ജാതി പ്രതിരോധം മറികടന്ന മതരാഷ്ട്രീയം 

March 11, 2017, 4:53 pm
ജാതി പ്രതിരോധം മറികടന്ന മതരാഷ്ട്രീയം 
Spotlight
Spotlight
ജാതി പ്രതിരോധം മറികടന്ന മതരാഷ്ട്രീയം 

ജാതി പ്രതിരോധം മറികടന്ന മതരാഷ്ട്രീയം 

നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ കടമ്പ ബിജെപി അതിസമര്‍ത്ഥമായി മറികടന്നിരിക്കുന്നു. പണത്തിനായി ക്യൂ നിന്ന ജനങ്ങള്‍ നരേന്ദ്രമോഡിയുടെ സ്വേച്ഛാധികാരത്തെ ക്യൂനിന്ന് തോല്‍പ്പിക്കുമെന്ന എതിരാളികളുടെ രാഷ്ട്രീയ പ്രവചനങ്ങള്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും അസ്ഥാനത്തായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനം പോലെ രണ്ടിടങ്ങളിലും ബിജെപി ഈ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയാധിപത്യം നേടി. പഞ്ചാബില്‍ മറിച്ചും. പഞ്ചാബിനേക്കാള്‍ ദേശീയ രാഷ്ട്രീയം പ്രസക്തമാകുന്നത് ഉത്തര്‍പ്രദേശിലൂടെയാണെന്നതിനാല്‍ ഈ വിജയം ബിജെപിക്ക് അതിരില്ലാത്ത ആഹ്ലാദമേകുന്നതില്‍ അത്ഭുതമില്ല. പ്രതിരോധരാഷ്ട്രീയത്തിന്റെ ഐക്യപ്പെടല്‍ അനിവാര്യമായ സാഹചര്യത്തെ അതനുസരിച്ച് ഉള്‍ക്കാനും ഉപയോഗപ്പെടുത്താനും തുനിഞ്ഞില്ലെന്നതാണ് എതിരാളികള്‍ക്കുണ്ടായ കനത്ത ആഘാതം. തോല്‍വിയും ജയവും നല്‍കുന്ന രാഷ്ട്രീയ പാഠങ്ങള്‍ എല്ലാവര്‍ക്കും പഠിക്കാനുള്ളതാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഒരു താല്‍കാലിക തരംഗം മാത്രമെന്ന ധാരണയാണ് രാഷ്ട്രീയ എതിരാളികള്‍ക്കുണ്ടായത്. തുടര്‍ ജയങ്ങള്‍ക്കാവശ്യമായ രാഷ്ട്രീയാടിത്തറ ബിജെപിയും സംഘപരിവാറും സമാന്തരമായി ഉറപ്പിച്ചുകൊണ്ടിരുന്നത് അവര്‍ക്ക് കാണാനായില്ല. ഉപരിപ്ലവ രാഷ്ട്രീയ വിലയിരുത്തലുകളില്‍ എതിരാളികള്‍ വിശ്രമിച്ചു. ബിജെപിയും സംഘപരിവാറും അപ്പോഴും അടിത്തട്ടില്‍ പ്രയത്‌നിച്ചുകൊണ്ടേയിരുന്നു. നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത മോഡിയില്‍നിന്ന് അത് കിട്ടാത്തതിലെ ഇച്ഛാഭംഗം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് അമിത പ്രതീക്ഷയര്‍പ്പിച്ചു. അതിന് കാരണവുമുണ്ടായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയോന്മാദത്തില്‍ ബിജെപിയുടെ തലയ്‌ക്കേറ്റ അടിയായിരുന്നു ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലാതെ മോഡിയെ ഉയര്‍ത്തിക്കാട്ടിയ ബിജെപിക്ക് ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനോട് ദയനീയമായി കീഴടങ്ങേണ്ടിവന്ന, ബിഹാറില്‍ ഇതിന്റെ ആവര്‍ത്തനമായിരുന്നു. സംസ്ഥാന നേതാവ് സുശീല്‍ കുമാര്‍ മോഡിയായിരുന്നില്ല, പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയായിരുന്നു ബിഹാര്‍ തെരഞ്ഞെടുപ്പിലെയും ബിജെപിയുടെ മുഖം. ‘മഹാഗഡ്ബന്ധന്‍’ ബിജെപിയുടെ അമിതാവേശത്തിന് അവിടെയും കടിഞ്ഞാണിട്ടു. ബിജെപി മാര്‍ഗദര്‍ശക് മണ്ഡലിലെ മുതിര്‍ന്ന നേതാക്കള്‍ മോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിമര്‍ശകരായി. അതുകൊണ്ടുതന്നെ തീവ്രഹിന്ദുത്വത്തിന്റെ വേര് ആഴത്തിലൂന്നിയ മഹാരാഷ്ട്രയിലുണ്ടായ വിജയത്തേക്കാള്‍ മോഡിക്കും അമിത് ഷായ്ക്കും രാഷ്ട്രീയശൗര്യം പ്രകടിപ്പിക്കാനുള്ള ഇടമായിരുന്നു ഉത്തര്‍പ്രദേശ്.

തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ട എല്ലാ ചേരുവകളും ഉത്തര്‍പ്രദേശില്‍ ബിജെപി പ്രയോഗിച്ചു. വിഭാഗീയമായ രാഷ്ട്രീയ ധ്രുവീകരണം അടിത്തട്ടില്‍ സാധ്യമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തന്നെ തങ്ങള്‍ക്കനുകൂലമായ പ്രതലം സൃഷ്ടിച്ചെടുത്തു. മതേതര വോട്ടുകളുടെ ഏകീകരണത്തിനായി ആവസാനഘട്ടത്തില്‍ യോജിച്ച എസ്പിക്കും കോണ്‍ഗ്രസിനും ഇളക്കിമറിക്കാവുന്നതിനേക്കാളേറെ കഠിനമായിരുന്നു അത്. മായാവതിയുടെ ബിഎസ്പിക്ക് തനിച്ച് പോരടിച്ച് ശിഥിലമാക്കാന്‍ പോന്നതുമായിരുന്നില്ല അത്. തെരഞ്ഞെടുപ്പിന് പടിവാതില്‍ക്കല്‍ മുലായം കുടുംബത്തിലുണ്ടായ കലഹം സൃഷ്ടിച്ച എസ്പിയുടെ രാഷ്ട്രീയ പതനം ബിജെപിയുടെ യാത്ര കുറേക്കൂടി എളുപ്പമാക്കുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80 മണ്ഡലങ്ങളില്‍ 71 സീറ്റ് നേടിയാണ് ബിജെപി ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ മേധാവിത്വം നേടിയത്. 43 ശതമാനം വോട്ട് അന്ന് ബിജെപി സ്വന്തമാക്കുകയുണ്ടായി. 15 വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിന് പുറത്തുനില്‍ക്കുന്ന ബിജെപിയുടെ തിരിച്ചുവരവിന്റെ പാത അന്നുതന്നെ വെട്ടിയിരുന്നു. കേന്ദ്രത്തിലെ അധികാരപിന്തുണയിലൂടെ അനായാസം സാധ്യമാക്കാവുന്ന ലക്ഷ്യത്തിലെത്താനും ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ പതിവ് രാഷ്ട്രീയധ്രുവീകരണം അതിതീവ്രമായി പ്രയോഗിച്ചു. ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാക്കിന്റെ കൊലപാതകം ന്യൂനപക്ഷങ്ങളില്‍ സൃഷ്ടിച്ച ഭീതി ബിജെപിയെ തെല്ലും ആകുലപ്പെടുത്തിയില്ല. അതിന്റെ വിപരീത നേട്ടം ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിലൂടെ സാധ്യമാക്കുകയെന്ന കൗശലമാണ് ഫലപ്രദമായി നടപ്പാക്കിയത്. ഖൈരാനയില്‍ ഹിന്ദുക്കള്‍ നാടുവിടേണ്ടിവരുന്നുവെന്ന പ്രചാരണം കള്ളമായിരുന്നുവെന്ന് വസ്തുതുകളിലൂടെ പുറത്തുവന്നെങ്കിലും പ്രായോഗിക രാഷ്ട്രീയ ധ്രുവീകരണത്തിലൂടെയുള്ള വോട്ട് നേട്ടത്തിനായി ബിജെപിക്ക് അതും ഉപയോഗിക്കാനായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ മുസഫര്‍ നഗര്‍ കലാപത്തിലൂടെ ബിജെപി രാഷ്ട്രീയ നേട്ടത്തിന്റെ വിത്തുപാകി. അത് സ്ഥായിയായ മാറ്റത്തിന്റെ സുചകമായിരുന്നു. തിരിച്ചറിഞ്ഞ് പ്രതിരോധമൊരുക്കാന്‍ മതേതര പാര്‍ട്ടികള്‍ക്ക് സാധിച്ചില്ല.

മൂത്തുപഴുത്ത ഈ തീവ്രഹിന്ദുത്വ വികാരത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും അമിത്ഷാ അടക്കമുള്ള ബിജെപി നേതാക്കളുടെയും പ്രസംഗവും പ്രചാരണവുമുണ്ടായത്. മോഡിയുടെ എല്ലാ പ്രസംഗങ്ങളിലും അത് പ്രതിഫലിച്ചു.

