ഗിനിയാ ബിസാവു: കാല്‍പന്തില്‍ അതിജീവിക്കുന്ന ‘കറുത്ത’ അഗ്നി 

March 14, 2017, 10:44 am
ഗിനിയാ ബിസാവു: കാല്‍പന്തില്‍ അതിജീവിക്കുന്ന ‘കറുത്ത’ അഗ്നി 
Spotlight
Spotlight
ഗിനിയാ ബിസാവു: കാല്‍പന്തില്‍ അതിജീവിക്കുന്ന ‘കറുത്ത’ അഗ്നി 

ഗിനിയാ ബിസാവു: കാല്‍പന്തില്‍ അതിജീവിക്കുന്ന ‘കറുത്ത’ അഗ്നി 

ആഫ്രിക്കന്‍ ഫുട്‌ബോള്‍

യൂറോപ്യന്‍ രാജ്യങ്ങള്‍ ഏറ്റുമുട്ടുന്ന യൂറോകപ്പുപോലേയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മാറ്റുരയ്ക്കുുന്ന കോപ്പാ അമേരിക്കപോലേയും ഫുട്‌ബോള്‍ ലോകത്തിന്റെ ആകെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടിപ്പോള്‍ കാല്‍പ്പന്തിന്റെ ആധിപത്യത്തിനായി ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൊമ്പുകോര്‍ക്കുന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പും. യൂറോപ്യന്‍ ലീഗുകളിലേക്ക് ആഫ്രിക്കന്‍ താരങ്ങള്‍ വന്‍തോതില്‍ കടന്നുവരികയും ലോകകപ്പുപോലുള്ള ഉന്നതവേദികളില്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ വെല്ലുവിളിയാവുകയും ചെയ്തതോടെ നേഷന്‍സ് കപ്പിനും വന്‍ മാധ്യമ ശ്രദ്ധ ലഭിച്ചു തുടങ്ങി. അങ്ങനെ നേഷന്‍സ് കപ്പിനു വേണ്ടി നടക്കുന്ന യോഗ്യതാ മല്‍സരങ്ങളും ഫൈനല്‍ റൗണ്ടും താരോദയങ്ങളും ലോകഫുട്‌ബോളിലെ ആവേശം പകരുന്ന വാര്‍ത്തകളുമായി.

1957-ല്‍, സുഡാന്റെ തലസ്ഥാനമായ ഹാര്‍ട്ടോമിലാണ് ആദ്യ നേഷന്‍സ് കപ്പിന്റെ അരങ്ങേറ്റം. മൂന്നു വര്‍ഷവും കൂടി കഴിഞ്ഞ് 1960-ല്‍ ആണ് യൂറോകപ്പിന് ഫ്രാന്‍സില്‍ തുടക്കമാകുന്നത്. എന്നാല്‍ കോപ്പാ അമേരിക്ക 1916-ല്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. രണ്ടുവര്‍ഷത്തിലൊരിക്കലാണ് നേഷന്‍സ് കപ്പ് നടക്കുക. യൂറോ നാലുവര്‍ഷത്തിലൊരിക്കലും. കോപ്പയുടെ കാര്യം ഇപ്പോഴം അവ്യവസ്ഥിതമാണ്.

സുഡാന്‍, ഈജിപ്റ്റ്, എത്യോപ്യ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളായിരുന്നു ആദ്യ നാഷന്‍സ് കപ്പിലെ മല്‍സരാര്‍ഥികള്‍. ടീമില്‍ വെള്ളക്കാരേ മാത്രം ഉള്‍പ്പെടുത്തിയെന്ന കാരണത്താല്‍ ദക്ഷിണാഫ്രിക്ക അയോഗ്യരാക്കപ്പെട്ടു. ഫൈനലില്‍ എത്യോപ്യയെ പരാജയപ്പെടുത്തിയ ഈജിപ്റ്റ് ആദ്യ കിരീടാവകാശികളുമായി. 1997-വരെ ടീമുകളുടെ എണ്ണത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും 98-മുതല്‍ ഫൈനല്‍ റൗണ്ടില്‍ മല്‍സരിക്കുന്ന ടീമുകളുടെ എണ്ണം പതിനാറായി നിജപ്പെട്ടു.

ആശ്രിത രാജ്യങ്ങള്‍ ഉള്‍പ്പെടെ 56 രാജ്യങ്ങളാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുള്ളത്. 1957-ല്‍ സ്ഥാപിതമായ കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോളി (സി.എ.എഫ്) ലെ അംഗങ്ങളാണ് ഈ അമ്പത്താറു രാജ്യങ്ങളും. ഇത്രയും രാജ്യങ്ങള്‍, നോര്‍ത്ത് ആഫ്രിക്ക, വെസ്റ്റ് ആഫ്രിക്ക, സെന്‍ട്രല്‍ ആഫ്രിക്ക, ഈസ്റ്റ് ആഫ്രിക്ക, സതേണ്‍ ആഫ്രിക്ക എന്നിങ്ങനെ അഞ്ച് മേഖലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ മേഖലകളെ അടിസ്ഥാനമാക്കിയാണ് യോഗ്യതാ മല്‍സരങ്ങള്‍ നടക്കുക. 1957-മുതല്‍ 2017-വരെ മുപ്പത്തൊന്നു തവണ ടൂര്‍ണമെന്റ് അരങ്ങേറിക്കഴിഞ്ഞു. ആഫിക്കന്‍ ഫുട്‌ബോളിന് മാത്രമല്ല ജീവിതത്തിനും രാഷ്ട്രീയത്തിനും വ്യക്തമായ ദിശാബോധം നല്‍കുന്നതില്‍ നാഷന്‍സ് കപ്പ് വഹിക്കുുന്ന പങ്ക് നിസാരമല്ല.

ഈജിപ്റ്റ് ഏഴുതവണയും കാമറൂണ്‍ അഞ്ചുതവണയും ഘാന മൂന്നുതവണയും ഐവറികോസ്റ്റ്, കോംഗോ എന്നിവര്‍ രണ്ടുതവണവീതവും സാംബിയ, ടുണീഷ്യ, സുഡാന്‍, അള്‍ജീറിയ, മൊറാക്കോ, എത്യോപ്യ, ദക്ഷിണാഫിക്ക എന്നിവര്‍ ഓരോതവണവീതവും നേഷന്‍സ്‌കപ്പ് നേടിക്കഴിഞ്ഞു. മേഖല തിരിച്ചു നോക്കുമ്പോള്‍ നോര്‍ത്ത് ആഫിക്കയാണ് പത്തുകിരീടങ്ങളുമായി മുന്നില്‍. ഒമ്പതുകിരീടങ്ങളുമായി വെസ്റ്റ് ആഫ്രിക്ക തൊട്ടു പിന്നിലുണ്ട്. സെന്‍ട്രല്‍ ആഫിക്ക എട്ടുകിരീടങ്ങള്‍ നേടിയപ്പോള്‍ ഈസ്റ്റ് ആഫ്രിക്കയും സതേണ്‍ ആഫിക്കയും രണ്ടു കിരീടങ്ങള്‍ക്കുവീതം അവകാശികളായി. ഭൂഖണ്ഡത്തിന്റെ ഏതാണ്ട് എല്ലാമേഖലകളും കാല്‍പ്പന്തിന്റെ കാര്യത്തില്‍ സുശക്തമാണെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആഫ്രിക്കയില്‍ ആകെയുള്ള 56-രാജ്യങ്ങളില്‍ പതിനൊന്നും 2017-ഫെബ്രുവരിയില്‍ പുറത്തുവന്ന ഫിഫാറാങ്കിംഗില്‍ അന്‍പതിനുതാഴെ സ്ഥാനം നേടിയിട്ടുണ്ട്. ഇരുപത്തിമൂന്നാം സ്ഥാനത്തുള്ള ഈജിപ്റ്റാണ് ഏറ്റവും മുന്നില്‍. സെനഗല്‍, കാമറൂണ്‍, ടുണീഷ്യ, കോംഗോ, ബുര്‍ക്കിനാഫാസോ, നൈജീരിയ, ഘാന, ഐവറികോസ്റ്റ്, മൊറോക്കോ, അള്‍ജീരിയ എന്നിവര്‍ തൊട്ടുപിറകിലുണ്ട്. ഫിഫയുടെ 205 അംഗ റാങ്ക് പട്ടികയില്‍ 25 ആഫ്രക്കന്‍ രാജ്യങ്ങള്‍ നൂറിന് താഴേയാണെന്നും ഓര്‍ക്കാം. പട്ടികയില്‍ ഏറ്റവും ഒടുവിലുള്ളത് ആഫ്രിക്കന്‍ രാജ്യം തന്നെയായ സൊമാലിയയാണ്. ആ രാജ്യത്തെക്കുറിച്ച് അറിയാവുന്നവര്‍ക്ക് അതില്‍ വൈരുദ്ധ്യമൊന്നും തോന്നുകയുമില്ല.

