മികത

സാഹിത്യത്തിനും സമാധാനത്തിനുമുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ ലോകത്തിന്റെ സവിശേഷമായ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇതിനര്‍ത്ഥം ഇതര പുരസ്‌കാരങ്ങള്‍ക്ക് പ്രാധാന്യം ഇല്ലെന്നല്ല. സ്‌റ്റോക്‌ഹോമില്‍നിന്ന് സാഹിത്യത്തിനുള്ള നൊബേല്‍ കസുവോ ഇഷിഗോറയ്ക്ക് ലഭിച്ചപ്പോള്‍ ഓസ്‌ലോയില്‍നിന്ന് സമാധാനത്തിനുള്ള നൊബേല്‍ വിയന്നയില്‍ ആണവായുധ നിരോധന രാജ്യാന്തര ക്യാംപെയ്ന്‍ (ഐക്യാന്‍) എന്ന സംഘടനയ്ക്ക് ലഭിച്ചു. ഇഷിഗോറയും ഐക്യാനും നൊബേല്‍ സമ്മാനം ലഭിക്കത്തക്ക രീതിയില്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളവരല്ല. നൊബേല്‍ സമ്മാനങ്ങളിലെ അപ്രതീക്ഷിതത്വം പലപ്പോഴും വാര്‍ത്തയാകുന്നുണ്ട്. പ്രതീക്ഷിക്കപ്പെടുന്ന പലര്‍ക്കും സമ്മാനം ലഭിക്കാറുമില്ല.

ഗാന്ധിജിക്ക് സമാധാന പുസ്‌കാരം നല്‍കാതിരുന്നതിന്റെ പേരില്‍ നൊബേല്‍ സമിതി വലിയ തോതിലുള്ള പരിഹാസത്തിനും വിമര്‍ശത്തിനും വിധേയമായിട്ടുണ്ട്. 1937, 1938, 1939, 1947, 1948 എന്നീ വര്‍ഷങ്ങളില്‍ ഗാന്ധിജി നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. ഓരോ തവണയും നല്‍കാതിരിക്കാന്‍ കാരണമുണ്ടായി. വിഭജിക്കപ്പെട്ട ഇന്ത്യയെന്ന കലാപഭൂമിയിലേക്ക് 1947ല്‍ സമാധാന സമ്മാനം എത്തുമായിരുന്നില്ല. മരണാനന്തരം സമ്മാനം നല്‍കുന്ന പതിവില്ലാത്തതിനാല്‍ ഓസ്‌ലോയിലെ നൊബേല്‍ ഗാലറിയില്‍ ഗാന്ധിജിയുടെ ചിത്രം ഇല്ലാതെപോയി. ആ ഗാലറിയിലൂടെ വിശുദ്ധമായ മനസോടെ നടക്കുമ്പോള്‍ നമുക്ക് പരിചയമില്ലാത്ത നിവധി മുഖങ്ങള്‍ കാണാം. എന്നാല്‍ ഗാന്ധിജിയുടെ ചിത്രം ഉണ്ടായിരുന്നെങ്കില്‍ ആര്‍ക്കും അടിക്കുറിപ്പ് ആവശ്യമുണ്ടാകുമായിരുന്നില്ല.

സംഘടനകള്‍ക്ക് പലപ്പോഴും സമാധാന സമ്മാനം ലഭിച്ചിട്ടുണ്ട്. ആംനെസ്റ്റി, റെഡ് ക്രോസ് തുടങ്ങിയ സംഘടനകള്‍ എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ ഐക്യാന്‍ അപ്രകാരം ലോകത്തിന് പരിചിതമായ സംഘടനയല്ല. ആണവായുധങ്ങളില്‍നിന്ന് മുക്തമായ ലോകത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐക്യാന്‍. അമേരിക്കയും ഉത്തര കൊറിയയും ഉത്തരവാദിത്വമില്ലാത്ത ആണവ വീരവാദത്തിലേര്‍പ്പെടുമ്പോള്‍ ഐക്യാന്‍ തുടങ്ങിയ സംഘടനകളുടെ പ്രസക്തി വര്‍ദ്ധിക്കുന്നു. ആണവായുധങ്ങള്‍ സ്വന്തമാക്കുകയും അതിന്റെ ബലത്തില്‍ ലോകത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കുള്ള സന്ദേശമാണ് ഇക്കൊല്ലത്തെ നൊബേല്‍ സമ്മാനം. ഒറ്റപ്പെട്ട ശബ്ദം ദുര്‍ബലരുടേതല്ലെന്ന സന്ദേശവും ഇതിലുണ്ട്.

ജാപ്പനീസ് വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ. അദ്ദേഹത്തിന്റെ ദ റിമെയ്ന്‍സ് ഓഫ് ദ ഡേ (ദിനത്തിന്റെ ശേഷിപ്പ്) എന്ന ഇംഗ്‌ളിഷ് നോവലിനാണ് സാഹിത്യത്തിനുള്ള 6.93 കോടി രൂപയുടെ നൊബേല്‍ പുരസ്‌കാരം. ഇഷിഗുറോയെ ഞാന്‍ ഇതിനുമുമ്പ് കേട്ടിട്ടില്ല. അപരിചിതരെ പരിചിതരാക്കുകയെന്ന ദൗത്യവും നൊബേല്‍ സമിതിക്കുണ്ട്. അപ്രതീക്ഷിതത്വത്തിന്റെ ആകസ്മികതയും നൊബേല്‍ പുരസ്‌കാരങ്ങള്‍ക്കുണ്ട്. കഴിഞ്ഞ വര്‍ഷം ബോബ് ഡിലന് പുരസ്‌കാരം നല്‍കിയപ്പോള്‍ സാഹിത്യത്തിന് പുനര്‍നിര്‍വചനം നല്‍കുകയായിരുന്നു പുരസ്‌കാരസമിതി.