ആ ഡമോക്ലീസിന്റെ വാള്‍ ഹൈക്കോടതി അഴിച്ചുമാറ്റി 

August 23, 2017, 5:20 pm
ആ ഡമോക്ലീസിന്റെ വാള്‍ ഹൈക്കോടതി അഴിച്ചുമാറ്റി 
Spotlight
Spotlight
ആ ഡമോക്ലീസിന്റെ വാള്‍ ഹൈക്കോടതി അഴിച്ചുമാറ്റി 

ആ ഡമോക്ലീസിന്റെ വാള്‍ ഹൈക്കോടതി അഴിച്ചുമാറ്റി 

ചില കാര്യങ്ങള്‍ അവസാനിക്കേണ്ട നേരത്ത് അവസാനിക്കണം. കേരള രാഷ്ട്രീയത്തെ കലുഷമാക്കുകയും പിണറായി വിജയനെ വേട്ടയാടുകയും ചെയ്ത കേസാണ് ജസ്റ്റീസ് ഉബൈദിന്റെ വിധിയോടെ അവസാനിച്ചിരിക്കുന്നത്. അവസാനിച്ചുവെന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ല. ലാവ്‌ലിന്‍ കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണയാകാമെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. പിണറായി വിജയനെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ അപ്പീല്‍ പോകാനും സാധ്യതയുണ്ട്. കേന്ദ്രത്തിലെ യജമാനന്റെ ഇംഗിതത്തിന് സിബിഐക്ക് വഴങ്ങേണ്ടി വരും. അതെങ്ങനെയായാലും പിണറായി വിജയന് കളങ്കവും ആശങ്കയുമില്ലാതെ മുന്നോട്ടു പോകാം. തലയ്ക്കു മുകളില്‍ കുറേക്കാലമായി തൂങ്ങിക്കിടക്കുന്ന ഡമോക്‌ളീസിന്റെ വാള്‍ ഹൈക്കോടതി അഴിച്ചു മാറ്റിയതോടെ പിണറായി വിജയന് ലഭിക്കുന്ന സമാശ്വാസവും ആത്മവിശ്വാസവും ചെറുതല്ല. സമയമെടുത്ത് അവധാനതയോടെ എഴുതപ്പെട്ട വിധിയില്‍ മേല്‍ക്കോടതികളുടെ ഇടപെടലിനുള്ള സാധ്യത കുറവാണ്.

ലാവ്‌ലിന്‍ എന്ന കനേഡിയന്‍ കമ്പനിയെ കേരളത്തിലേക്ക് കൊണ്ടുവന്നത് പിണറായി വിജയനോ ഇ കെ നായനാരോ ആയിരുന്നില്ല. എ കെ ആന്റണി മുഖ്യമന്ത്രിയും ജി കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയും ആയിരുന്ന കാലത്താണ് അതുണ്ടായത്. അന്തിമ കരാര്‍ ഒപ്പിട്ടത് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തായിരുന്നു എന്നു മാത്രം. അക്കാലത്തെ അവസ്ഥ വിസ്മരിച്ചുകൊണ്ടാണ് പില്‍ക്കാലത്ത് പിണറായി വിജയനെതിരെ ആക്ഷേപമുണ്ടായത്. കേരളം സമ്പൂര്‍ണമായ ഇരുട്ടിലേക്ക് നീങ്ങിയ കാലമായിരുന്നു അത്. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് കേരളത്തെ കരകയറ്റിയത് പിണറായി എന്ന വൈദ്യുതി മന്ത്രിയായിരുന്നു. പ്രകാശത്തിലേക്കുള്ള വഴികാട്ടികള്‍ എന്നും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രൊമെത്യൂസിന്റെ കഥ താരതമ്യമില്ലാതെ വെറുതെ ഓര്‍ക്കാവുന്നതാണ്.

പിണറായി വിജയനെതിരെ അന്തസും അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് കോണ്‍ഗ്രസുകാര്‍ ഉന്നയിച്ചത്. കോഴപ്പണത്തിന്റെ കണക്ക് മുന്നൂറു കോടിയായും നാനൂറു കോടിയായും അവര്‍ ചാനല്‍ ചര്‍ച്ചകളില്‍ ഉയര്‍ത്തി. സിബിഐ കണ്ടെത്തിയ ക്രമക്കേട് 86.25 കോടി മാത്രമായിരുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിന് വാഗ്ദാനം ചെയ്യപ്പെട്ടതും കിട്ടാതെ പോയതുമായ പണമായിരുന്നു അത്. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനു പകരം അത് നേടിയെടുക്കാനുള്ള മാര്‍ഗത്തെക്കുറിച്ചായിരുന്നു പിന്നീട് വന്ന ആന്റണിയും ഉമ്മന്‍ ചാണ്ടിയും ആലോചിക്കേണ്ടിയിരുന്നത്. കരുത്തനായ പ്രതിയോഗിയെ വക വരുത്തുന്നതിന് ഉപശാലകളില്‍ കുത്സിതതന്ത്രങ്ങളാണ് മെനയപ്പെട്ടത്.

അതിജീവനത്തിന്റെ അപ്രതിരോധ്യമായ കരുത്തോടെയാണ് 2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായത്. ലാവ്‌ലിനില്‍ തട്ടി ഏതു സമയവും അദ്ദേഹം വീഴുമെന്ന് കരുതിയവര്‍ ഏറെ. സ്വന്തം പാര്‍ട്ടിയിലും അങ്ങനെ ദിവാസ്വപ്‌നത്തില്‍ കഴിഞ്ഞവരുണ്ട്. പക്ഷേ ഒന്നും സംഭവിച്ചില്ല. ആദ്യം ജനവിധിയും ഇപ്പോള്‍ കോടതിവിധിയും അദ്ദേഹത്തിന് അനുകൂലമായി. പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം അസ്ഥാനത്തായില്ല. ഇനിയുള്ള കാലം ഉറച്ച തീരുമാനങ്ങളുടേതായിരിക്കണം. പ്രതിബന്ധങ്ങളെ വകവയ്ക്കാത്ത പിണറായിയില്‍നിന്ന് കേരളം അത് പ്രതീക്ഷിക്കുന്നുണ്ട്. നിയമം നിയമത്തിന്റെ വഴിയിലൂടെ പോകുമ്പോള്‍ പിണറായിക്ക് സഞ്ചരിക്കാന്‍ സ്വന്തം വഴികള്‍ തുറന്നു കിട്ടിയിരിക്കുന്നു.