ഇതില്‍ പതിനൊന്നു രാജ്യങ്ങള്‍ ഇതിനകം ലോകകപ്പും കളിച്ചു കഴിഞ്ഞു. കാമറൂണ്‍, നൈജീരിയ, അള്‍ജീരിയ, മൊറോക്കോ, ടുണീഷ്യ, ഐവറികോസ്റ്റ്, ഘാന, ദക്ഷിണാഫ്രിക്ക, ഈജിപ്റ്റ്, കോംഗോ, സെനഗല്‍, അംഗോള, ടോഗോ എന്നീ രാജ്യങ്ങള്‍. ഇതില്‍ ഏഴുതവണ കളിച്ച കാമറൂണും, മൂന്നുതവണകളിച്ച ഘാനയും ഒറ്റത്തവണമാത്രം കളിച്ചിട്ടുള്ള സെനഗലും ക്വാര്‍ട്ടര്‍ ഫൈനലിലും എത്തിയിട്ടുണ്ട്.

ഇത്രയും കൂടി അറിഞ്ഞാലേ ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ യഥാര്‍ഥ കരുത്തും പ്രഹരശേഷിയും എന്തെന്ന് പൂര്‍ണമായും ഉള്‍ക്കൊള്ളുവാനാകു. ലോകത്തെ ഏറ്റവും കൂടുതല്‍ഗ്ലാമറുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ തന്നെ ഇവിടെ സൂചകമായി സ്വീകരിക്കുന്നു. 1992-മുതല്‍ ഇതുവരെ 246 ആഫ്രിക്കന്‍ കളിക്കാര്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചു. ആകെയുള്ള കളിക്കാരുടെ 21 ശതമാനം വരുമിത്. ഇവര്‍ നേടിയ ഗോളുകളുടെ എണ്ണം 1,776. ആകെ ഗോളുകളുടെ പതിമ്മൂന്നു ശതമാനം. ഇപ്പോള്‍ ലോകമെമ്പാടുമായി 740 പേര്‍ കളിക്കുന്നുണ്ട്. ഇതില്‍ 42 പേര്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണെന്നത് ശ്രദ്ധേയമാണ്.

സ്വന്തം കളിമികവുകൊണ്ട് യൂറോപ്പിനെ എന്നല്ല ലോകത്തെയാകെ ഇളക്കിമറിച്ചവരാണ് കാമറൂണ്‍കാരായ റോജര്‍മില്ല, സാമവല്‍ എറ്റു, ലൈബീരിയന്‍താരം ജോര്‍ജ്ജ് വിയ, നൈജീരിയന്‍ താരമായ കാനു, ഐവറികോസ്റ്റ് താരങ്ങളായ ദിദിയര്‍ ദ്രോഗ്ബ, കോലാടൂറേ, യായാടൂറേ എന്നിവര്‍. ഇതില്‍ എ.സി.മിലാന്‍ സ്‌ട്രൈക്കറായിരുന്ന ജോര്‍ജ്ജ് വിയ 1995-ലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനും അര്‍ഹനായി. ഇതില്‍, മില്ല ഫ്രഞ്ച് ലീഗിലും ജോര്‍ജ്ജ് വിയ ഇറ്റാലിയന്‍ ലീഗിലും മറ്റുള്ളവര്‍ സ്പാനിഷ്-ഇംഗ്ലീഷ് ലീഗുകളിലുമാണ് തങ്ങളുടെ പ്രതിഭാവിലാസത്തെ ആഴത്തില്‍ രേഖപ്പെടുത്തിയത്.

ഇപ്പോള്‍ ബാഴ്‌സലോണയുടെ സെല്‍ട്രല്‍ ബാക്ക് പൊസിഷനില്‍ കളിക്കുന്ന ഇരുപത്തിമൂന്നുകാരനായ കാമറൂണ്‍താരം സാമുവല്‍ ഉംറ്റിറ്റിയും അജാക്‌സ് ആംസ്റ്റര്‍ഡാമിന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറും ഇരുപത്തിയൊന്നുകാരനുമായ ബുര്‍ക്കിനോഫാസോ താരം ബെര്‍ട്ടന്റ് ടറോറുമാണ് ആഫ്രിക്കയുടെ പുതിയ താരോദയങ്ങള്‍. ഇതില്‍ സാമുവല്‍ ഉംറ്റിറ്റി കാമറൂണ്‍കാരനാണെങ്കിലും ഫ്രഞ്ച് ദേശീയ ടീമിലാണ് കളിക്കുന്നത്. ഫ്രാന്‍സിന്റെ എല്ലാ ഏജ് ഗ്രൂപ്പിലുമായി 47 മല്‍സരങ്ങള്‍ കളിച്ചുകഴിഞ്ഞ ഉംറ്റിറ്റി ഫ്രഞ്ച് ദേശീയ ടീമിനായി കഴിഞ്ഞ യൂറോ കപ്പിലും കളിച്ചിരുന്നു. ടറോര്‍, ബുര്‍ക്കിനോഫാസോ സൃഷ്ടിച്ച എക്കാലത്തേയും മികച്ച കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്. പത്തൊമ്പതാം വയസില്‍ ചെല്‍സിയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ച ടറോര്‍ ഇപ്പോള്‍ ലോണ്‍ വ്യവസ്ഥയില്‍ അജാക്‌സിനുവേണ്ടിയാണ് കളിക്കുന്നത്.

കൊടിയ ദാരിദ്ര്യവും ഗോത്രപ്പോരുകളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പട്ടാള ഭരണവും ദുഷ്ടമായ കൊളോണിയല്‍ അവശിഷ്ടങ്ങളും പകര്‍ച്ചവ്യധികളും കൊണ്ട് പൊറുതുമുട്ടുന്നതാണ് ഭൂരിപക്ഷം ആഫ്രിക്കന്‍ രാജ്യങ്ങളും. വിദ്യാഭ്യാസ സൗകര്യങ്ങളും ആരോഗ്യപരിപാലന സംവിധാനങ്ങളും നാമമാത്രമെന്നു പറയാന്‍ പോലുമില്ല. അതുകൊണ്ടു തന്നെ തങ്ങള്‍ അകപ്പെട്ടതോ തങ്ങളെ അകപ്പെടുത്തിയതോ ആയ കുരുക്കുകളെ കുറഞ്ഞൊന്ന് നിര്‍ദ്ധാരണം ചെയ്യാന്‍ പോലും അവര്‍ക്ക് കഴിയുന്നുമില്ല. എങ്കിലും ജീവനെ സ്വന്തം കയ്യില്‍ മുറുകേ പിടിച്ച് കനല്‍പാതകള്‍ താണ്ടുമ്പോഴും അവര്‍ കാല്‍പ്പന്തിനെ നെഞ്ചോടുതന്നെ ചേര്‍ത്ത് പിടിച്ചിരിക്കുന്നു. ഇപ്പോഴവര്‍ക്ക് മോചനവും മോചകനും കാല്‍പ്പന്തു മാത്രം. ഓരോ കളി ജയിക്കുമ്പോഴും അവര്‍ തോല്‍പ്പിക്കുന്നത് യഥാര്‍ഥത്തില്‍ എതിര്‍ ടീമുകളെയല്ല. തങ്ങളെ മുച്ചൂടും മുടിച്ച് മുന്നേറുന്ന തങ്ങള്‍ക്കു തന്നെ പൂര്‍ണമായി തീര്‍പ്പാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റേതോ ശക്തിയേയാണ്. ഒരു പക്ഷേ ആഫിക്കന്‍ ജീവിതത്തിന്റെ അബോധത്തില്‍ അലിയാതേ കിടക്കുന്ന ഈ യാഥാര്‍ഥ്യമാകാം അവരുടെ കാല്‍പ്പന്തിന് ഉരുക്കു ധമനികളും ചുഴികളും മലരികളും സമ്മാനിക്കുന്നത്. ചുരുക്കത്തില്‍ അതിജീവനത്തിന്റെ മാന്ത്രിക ദണ്ഡാണ് അവര്‍ക്കിപ്പോള്‍ ഫുട്‌ബോള്‍.

യൂറോപ്പിലേപ്പോലേ പണം മഴപോലെ പെയ്യുന്ന ലീഗുകളോ ചിട്ടയായി കാല്‍പ്പന്തിന്റെ സൗന്ദര്യ ശാസ്ത്രം പഠിപ്പിക്കുന്ന അക്കാഡമികളോ അവര്‍ക്കില്ല. കണ്ണഞ്ചിക്കുന്ന മൈതാനങ്ങളും മറ്റു പശ്ചാത്തല സൗകര്യങ്ങളും അപൂര്‍വം. ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ കാല്‍പ്പന്തിന്റെ ഉന്നമനത്തിനായി ഉണ്ടാകുന്നുണ്ട്. ഫിഫയുടെ ചില പദ്ധതികളും അവരുടെ ശ്രദ്ധയും ഭൂഖണ്ഡത്തിനാകെ ലഭിക്കുന്നു. യൂറോപ്യന്‍ ലീഗുകളില്‍ കളിച്ച് തിരിച്ചെത്തിയവരുടെ ചില വ്യക്തിപരമായ സംരംഭങ്ങള്‍ ഫലം ചെയ്യുന്നുമുണ്ട്. ലൈബീരിയയില്‍ ജോര്‍ജ്ജ് വിയയും ഐവറികോസ്റ്റില്‍ ദ്രോഗ്ബയും നടത്തുന്ന ശ്രമങ്ങള്‍ ഉദാഹരണം. അല്ലാതെ യൂറോപ്പിലേപ്പോലേ ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളോ അതിനു വേണ്ടി മുടക്കാന്‍ പണമോ അവര്‍ക്കില്ല. ആകെ ഒരാശ്വാസം മികച്ച കളിക്കാര്‍ക്ക് പഴയ കൊളോണിയല്‍ യജമാനന്മാരുടെ നാട്ടില്‍ ലഭിക്കുന്ന സ്വീകാര്യതയാണ്. ഇക്കാര്യത്തില്‍ ഫ്രാന്‍സാണ് മുന്നില്‍. റോജര്‍ മില്ലയും ദ്രോഗ്ബയും ഇപ്പോള്‍ സാമുവല്‍ ഉംറ്റിറ്റിയും മറ്റും മികച്ച കളിക്കാരായത് ഫ്രാന്‍സിന്റെ സഹായത്തോടെയാണെന്ന് പറയാം. ഈ രീതിയില്‍ ബ്രിട്ടനിലേക്കും സ്‌പെയിനിലേക്കും ചില വാതിലുകള്‍ തുറന്നുകിട്ടിയിട്ടുണ്ട്. ഇപ്പറഞ്ഞ രാജ്യങ്ങളിലെ അക്കാഡമികളില്‍ ആഫ്രിക്കന്‍ കുട്ടികളുടെ എണ്ണവും ഗണ്യമാണ്. തങ്ങള്‍ക്കു പറ്റിയ കരുക്കളെ തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വാര്‍ത്തെടുക്കുക എന്നൊരു സ്വാര്‍ഥത അതിനു പിന്നിലുണ്ടെന്ന് ആരോപിക്കാമെങ്കിലും അതിന്റെ ഫലം ഭൂഖണ്ഡത്തിലെ ഫുട്‌ബോളിന് പൊതുവേ ഗുണകരമായിട്ടുണ്ടെന്നു സമ്മതിക്കണം.

എങ്കിലും, നിരുപാധികമായ ഈ ആശ്രിതത്വം ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ മൗലികതയെ തകര്‍ക്കുന്നു എന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഫുട്‌ബോള്‍ നിരൂപകന്മാര്‍ ഈ നിരീക്ഷണത്തിന് അടിവരയുമിടുന്നു. ക്രൂരവും അപാരവുമായ പ്രതിബന്ധങ്ങളെ അതിജീവിച്ചു നേടിയ ശാരീരിക ശേഷിയേയും മനക്കരുത്തിനേയും യൂറോപ്യന്‍ അക്കാഡമികള്‍ തങ്ങള്‍ ഭാവനയില്‍ കാണുന്ന കറതീര്‍ന്ന ഉല്‍പ്പന്നങ്ങളുടെ അസംസ്‌കൃത വസ്തുക്കളായി മാത്രം ഗണിക്കുന്നു എന്നാണ് അവരുടെ പരാതി. തല്‍ക്കാലം പരിഹാരമൊന്നുമില്ലെങ്കിലും ഈ പരാതിയില്‍ കഴമ്പുണ്ടെന്നു സമ്മതിച്ചേതീരു.

ഈ അപകടം ആദ്യം പിണഞ്ഞത് ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനായിരുന്നു. അതവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുമുണ്ട്. ആ വഴിയിലേക്ക് വരാന്‍ ആഫ്രിക്കന്‍ ഫുട്‌ബോള്‍ അല്‍പസമയം കൂടി എടുത്തേക്കും. വൈകിയാലും അവര്‍, അവരുടെ ഫുട്‌ബോള്‍ സ്വത്വത്തെ വീണ്ടെടുക്കുകതന്നെ ചെയ്യും.

ആഫ്രിക്കന്‍ നേഷന്‍ കപ്പ്

ഈ അടുത്ത ദിവസങ്ങളിലാണ് മുപ്പത്തൊന്നാമത് നേഷന്‍സ് കപ്പിന് മധ്യാഫ്രിക്കന്‍ രാജ്യമായ ഗാബണില്‍ തിരശീല വീണത്. 57-ല്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ അറുപതാം വാര്‍ഷികം കൂടിയായിരുന്നു അത്. 51 രാജ്യങ്ങളാണ് ഇക്കുറി യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുത്തത്. ഇതില്‍ ആതിഥേയരായ ഗാബണ്‍, മൊറോക്കോ, അള്‍ജീറിയ, കാമറൂണ്‍, സെനഗല്‍, ഈജിപ്റ്റ്, ഘാന, ഗുനിയാ-ബിസാവു, സിംബാവേ, മാലി, ഐവറികോസ്റ്റ്, ബുര്‍ക്കിനോഫാസോ, ടുണീഷ്യ, കോംഗോ, ടോഗോ എന്നിവര്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. ഇതില്‍ ഫിഫാ റാങ്കിംഗില്‍ എണ്‍പതാമതുള്ള ഗുനിയാ-ബിസാവു ചരിത്രത്തില്‍ ആദ്യമായാണ് നാഷന്‍സ് കപ്പിലേക്ക് യോഗ്യത നേടുന്നത്. മറ്റുരാജ്യങ്ങള്‍ പലതവണ പങ്കാളികളായിട്ടുണ്ട്. മൂന്നു തവണ കപ്പുനേടിയിട്ടുള്ള നൈജീരിയ്ക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. ഒരു തവണ കിരീടം നേടിയ ഐവറി കോസ്റ്റ് ആദ്യ റൗണ്ടില്‍ പുറത്താവുകയും ചെയ്തു

ബുര്‍ക്കിനോഫാസോ, ഈജിപ്റ്റ്, കാമറൂണ്‍, ഘാന എന്നീ രാജ്യങ്ങള്‍ സെമീഫൈനലെത്തി. സെമിയില്‍, ബുര്‍ക്കിനോഫാസോയെ ടൈബ്രേക്കറില്‍ 4-3-ന് പരാജയപ്പെടുത്തിയ ഈജിപ്റ്റും ഘാനയെ 2-0-ത്തിന് പരാജയപ്പെടുത്തിയ കാമറൂണും ഫൈനലില്‍ കടന്നു. ഫൈനലില്‍ ഈജിപ്റ്റിനെ 2-1-ന് തോല്‍പ്പിച്ച കാമറൂണായിരുന്നു ജേതാക്കള്‍. ഘാനയെ 1-0-ത്തിന് പരാജയപ്പെടുത്തിയ ബുര്‍ക്കിനോഫാസോ മൂന്നാം സ്ഥാനത്തുവന്നു.

32 മല്‍സരങ്ങളിലായി 66 ഗോളുകള്‍ വീണ ടൂര്‍ണമെന്റില്‍ കോംഗോതാരവും കസാക്കിസ്ഥാന്‍ ക്ലബ്ബായ ആസ്റ്റിനാ എഫ്.സി യുടെ സ്‌ട്രൈക്കറുമായ ജൂനിയര്‍ കബസാംഗയായിരുന്നു ടോപ്‌സ്‌കോറര്‍. ക്വാര്‍ട്ടറില്‍ ഘാനയോട് 2-1-ന് തോറ്റു പുറത്തുപോയ കോംഗോയ്ക്കായി മൂന്നു ഗോളുകളാണ് കബസാംഗ സ്‌കോര്‍ചെയ്തത്. ചാമ്പ്യന്മാരായ കാമറൂണിന്റെ 21-കാരനായ ക്രിസ്റ്റ്യന്‍ ബാസോഗോഗ് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ചൈനീസ് സൂപ്പര്‍ ലീഗിലെ ഹെനര്‍ ജിയാനി എഫ്.സിയുടെ വിംഗറാണിപ്പോള്‍ ബാസോഗോഗ്.

ഗിനിയാ-ബിസാവുവും ബുര്‍ക്കിനോഫാസോയും

കാമറൂണിന്റെ കിരീടധാരണമോ, ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായ ഈജിപ്റ്റിന് ഫൈനലിലേറ്റ പരാജയമോ, ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യതനേടാന്‍ കഴിയാതെ പോയ നൈജീരിയയുടെ പതനമോ അല്ല ഈ നേഷന്‍സ് കപ്പിനെ ശ്രദ്ധേയമാക്കുന്നത്. ബുര്‍ക്കിനോഫാസോ എന്ന ദരിദ്ര രാജ്യത്തിന്റെ മൂന്നാം സ്ഥാനവും പട്ടിണിപ്പാവങ്ങളുടെ നാടെന്നും അടിമകളുടെ തീരമെന്നും വിശേഷിപ്പിക്കപ്പെടുന്ന ഗിനിയാ-ബിസാവുവിന്റെ രംഗപ്രവേശവുമാണ്. ഭൂഖണ്ഡത്തിലെ പരമ്പരാഗത ശക്തികളെ വെല്ലുവിളിക്കാന്‍ ഈ രണ്ടുരാജ്യങ്ങളും കാട്ടിയ കരുത്ത് ആഫ്രിക്കന്‍ ഫുട്‌ബോളിന് പുതിയ ദിശാബോധവും ചങ്കുറപ്പും നല്‍കും. ഒപ്പം യൂറോപ്പിനെ ചുറ്റിക്കറങ്ങുന്ന ലോകഫുട്‌ബോളിന് കരുത്തുറ്റ താക്കീതുമാകും. ഈ രണ്ടു രാജ്യങ്ങളേയും അടുത്തറിഞ്ഞാലേ അവരുടെ നേട്ടത്തിന്റെ യഥാര്‍ഥ കരുത്ത് മനസിലാക്കുവാനാകു.

ഗിനിയാ-ബിസാവു

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു കൊച്ചു രാജ്യമാണ് ഗിനിയാ-ബിസാവു. ജനസംഖ്യ കഷ്ടിച്ച് 17 ലക്ഷം. വടക്ക് സെനഗലും പടിഞ്ഞാറ് അറ്റ്‌ലാന്റിക്ക് സമുദ്രവുമാണ് അതിരുകള്‍. നേരത്തെ ഈ രാജ്യം ഗാബുവിന്റേയും മാലിയുടേയും ഭാഗമായിരുന്നു. പതിനാറാം നൂറ്റാണ്ടുമുതല്‍ പോര്‍ച്ചുഗീസുകാരുടെ കീഴിലായി. 1974 സെപ്തംബര്‍ പത്തിന് അവരുടെ വാഴ്ച അവസാനിച്ചു. എന്നാല്‍, സ്വാതന്ത്ര്യം കിട്ടി നാലുപതിറ്റാണ്ട് കഴിഞ്ഞിട്ടും ഒരു സ്വതന്ത്രരാജ്യത്തിന്റേതായ ഇച്ഛാശക്തിയോ കരുത്തോ ആര്‍ജ്ജിക്കാന്‍ രാജ്യത്തിനായിട്ടില്ല. അടിമകളുടെ തീരം എന്നൊരു വിശേഷണം കൂടി ചരിത്രം ഗിനിയാ ബിസാവുവിന് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കലാപങ്ങളും ആഭ്യന്തര യുദ്ധങ്ങളും പകര്‍ച്ച വ്യധികളും കൊണ്ട് വലയുകയാണിപ്പാഴും ഈ രാജ്യം. സ്വതന്ത്ര്യലബ്ധിക്കു ശേഷം ഒരു ഭരണകൂടവും ഇവിടെ കലാവധി തികച്ചിട്ടുമില്ല.

പ്രതിശീര്‍ഷവരുമാനത്തിലും മറ്റു സാമൂഹിക-സാമ്പത്തിക സൂചകങ്ങളിലും ഗിനിയാ-ബിസാവു ഭൂമിയില്‍ തന്നെ ഏറ്റവും താഴെയാണെന്നു കാണാം. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഒരു ലക്ഷം പേര്‍ക്ക് കേവലം അഞ്ചു ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. പ്രസവാനന്തരമുള്ള അമ്മമാരുടേയും നവജാത ശിശുക്കളുടേയും മരണ സംഖ്യ ആരേയും ഞെട്ടിക്കും. ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും ദാരിദ്ര്യ രേഖയ്ക്ക് താഴേയുമാണ്. ഇവിടെ, പുരുഷന്മാരുടെ ആയുര്‍ ദൈര്‍ഘ്യം നാല്‍പ്പത്തിയേഴും സ്ത്രീകളുടേത് നാല്‍പ്പത്തിയൊമ്പതുമാണെന്നറിയുമ്പോള്‍ മറ്റുകാര്യങ്ങള്‍ ഊഹിക്കാവുന്നതേയുള്ളു. ഈ ദുരിതങ്ങള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ മാസ്മരവലയവും ശക്തി പ്രാപിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മയക്കുമരുന്നുകളുടെ ആഗോള വിപണന കേന്ദ്രമായി രാജ്യം മാറിയിട്ടുണ്ടിപ്പോള്‍.

ഗോത്രപ്പോരുകള്‍ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേപ്പോലെ സര്‍വ സാധാരണമാണ് ഗിനിയാ-ബിസാവുവിലും. സ്വന്തം ചോര സ്വയം കുത്തിയൊഴുക്കുന്ന കാടത്തത്തിന്റെ ലഹരി. ബുദ്ധിയുടേയും യുക്തിയുടേയും പ്രതലത്തില്‍ വച്ച് അതിന്റെ ന്യായാന്യായങ്ങള്‍ വ്യവച്ഛേദിക്കുവാനുള്ള വിവേകത്തിലേക്ക് ഉയരാന്‍ അവര്‍ക്കാകുന്നില്ല. ഇതിനിടയിലേക്കാണ് പട്ടാള അട്ടിമറികളുടേയും അതിന്റെ വെറികളുടേയും കുത്തൊഴുക്ക്. സ്വയം നിപതിച്ച നരകത്തിന്റെ ആഴം മനസിലാക്കുവാനോ പ്രതിരോധിക്കുവാനോ ഉള്ള ശേഷി അവര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. അതിന് ശേഷിയുള്ള നല്ല നേതൃത്വങ്ങളോ അതിലേക്കുണര്‍ത്തുന്ന വിദ്യാഭ്യാസമോ അവര്‍ക്കിപ്പോഴും അന്യമാണ്.

എയ്ഡ്‌സ്, മലേറിയ, കോളറ എന്നിവ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയായിട്ടുണ്ട്. ഏഴുമുതല്‍ പതിമ്മൂന്നു വയസുവരെ വിദ്യാഭ്യാസം നിര്‍ബന്ധമായതിനാല്‍ സാക്ഷരതയുടെ കാര്യത്തില്‍ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് അല്‍പം ഭേദമാണ് ഗിനിയാ-ബിസാവു. 55.3 ആണ് രാജ്യത്തിലെ പൊതുസാക്ഷരത. 68.9 ശതമാനം പുരുഷന്മാരും 42.1 ശതമാനം സത്രീകളും സാക്ഷരരാണ്. പോര്‍ച്ചുഗീസാണ് രാജ്യത്തിന്റെ ഔദ്യോഗക ഭാഷ.

കൃഷിയും മല്‍സ്യബന്ധനവുമാണ് ജീവനോപാധികള്‍. കൃഷിയില്‍ തന്നെ കശുവണ്ടിയും കപ്പലണ്ടിയുമാണ് മുഖ്യം. ഇവയുടെ സംസ്‌കരണവും കയറ്റുമതിയുമാണ് പ്രധാന വരുമാനമാര്‍ഗം. മഴ ലഭിക്കാറുണ്ടെങ്കിലും പൊതുവേ വരണ്ട കാലാവസ്ഥയാണ് രാജ്യത്ത്. വര്‍ഷം മുഴുവന്‍ സഹാറാ മരുഭൂമിയില്‍ നിന്നു വീശുന്ന പൊടിനിറഞ്ഞ വരണ്ടകാറ്റ് ജനജീവിതത്തെ ഒന്നുകൂടി ദുസഹമാക്കുന്നു. നവംബര്‍ മുതല്‍ മാര്‍ച്ചുവരെ കാറ്റിന്റെ പ്രഹരം അതീവ കഠിനവുമായിരിക്കും.

ഗിനിയാ-ബിസാവു എന്ന രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകളുടെ ഒരു സ്ഥൂലചിത്രം മാത്രമാണിത്. സൂക്ഷ്മത്തില്‍ എത്രയോ ഭീകരം. അങ്ങനെ സ്വസ്ഥമായൊന്ന് നിവര്‍ന്നു നില്‍ക്കാന്‍ പോലും പാടുപെടുന്നൊരു രാജ്യമാണ് കാല്‍പ്പന്തില്‍ പുതിയ വെല്ലുവിളിയുമായി ലോകത്തിന്റെ മുന്നില്‍ വന്നു നില്‍ക്കുന്നത്. അന്ധകാരത്തിന്റെ നടുവില്‍ അവര്‍ക്കാകേയുള്ളൊരു പ്രകാശരേണുവാണ് കാല്‍പ്പന്ത്. ആ പ്രകാശരേണുവിനെ ആളിക്കത്തുന്നൊരു സൂര്യനാക്കാനാണ് അവരുടെ ശ്രമം. ആ കടും പ്രകാശത്തില്‍

തങ്ങളെ വലയം ചെയ്തിരിക്കുന്ന അന്ധകാരം മുഴുവന്‍ മാറിപ്പോകുമെന്ന് അവര്‍ പ്രത്യാശിക്കുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് കാല്‍പ്പന്തിന്റെ വളര്‍ച്ചയും വികാസവും.

ഗിനിയാ-ബിസാവു ഫുട്‌ബോള്‍

2017-ഫെബ്രുവരിയില്‍ പുറത്തുവന്ന ഫിഫാ റാങ്കിംഗ് പ്രകാരം എണ്‍പതാം സ്ഥാനത്താണ് ഗിനിയാ-ബിസാവു. 2016-ജനുവരിയില്‍ അറുപത്തിയെട്ടായിരുന്നു സ്ഥാനം. 2010-ല്‍ ഇത് 195 ആയിരുന്നു എന്നോര്‍ക്കണം. വെറും ആറുവര്‍ഷം കൊണ്ടവര്‍ മെച്ചപ്പെടുത്തിയത് 115 സ്ഥാനങ്ങള്‍. ആരേയും അത്ഭുതപ്പെടുത്തും ഈ കണക്ക്. ഇതിന് പിന്നില്‍ അവര്‍ നടത്തിയ കഠിനാധ്വാനം നമുക്ക് സങ്കല്‍പ്പിക്കുവാന്‍ കഴിയുന്നതിനും അപ്പുറമാണ്. ഇവിടെ ഇന്ത്യയുമായി ചെറിയൊരു താരതമ്യമാകാം. 1996-ല്‍ തൊണ്ണൂറ്റി നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇപ്പോള്‍ 130. ഇരുപതുവര്‍ഷം അധ്വാനിച്ചിട്ടും 130 കോടി ജനങ്ങളുടെ ഇന്ത്യക്ക് നൂറിനുള്ളില്‍ കടക്കാനായിട്ടില്ല. അതു നില്‍ക്കട്ടെ.

ഗിനിയാ-ബിസാവുവിന് സ്വാതന്ത്ര്യം കിട്ടിയത് 1974-ല്‍ ആണെങ്കിലും അവര്‍ ആദ്യ അന്താരാഷ്ട്രമല്‍സരം കളിക്കുന്നത് 1952-ജൂണ്‍ രണ്ടിനാണ്. അക്കാലത്ത് രാജ്യത്തിന്റെ പേര് പോര്‍ച്ചുഗീസ് ഗിനിയാ എന്നായിരുന്നു. ബെനിന്‍ ആയിരുന്നു എതിര്‍ സ്ഥാനത്ത്. മല്‍സരം 7-2-ന് ഗിനിയ ജയിച്ചു. അവര്‍ക്ക് ഏറ്റവും വലിയ തോല്‍വി പിണഞ്ഞത് 1997-ലാണ്. അന്ന് മാലി, ഗിനിയാ-ബിസാവുവിനെ 6-1-ന് തോല്‍പ്പിക്കുകയായിരുന്നു.

കോംഗോ, സാംബിയ, കെനിയാ എന്നിവരടങ്ങിയ ഗ്രൂപ്പില്‍ നിന്നാണ് ഗിനിയാ-ബിസാവു നാഷന്‍സ് കപ്പിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുന്നത്. ഇരുപാദങ്ങളിലായി കെനിയയെ 2-0-ത്തിനും സാംബിയയെ 3-2-നും കോംഗോയെ 1-0-ത്തിനും തോല്‍പ്പിച്ച് പത്തു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതായാണ് അവര്‍ മുന്നേറിയത്. ഗ്രൂപ്പിലെ ഏറ്റവും ശക്തമായ ടീം കോംഗോ ആയിരുന്നു. ഫിഫാ റാങ്കിംഗില്‍ എഴുപത്തിയാറാം സ്ഥാനത്തുള്ള കോംഗോ രണ്ടുതവണ (1968, 74) നാഷന്‍സ് കപ്പു നേടിയിട്ടുമുണ്ട്. ഗ്രൂപ്പിലെ മറ്റൊരു ടീമായ സാംബിയ ഒരു തവണ ചാമ്പ്യന്മാരായിട്ടുള്ള (2012) ടീമാണ്. കെനിയയ്ക്ക് അങ്ങനെ അവകാശപ്പെടാന്‍ ഒന്നുമില്ലെങ്കിലും ഫിഫാ റാങ്കിംഗില്‍ എണ്‍പത്തിയേഴാം സ്ഥാനമുണ്ടവര്‍ക്ക്. നേരത്തെ നാഷന്‍സ് കപ്പ് കളിച്ച പരിചയവും. ഈ കരുത്തന്മാരോട് ഇഞ്ചോടിഞ്ച് പോരാടായാണ് ഗിനിയാ-ബിസാവു ഫൈനല്‍ റൗണ്ടിലെത്തിയത്.

ഫൈനല്‍ റൗണ്ടില്‍ ഗാബണ്‍, കാമറൂണ്‍, ബുര്‍ക്കിനോഫാസോ എന്നിവടങ്ങിയ ഗ്രൂപ്പിലായിരുന്നു ഗിനിയ-ബിസാവു. ഗാബണെ 1-1-ന് സമനിലയില്‍ പിടിച്ചു. രണ്ടാം മല്‍സരത്തില്‍ കരുത്തരായ കാമറൂണിനോട് 2-1-ന് പരാജയപ്പെട്ടു. മൂന്നാം മല്‍സരത്തില്‍ ബുര്‍ക്കിനോഫാസോയോട് രണ്ടു ഗോളിന് തോറ്റു. ഗാബണോട് സമനിലയിലൂടെ നേടിയ ഒരു പോയിന്റ് മാത്രമായിരുന്നു നാഷന്‍സ് കപ്പില്‍ ഗിനിയാ-ബിസാവുവിന്റെ നേട്ടം. അങ്ങനെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും അഭിമാനിക്കാന്‍ ഏറെയുണ്ടവര്‍ക്ക്.

ഗിനിയാ-ബിസാവുവിനൊപ്പം ഗ്രൂപ്പില്‍ കളിച്ച ടീമുകളില്‍ ഒന്ന് കാമറൂണാണെന്നോര്‍ക്കണം. അവര്‍ ചാമ്പ്യന്മാരുമായി. മറ്റൊരു ടീം ബുര്‍ക്കിനോഫാസോയാണ്. അവര്‍ മൂന്നാം സ്ഥാനത്തും വന്നു. ഭൂഖണ്ഡത്തിലെ മികച്ച ഫുട്‌ബോള്‍ ശക്തികളിലൊന്നാണ് ഫിഫാ റാങ്കിംഗില്‍ മുപ്പത്തിമൂന്നാം സ്ഥാനത്തുള്ള കാമറൂണ്‍. അഞ്ചുതവണ അവര്‍ നാഷന്‍സ് കപ്പു നേടിയിട്ടുണ്ട്. കളിക്കാരില്‍ ഭൂരിഭാഗവും യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്നവര്‍. ഇത്രയൊക്കെ മികവുണ്ടായിട്ടും അവര്‍ക്ക് ഗിനിയാ-ബിസാവുവിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത്. 2-1-ന് മാത്രമാണ്. ഈ മല്‍സരത്തിന്റെ ആദ്യപകുതിയില്‍ ഗിനിയ ഒരു ഗോളിന് മുന്നിലുമായിരുന്നു. രണ്ടാം പകുതിയില്‍ മാത്രമാണ് ഗിനിയന്‍ നെറ്റിലേക്ക് പന്തെത്തിക്കാന്‍ കാമറൂണിന് കഴിഞ്ഞത്. നാഷന്‍സ് കപ്പു കണ്ട മികച്ച മല്‍സരങ്ങളിലൊന്നായിരുന്നു അത്. മല്‍സരം ഗിനിയ തോറ്റു എന്നതല്ല അവര്‍ക്ക് കാമറൂണിന്റെ വലയില്‍ പന്തെത്തിക്കാനായി എന്നതാണ് പ്രധാനം. അതിനാല്‍ ഇത് തോല്‍വിയല്ല. ഗിനിയയെ സംബന്ധിച്ചടത്തോളം മികച്ച വിജയം തന്നെയാണ്.

ഫിഫാ റാങ്കിംഗില്‍ മുപ്പത്തിയെട്ടാം സ്ഥനത്തുള്ള ബുര്‍ക്കിനോഫാസോയോട് രണ്ടു ഗോളിന് തോറ്റു എന്നതും ഗിനിയക്ക് ലജ്ജയുണ്ടാക്കുന്ന കാര്യമല്ല. 2013-ല്‍ റണ്ണറപ്പായ ടീമാണ് ബുര്‍ക്കിനോ. ഗിനിയ 1-1-ന് സമനിലയില്‍ തളച്ച ഗാബണും മോശപ്പെട്ട ടീമായിരുന്നില്ല. അവര്‍ ആതിഥേയര്‍ കൂടിയായിരുന്നു. ഇവിടേയും തീരുന്നില്ല ഗിനിയയുടെ മഹത്വം. ടൂര്‍ണമെന്റിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട ആഫിക്കന്‍ ഇലവനില്‍ ഗിനിയയുടെ ജോസ് ലൂയിസ് മെന്‍ഡസ് ലോപ്പസ് എന്ന സെസീഞ്ഞോ ഉള്‍പ്പെട്ടു എന്നതാണത്. ഗിനിയയ്ക്കു വേണ്ടി ഇതുവരെ 22 മല്‍സരങ്ങള്‍ കളിച്ചുകഴിഞ്ഞ സെസീഞ്ഞോ എന്ന 24-കാരന്‍ ഗ്രീക്ക് ക്ലബ്ബായ ലെവന്റിയോകോസിന്റെ മിഡ്ഫീല്‍ഡര്‍ കൂടിയാണ്.

മൂന്നു ഡിവുഷനുകളിലായി നടക്കുന്ന ലീഗുമല്‍സരങ്ങളാണ് ഗിനിയാ-ബിസാവുവിന്റെ ഫുട്‌ബോളിനെ സജീവമാക്കി നിലറുത്തുന്നത്. പ്രീമിയര്‍ ലീഗില്‍ പത്തുടീമുകളും രണ്ടും മൂന്നും ഡിവിഷനുകളിലായി 12 വീതം 24 ടീമുകളുമുണ്ട്. അനുബന്ധമായി ഗ്രാസ് റൂട്ട് പ്രോഗ്രാമുകളും സജീവമാണ്. സാമൂഹികവും സാമ്പത്തികവുമായി എണ്ണമറ്റ വൈരുദ്ധ്യങ്ങളും അസമത്വങ്ങളും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെങ്കിലും ഗ്യാലറികളില്‍ ഇതെല്ലാം വിസ്മരിക്കപ്പെടുന്നു. അവിടെ ഒറ്റരാജ്യവും ഒറ്റ ജനതയുമായി അവര്‍മാറും. അതാണ് ഗിനിയന്‍ ഫുട്‌ബോളിന്റെ സാമൂഹിക പ്രാധാന്യം. 1998-മുതല്‍ ലോകകപ്പ് യോഗ്യതാമല്‍സരങ്ങള്‍ കളിച്ചുവരുന്ന ഗിനിയയ്ക്ക് ഇതുവരെ ഫൈനല്‍ റൗണ്ടിലെത്താനായിട്ടില്ല. എന്തായാലും ഒരു കാര്യം ഉറപ്പിച്ചു തന്നെ പറയുവാനാകും. ഗിനിയാ-ബിസാവുവിനെ വിട്ട് ആഫ്രിക്കന്‍ ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കുക ഇനി എളുപ്പമാവില്ല. ഇതുതന്നെയാണ് 2017-ലെ നാഷന്‍സ് കപ്പിന്റെ പ്രധാന ഫലശ്രുതിയും.

ബുര്‍ക്കിനോ ഫാസോ

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും പുതിയ ഫുട്‌ബോള്‍ ശക്തി ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു. അത് ബുര്‍ക്കിനോഫോസോ എന്നാണ്. നാഷന്‍സ് കപ്പില്‍ ഇക്കുറി ഏറ്റവും ശ്രദ്ധിക്കപ്പെട്ട രാജ്യവും ഇതുതന്നെ.

സാമ്പത്തിക-സാമൂഹിക കാര്യങ്ങളില്‍ ഗിനിയാ-ബിസാവുവിന്റെ അല്‍പം കൂടി വലിയൊരു പതിപ്പാണ് ബുര്‍ക്കിനോഫാസോ. സ്ത്രീകളുടെ ആരോഗ്യ-വിദ്യാഭ്യാസ നിലവാരമാണ് ഒരു രാജ്യത്തിന്റെ ഉള്‍ക്കരുത്തിനെ തീരുമാനിക്കുന്ന ആദ്യ മാനദണ്ഡമെങ്കില്‍ ഈ കണക്കൊന്നു ശ്രദ്ധിക്കാം. ബുര്‍ക്കിനോയുടെ പൊതു സാക്ഷരത 25.3-ആണ്. സ്ത്രീകളുടെ സാക്ഷരത 5.2-ഉം. രാജ്യത്തെ 72.5-ശതമാനം സ്ത്രീകളും പെണ്‍കുട്ടികളും വിവിധതരത്തിലുള്ള മാരക രോഗങ്ങളാല്‍ വലയുന്നവരാണ്. പട്ടിണിയും പീഡനങ്ങളുമാണ് രോഗങ്ങളുടെ സ്രോതസ്. അക്കൂട്ടത്തില്‍ എയ്ഡ്‌സ് പോലുള്ള മാരക ലൈംഗിക രോഗങ്ങളുടെ അതിപ്രസരവുമുണ്ട്. അടുത്തിടെ ലോകാരോഗ്യ സംഘടന പുറത്തുവിട്ടൊരു കണക്കനുസരിച്ച് ഒരു ലക്ഷം സ്ത്രികള്‍ക്ക് 41 നെഴ്‌സുമാരും 13 മിഡ് വൈഫുമാരുമാണുള്ളത്. എന്നാല്‍ ഇത്രയും സ്ത്രീകള്‍ക്ക് എത്ര ഡോക്ടര്‍മാര്‍ എന്ന കണക്ക് എവിടേയും ലഭ്യമല്ല. പ്രസവാനന്തരമരണങ്ങള്‍ 64 ശതമാനമാണെന്നു കേള്‍ക്കുമ്പോള്‍ മറ്റെല്ലാം ഊഹിക്കുവാനാകും. ജനിക്കുന്ന കുഞ്ഞുങ്ങളില്‍ അവശേഷിക്കുന്നത് വെറും 41 ശതമാനം മാത്രം. പുരുഷന്മാരുടെ ആയുര്‍ ദൈര്‍ഘ്യം അമ്പതും സ്ത്രീകളുടേത് അമ്പത്തിരണ്ടുമാണ്. ബുര്‍ക്കിനോയിലെ ആരോഗ്യപരപാലന സംവിധാനങ്ങള്‍ എത്ര പരിതാപകരമാണെമന്ന് ആധികാരികമായ ഈ കണക്കുകള്‍ ബോധ്യപ്പെടുത്തും.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു കൊച്ചുരാജ്യമാണ് ബുര്‍ക്കിനോ ഫാസോ. ബുര്‍ക്കിനോഫാസോ എന്നാല്‍ സത്യസന്ധരുടെ നാടെന്നര്‍ഥം. 1984-വരെ അപ്പര്‍വോള്‍ട്ടോ എന്നായിരുന്നു രാജ്യത്തിന്റെ പേര്. പില്‍ക്കാലത്ത് കൊല്ലപ്പെട്ട പ്രസിഡന്റ് തോമസ് സാങ്കോറയുടെ കാലത്താണ് രാജ്യം ബുര്‍ക്കിനോ ഫാസോ എന്ന് പുനര്‍നാമകരണം ചെയ്തത്. മാലി, നൈജര്‍, ബെനിന്‍, ടോഗോ, ഘാന, ഐവറികോസ്റ്റ് എന്നിവയാണ് അതിരുകള്‍. കഷ്ടിച്ച് ഒന്നരക്കോടിയാണ് ജനസംഖ്യ.

1960-വരെ ഫ്രഞ്ചുകാരുടെ കോളനിയായിരുന്നു. ചില ഭാഗങ്ങളില്‍ ഇംഗ്ലീഷ്‌കാരുടെ ആധിപത്യവും ഉണ്ടായിരുന്നു. കോളനിയുടെ വിസ്തൃതിക്കായുള്ള ഇവരുടെ പോരാട്ടങ്ങള്‍ എന്നും രാജ്യത്ത് അസ്വസ്ഥതകള്‍ സൃഷ്ടിച്ചുരുന്നു. 1960-ഓഗസ്റ്റ് അഞ്ചിന് രാജ്യം സ്വതന്ത്രമായി. തുടര്‍ന്ന്, അര്‍ദ്ധ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്കാണ് കടന്നത്. ഒരര്‍ഥത്തില്‍ എരിതീയിലേക്കുള്ള പ്രയാണമായിരുന്നു അത്. അസ്വസ്ഥതകളും കലാപങ്ങളും കൊണ്ട് രാജ്യം മുഖരിതമായി. ആഫ്രിക്കന്‍ നാടുകളുടെ പൊതുസ്വഭാവങ്ങളിലൊന്നായ ഗോത്രപ്പോരുകളാണ് ബുര്‍ക്കിനോയിലേയും വില്ലന്‍. സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ടുകഴിഞ്ഞിട്ടും അതിന്റെ മെച്ചം സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ ഇനിയും പ്രതിഫലിച്ചിട്ടില്ല. എടുത്തു പറയുവാനുള്ളത് കാല്‍പ്പന്തുകളിയില്‍ അവര്‍ പുലര്‍ത്തുന്ന മേന്മമാത്രമാണ്.

ഫ്രഞ്ച്, മൂറി, മാന്‍ഡനിക, സാംബ എന്നിവയാണ് ഒദ്യോഗിക ഭാഷകള്‍. ജനസംഖ്യയില്‍ 60.5 ശതമാനം മുസ്ലീംങ്ങളും 36 ശതമാനം വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളും നാലുശതമാനം മറ്റുമതസ്ഥരുമാണ്. മതം കാര്യമായ അസ്വസ്ഥതകളൊന്നും സമൂഹത്തില്‍ ഉണ്ടാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ബുര്‍ക്കിനോയിലെ പ്രധാന പട്ടണമായ ബോബോ ഡിയൗലാസോയിലെ പ്രസിദ്ധമായ 'ദി ഗ്രേറ്റ് മോസ്‌ക്' പണിതത് വിവിധമതവിശ്വാസികള്‍ ചേര്‍ന്നായിരുന്നു. എല്ലാ അസ്വസ്ഥതകളുടേയും വിളനിലമെന്നു വിശേഷിപ്പിക്കാവുന്ന ബുര്‍ക്കിനോയിലെ ആവേശകരമായൊരു സംഭവമാണ് ഈ മോസ്‌കിന്റെ നിര്‍മാണം. . കളിക്കളങ്ങളിലും അസ്വസ്ഥതകളൊന്നും ബുര്‍ക്കിനോ ജനത അനുവദിക്കില്ല. മതപരമായൊരു സൗഹാര്‍ദം ബോധപൂര്‍വം തന്നെ അവര്‍ പുലര്‍ത്തുന്നു എന്നുപറയാം.

രാജ്യത്തെ 86-ശതമാനം ജനങ്ങളുടേയും ജീവനോപാധി കൃഷിയും കാലിവളര്‍ത്തലുമാണ്. ചെറിയൊരു ശതമാനം ഖനികളില്‍ ജോലിചെയ്യുന്നു. വളരെ ചെറിയൊരു വിഭാഗം വ്യവസായത്തൊഴിലുകളിലും ഏര്‍പ്പെടുന്നുണ്ട്. പരുത്തിയും പിന്നെ മാമ്പഴ സംസ്‌കരണവുമാണ് വ്യവസായങ്ങളില്‍ മുഖ്യം. മാന്തോട്ടങ്ങള്‍ കഴിഞ്ഞാല്‍ ഉരുളക്കിഴങ്ങ്, കപ്പലണ്ടി, കടല, ബീന്‍സ് എന്നിവയാണ് പ്രധാന വിളകള്‍. ഇതുകഴിഞ്ഞാല്‍ ആടുവിളര്‍ത്തലാണ് മുഖ്യം. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ മുഖ്യതൊഴിലും ഇതുതന്നെ. ഇതിനനുയോജ്യമായ പുല്‍മേടുകളും സമതലങ്ങളും ബുര്‍ക്കിനോയില്‍ സമൃദ്ധമാണ്. മഴ നന്നായി ലഭിക്കാറുണ്ടെങ്കിലും ഗിനിയയെപ്പോലെ സഹാറയില്‍ നിന്നു വീശുന്ന വരണ്ടകാറ്റ് ബുര്‍ക്കിനോയ്ക്കും ഭീഷണിയാണ്. ഒപ്പം കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങളും.

ഒന്നരക്കോടി മാത്രം വരുന്ന ജനങ്ങളെ സമൃദ്ധമായൊരു ജീവിതത്തിലേക്ക് നയിക്കാന്‍ വേണ്ടുന്നതെല്ലാം രാജ്യത്തുണ്ട്. പക്ഷേ ഭരണകൂടങ്ങളുടെ അസ്ഥിരതയും പട്ടാളത്തിനു ലഭിക്കുന്ന മേല്‍ക്കയ്യും ഗോത്രങ്ങളായിത്തിരിഞ്ഞ് സദാപോര്‍വിളി നടത്തുന്ന ജനതയും ചേര്‍ന്ന് എല്ലാറ്റിനേയും തോല്‍പ്പിക്കുന്നു. ഇതിനിടയിലാണ് പഴയ യൂറോപ്യന്‍ യജമാനന്മാരുടെ പരോക്ഷവും ചിലപ്പോഴൊക്കെ പ്രത്യക്ഷവുമായ ഇടപെടലുകള്‍. വ്യാപകമായ ഗോത്രപ്പോരുകളില്‍ പോലും ഇവരുടെ പരോക്ഷമായകരങ്ങള്‍ പ്രവര്‍ത്തുക്കുന്നുണ്ട്. പട്ടാളത്തോട് പൂര്‍ണ വിധേയത്വം പുലര്‍ത്തുന്ന ഭരണവും കൂടിയാകുമ്പോള്‍ പ്രതിരോധം തന്നെ അര്‍ഥശൂന്യമാകുന്നു.

മനുഷ്യത്വത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണ് പുറത്തുവരുന്ന ഗോത്രപ്പോരുകളുടെ ദൃശ്യങ്ങള്‍. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അതിര്‍ വരമ്പ് എവിടെയാണെന്ന് ശങ്കിച്ചുപോകും. അത്ര ദയനീയവും ക്രൂരവുമാണ് ദൃശ്യങ്ങള്‍. വിദ്യാഭ്യാസം സാര്‍വത്രികമല്ലാത്തതും ഉള്ളവയുടെ നിലവാരമില്ലായ്മയും സ്വന്തം പ്രശ്‌നങ്ങള്‍ എന്തെന്നു തിരിച്ചറിയുവാനാകാത്ത തരത്തിലാക്കിയുണ്ട് ജനത്തെ. അതിനാല്‍ തന്നെ മാനവികമായ പ്രത്യയശാസ്ത്രങ്ങള്‍ക്കൊന്നും അര്‍ഥവത്തായ രീതിയില്‍ ജനങ്ങളുടെ മനസില്‍ വേരാഴ്ത്താന്‍ കഴിഞ്ഞിട്ടുമില്ല. മന്ത്രവാദങ്ങള്‍ പോലുള്ള അന്ധവിശ്വാസങ്ങളുടെ സാമൂഹിക സ്വീകാര്യതയും ഭീകരമാണ്. നരബലിപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എല്ലാ അര്‍ഥത്തിലും ശിഥിലമായൊരു ജനത. അല്ലെങ്കില്‍ എല്ലാ സമ്പന്നതകള്‍ക്കിടയിലും സ്വയം തിരിച്ചറിയാന്‍ കഴിയാത്തൊരാള്‍ക്കൂട്ടം. അതാണ് ബുര്‍ക്കിനോയിലെ ജനത.

എന്നാല്‍ എല്ലാ ഗോത്രവ്യത്യാസങ്ങളും മറ്റാകുലതകളും മറന്ന് ബുര്‍ക്കിനോകള്‍ മുട്ടുകുത്തുന്നൊരു സ്ഥലമുണ്ട്. കാല്‍പ്പന്തുകളങ്ങളും ഗ്യാലറികളുമാണത്. അപ്പോള്‍ അവര്‍ എല്ലാം മറക്കും. ഏകകണ്ഠരായി മാറും. ഏത് ഗോത്രത്തിന്റെ ശബ്ദമാണ് ഏറ്റവും ഉച്ചത്തിലെന്ന് ശ്രദ്ധിക്കാറുമില്ല. വികാരത്തിന്റെ ഉച്ചസ്ഥായിയില്‍ എല്ലാം അലിഞ്ഞൊന്നാകും. എന്നാല്‍ കളിയവസാനിക്കുമ്പോള്‍ പഴയതുപോലെ എല്ലാം ശിഥിലമാവുകയും ചെയ്യും.

വളരെ സങ്കീര്‍ണവും പഠിക്കപ്പെടേണ്ടതുമാണ് ബുര്‍ക്കിനോജനതയുടെ മനോഘടന. എല്ലാവൈരുദ്ധ്യങ്ങളും വിട്ടുവീഴ്ചയില്ലാതെ നിലനിര്‍ത്തുമ്പോള്‍ തന്നെ, കാല്‍പ്പന്തിനുമുന്നില്‍ അവര്‍ കാണിക്കുന്ന വിധേയത്വം അത്ഭുകരമാണ്. പട്ടിണിയും രോഗങ്ങളും പീഡനങ്ങളും മറന്ന് കാല്‍പ്പന്തു

മൈതാനത്തേക്ക് കുതിക്കുന്ന ഈ ജനത ആവിഷ്‌കരിക്കുന്നത് സമൂഹമനസിലെ ഏത് ചൈതന്യത്തെയാകും...?

ബുര്‍ക്കിനോഫാസോയിലെ ഫുട്‌ബോള്‍

എല്ലാ അര്‍ഥത്തിലും വിപരീതം എന്നു വിശേഷിപ്പിക്കാവുന്ന സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് ബുര്‍ക്കിനോഫാസോ കാല്‍പ്പന്തിന്റെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്നത്. 2013-ല്‍ അവര്‍ നാഷന്‍സ് കപ്പിന്റെ ഫൈനലില്‍ എത്തിയിരുന്നു. അന്ന് നൈജീരിയയോട് തോറ്റു. ആ നൈജീരിയയ്ക്ക് 2017-ല്‍ യോഗ്യതപോലും നേടാനായില്ല. ഇക്കുറി ബുര്‍ക്കിനോ മൂന്നാം സ്ഥാനത്തു വന്നു.

ഫിഫാ റാങ്കിംഗില്‍ മുപ്പത്തിയെട്ടാം സ്ഥാനത്താണിപ്പോള്‍ ബുര്‍ക്കിനോ. 1993-ല്‍ ഇത് 127-ആയിരുന്നു. ഇരുപത്തിയഞ്ചുവര്‍ഷം കൊണ്ട് 79 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് അവര്‍ ലോകത്തെ മുന്‍നിര ഫുട്‌ബോള്‍ ശക്തികള്‍ക്കൊപ്പം എത്തിനില്‍ക്കുന്നത്. അതിന്റെ നല്ല പ്രതിഫലനമാണ് 2017-ലെ നാഷന്‍സ് കപ്പില്‍ കണ്ടതും.

മറ്റെല്ലാം അലങ്കോലവും ഭയാനകവുമാണെങ്കിലും രാജ്യത്ത്, ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കുള്ള സംവിധാനങ്ങള്‍ ഒന്നാന്തരവും അനുകരണീയവുമാണ്. പ്രൈമറി, സെക്കന്ററി, ഹയര്‍ എന്നു മൂന്നായിത്തിരിച്ചിട്ടുള്ള വിദ്യാഭ്യാസ സംവിധാനത്തില്‍ കാല്‍പ്പന്തിനുള്ള പ്രധാന്യമാണ് ഇതില്‍ പ്രധാനം. സ്‌കൂളുകളെല്ലാം മികച്ച ഫുട്‌ബോള്‍ അക്കാഡമികള്‍ കൂടിയാണ്. ബുര്‍ക്കിനോയിലെ കുട്ടികള്‍ കളിയുടെ ബാലപാഠങ്ങള്‍ ഇവിടെ ഹൃദിസ്ഥമാക്കുന്നു. അതിനുശേഷം രാജ്യത്തെ മികച്ച ക്ലബ്ബുകളുടെ യൂത്ത് ടീമുകളിലേക്ക് അവര്‍ എത്തിച്ചേരുന്നു. എനന്‍ഗോ, ബോബോസ്‌പോട്ട്, എറ്റോലിഫിലാന്‍ഡേ, ഫോര്‍സെസ് ആര്‍മീസ്, ആര്‍.സി.ബോബോ എന്നിങ്ങനെ മികച്ച അക്കാഡമികളും രാജ്യത്തുണ്ട്. യൂറോപ്യന്‍ അക്കാഡമികള്‍ക്ക് ഒപ്പം നില്‍ക്കാവുന്ന സൗകര്യങ്ങളാണ് ഇവിടെ കുട്ടികള്‍ക്ക് ലഭിക്കുക. ഇത്രയും വിപുലവും ശാസ്ത്രീയവുമായ സംവിധാനങ്ങളിലൂടെയാണ് ബുര്‍ക്കിനോയിലെ കളിക്കാര്‍ വരുന്നത്. ക്രീയാത്മകവും സജീവവുമാണ് ബുര്‍ക്കിനോയിലെ ലീഗുകള്‍. പതിനാറു ടീമുകള്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നു. ഇത്രയും വിപുലമാണ് രണ്ടും മൂന്നും ഡിവഷന്‍ ലീഗുകളും.

ബുര്‍ക്കിനോ നാഷന്‍സ് കപ്പില്‍.

1996-ലാണ് ബുര്‍ക്കിനോഫാസോ നാഷന്‍സ് കപ്പില്‍ ആദ്യമായി പങ്കെടുക്കുന്നത്. 98-ല്‍ നാലാംസ്ഥാനത്തുവന്നു. 2013-ല്‍ രണ്ടാം സ്ഥാനം. 2015-ല്‍ പ്രാഥമികഘട്ടത്തില്‍ തന്നെ പുറത്തായി. ഇപ്പോള്‍ മൂന്നാം സ്ഥാനത്തും വന്നു.

കാമറൂണ്‍, ഗാബണ്‍, ഗിനിയാ-ബിസാവു എന്നിവരടങ്ങിയ ഗ്രൂപ്പില്‍ ചാമ്പ്യന്മാരായാണ് ബുര്‍ക്കിനോ നാഷന്‍സ് കപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിയത്. കാമറൂണിനേയും ഗാബണേയും ഓരോഗോളിന് സമനിലയില്‍ തളച്ച ബുര്‍ക്കിനോ ഗിനിയാബിസാവുവിനെ 2-0-ത്തിന് തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍, ഫിഫാ റാങ്കിംഗില്‍ മുപ്പത്തിയാറാമതുള്ള ടുണീഷ്യയെ 2-0-ത്തിന് മടക്കി. സെമിയില്‍ കരുത്തരായ ഈജിപ്റ്റിനോട് ടൈബ്രേക്കറില്‍ 4-3-ന് തോറ്റു. സാധാരണ സമയത്ത് മല്‍സരം 1-1-എന്ന നിലയിലായിരുന്നു. സെമിയില്‍ പുറത്തായ ബുര്‍ക്കിനോ മൂന്നാം സ്ഥാനത്തിനായുള്ള മല്‍സരത്തില്‍ 1-0-ത്തിന് നാലുതവണ ചാമ്പ്യന്മാരായിട്ടുള്ള ഘാനയെ തോല്‍പ്പിച്ചു. ക്വാര്‍ട്ടര്‍ഫൈനല്‍ മുതല്‍ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മല്‍സരം വരെ ബുര്‍ക്കിനോ നേരിട്ടത്.

ടുണീഷ്യ, ഈജിപ്റ്റ്, ഘാന എന്നീ ടീമുകളെയാണെന്നു കാണാം. ഇവരാകട്ടെ ലോകത്ത് ഏതു ടീമിനേയും തകര്‍ക്കാന്‍ കെല്‍പ്പുള്ള ശക്തികളും. എന്നിട്ടും പതറാതെ ആത്മവിശ്വാസത്തോടെയാണ് ബുര്‍ക്കിനോ പൊരുതിയത്. ഇതോടെ ഭൂഖണ്ഡത്തിലെ ഒന്നാംനിര ടീമുകള്‍ക്കൊപ്പമായിരിക്കുകയാണ് ഈ ദരിദ്രരാജ്യം.

ഇതുപോലെ പ്രധാനമാണ് അവരുടെ നാലുകളിക്കാര്‍ ആഫ്രിക്കന്‍ ഇലവനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത്. സ്‌ട്രൈക്കര്‍മാരായ ബെര്‍ട്ടന്റ് ടറോര്‍, പ്രജൂഡി നൗകൗര്‍മ, അരിസ്റ്റൈഡ് ബാന്‍സി മിഡ്ഫീല്‍ഡറായ ചാള്‍സ് കബോര്‍ എന്നിവര്‍. ആഫിക്കന്‍ ഇലവനിലെ സ്‌ട്രൈക്കര്‍മാര്‍ മുഴുവനും ബുര്‍ക്കിനോക്കാര്‍. കളിക്കാരുടെ ഗുണമേന്മയ്ക്ക് ഇതിനേക്കാള്‍ വലിയ അംഗീകാരങ്ങള്‍ വേണ്ട. ഇതാണ് ബുര്‍ക്കിനോ ഫുട്‌ബോളിന്റെ വര്‍ത്തമാനകാലകരുത്ത്. പട്ടിണിക്കും അരാജകത്വത്തിനും തങ്ങളിലെ ഇച്ഛാശക്തിയേയും കാല്‍പ്പന്തിനോടുള്ള പ്രണയത്തേയും തകര്‍ക്കാനാകില്ലെന്ന് അവര്‍ ലോകത്തോട് വിളിച്ചു പറയുന്നു.

ബുര്‍ക്കിനോയുടെ നേട്ടങ്ങള്‍ അവര്‍ക്കുമാത്രമല്ല സമാനാവസ്ഥകളില്‍ അകപ്പെട്ടുപോയ ആഫ്രിക്കയിലെ പട്ടിണി രാജ്യങ്ങള്‍ക്കെല്ലാം വലിയ ഊര്‍ജ്ജമായിരിക്കും പ്രധാനം ചെയ്യുക. വറുതികളും ദുരിതങ്ങളും വകഞ്ഞുമാറ്റി അവര്‍ കൂട്ടത്തോടെ വരും. ആ നാളുകള്‍ക്കിനി വലിയ ദൈര്‍ഘ്യമുണ്ടാകില്ല.

ഇതൊക്കെയാണെങ്കിലും ബുര്‍ക്കിനോയ്ക്ക് ഇതുവരെ ലോകകപ്പിലേക്ക് യോഗ്യതനേടാന്‍ കഴിഞ്ഞിട്ടില്ല എന്നൊരു ന്യൂനതയുണ്ട്. 2014-ലെ ലോകകപ്പില്‍ അല്‍പവ്യത്യാസത്തിലാണ് പുറത്തുപോയത്. പ്ലേ-ഓഫ് വരെ എത്തിയ ബുര്‍ക്കിനോയെ ഈജിപ്റ്റ് പുറന്തള്ളുകയായിരുന്നു. 2018-ലെ റഷ്യന്‍ ലോകകപ്പില്‍ ബുര്‍ക്കിനോയുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇതുവരെ നടന്ന യോഗ്യതാ മല്‍സരങ്ങളുടെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പത്തുമല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു തോല്‍വിയും അഞ്ചുവിജയങ്ങളും നാലു സമനിലകളുമാണ് അവര്‍ക്കുള്ളത്. ശക്തരായ മൊറോക്കോയാണ് അവരെ ഒരു ഗോളിന് തോല്‍പ്പിച്ചത്. എന്നാല്‍ ലോകകപ്പിലേക്കുള്ള വഴിയില്‍ ബുര്‍ക്കിനോയ്ക്ക് അതൊരു തടസമാകാന്‍ ഇടയില്ല.

ആഫ്രിക്കന്‍ ഫുട്‌ബോള്‍ ലോകത്തെ ജയിക്കുന്നകാലം വിദൂരമല്ലെന്ന സന്ദേശമാണ് ബുര്‍ക്കിനോയും ഗിനിയാ-ബിസാവുവും മുന്നോട്ടുവയ്ക്കുന്നത്. 2018-ലെ ലോകകപ്പില്‍ ഒരാഫ്രിക്കന്‍ രാജ്യം സെമിയിലോ ഫൈനലിലോ എത്തിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. ഏത് വിപരീത സാഹചര്യങ്ങളേയും ഇച്ഛാശക്തികൊണ്ട് മറികടക്കാമെന്ന മഹത്തായ പാഠമാണ് ഓരോ ആഫ്രിക്കന്‍ രാജ്യവും നമുക്ക് തരുന്നത്. അഴിമതിയിലും രാഷ്ട്രീയ അശ്ലീലതകളിലും ലജ്ജാശൂന്യതയിലും നിപതിച്ച് ആത്മാഭിമാനവും ഇച്ഛാശക്തിയും നഷ്ടപ്പെടുത്തിയ 130 കോടി ഇന്ത്യക്കാര്‍ക്കും ഒരു നിമിഷം ഇവരുടെ മുന്നില്‍ തലകുനിക്കാം.