ഏറെ വിവാദമായ ‘ഖബറിസ്താന്‍’ പ്രയോഗം മോഡി നടത്തിയത് ഈ രാഷ്ട്രീയ ധ്രൂവീകരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. ‘ഒരു ഗ്രാമത്തില്‍ ഖബറിടമുണ്ടെങ്കില്‍ അവിടെ ശ്മശാനവും ഉണ്ടായിരിക്കണം. റംസാന്‍ നാളില്‍ തടസ്സമില്ലാതെ വൈദ്യുതി നല്‍കുമെങ്കില്‍ ദീപാവലിക്കും നല്‍കണം’ എന്നായിരുന്നു മോഡിയുടെ ഒരു തെരഞ്ഞെടുപ്പ് പ്രസംഗം. പ്രത്യക്ഷത്തില്‍ വലിയ കലാപത്തിന് തിരികൊളുത്തിയില്ലെങ്കിലും പരസ്യപൊതുയോഗങ്ങളും വീടുവീടാന്തരമുള്ള പ്രചാരണങ്ങളിലും സോഷ്യല്‍ മീഡിയയിലെ സമാന്തര പ്രചാരണ രീതികളിലും ഈ വര്‍ഗീയ പ്രചാരണം ബിജെപി സാധ്യമാക്കി.

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അതിസമര്‍ഥമായി ഉപയോഗിച്ചു. ഖോരക്പൂര്‍ എംപി യോഗി ആദിത്യനാഥ് ആയിരുന്നു പരസ്യമായ തീവ്രപ്രചാരണങ്ങളുടെ മുന്നില്‍. എല്ലാവരും ഹിന്ദുത്വം പറയുന്നിടത്ത് അതിരൂക്ഷപ്രയോഗങ്ങളിലൂടെ യോഗി ആദിത്യനാഥ് മാധ്യമങ്ങളില്‍ കൂടുതല്‍ ഇടം നേടി, സംഘപരിവാര്‍ അനുയായികളില്‍ വിദ്വേഷമെന്ന ഏകവികാരം കൂടുതലെത്തിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ച് 1200 മഹാ റാലികളാണ് ബിജെപി നടത്തിയത്. 403 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഓരോന്നിലും മൂന്ന് വീതം വന്‍ റാലികള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡി മാത്രം 24 റാലികളില്‍ പ്രസംഗിച്ചു. ഇതുകൂടാതെ അദ്ദേഹത്തിന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി തങ്ങി മൂന്ന് റോഡ് ഷോകള്‍ നടത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാനത്ത് നടത്തിയ നാല് പരിവര്‍ത്തന്‍ യാത്രകളില്‍ ആറ് വന്‍ റാലികളില്‍ മോഡി പ്രസംഗിച്ചു. നവംബറിന് ശേഷം 30 മഹാറാലികളും മൂന്ന് റോഡ് ഷോകളും. അമിത്ഷായും രാജ്‌നാഥ് സിങും 150 വീതം റാലികളില്‍ പ്രസംഗിച്ചു. ആയിരക്കണക്കിന് ചെറുയോഗങ്ങള്‍ വേറെയും. 17000 'പരിവര്‍ത്തന്‍' യോഗങ്ങളാണ് ബിജെപി യുപിയില്‍ നടത്തിയത്.

ഒരു സംസ്ഥാന ഭരണം പിടിച്ചെടുക്കുന്നതിന് അത്രമേല്‍ സംഘടനാ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയും പരിവാര്‍ സംഘടനകളും. ബിജെപിയുടെ ഈ സംഘടിത ശേഷിയെ മറികടക്കാന്‍ അഖിലേഷ് യാദവിന്, നേതൃത്വം മാത്രമായി ചുരുങ്ങുകയും കീഴ്ത്തട്ടിലെ സംഘടനാ സംവിധാനം തകര്‍ന്ന് തരിപ്പണമാവുകയും ചെയ്ത കോണ്‍ഗ്രസിന്റെ കൈപിടിച്ചതുകൊണ്ടുമാത്രം സാധ്യമാകുമായിരുന്നില്ല. കുടുംബത്തിലുണ്ടായ രാഷ്ട്രീയ കലഹം അത് കുറേക്കൂടി ക്ലേശകരമാക്കി മാറ്റുകയും ചെയ്തു.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അമേഠിയിലും റായ്ബറേലിയിലും മാത്രമൊതുങ്ങിയിട്ട് വര്‍ഷങ്ങളായി. 2014 നല്‍കിയ തിരിച്ചടിയിലും തിരിച്ചുവരവിനുള്ള കാമ്പുള്ള വഴി തേടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. നെഹ്‌റു കുടുംബത്തിന്റെ വേരില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷവും ജനങ്ങള്‍ പാര്‍ട്ടിയെ പിന്തുണക്കുമെന്ന മിഥ്യാബോധം തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. സംഘടനയെ ദുര്‍ബലമാക്കി രാഹുലും പ്രിയങ്കയും അത്ഭുതം കാണിക്കുമെന്ന ധാരണ ഉപേക്ഷിക്കേണ്ട കാലം എന്നേ കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടിയ കോണ്‍ഗ്രസിന് എസ്പിയുമായ സഖ്യത്തിലൂടെ എണ്ണം കൈവിരലിലൊതുങ്ങി.

ജാതിവോട്ടുകള്‍ പ്രസക്തമായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. രാജ്യത്തെ ആകെ ദളിത് പ്രാതിനിധ്യം 17 ശതമാനമാണെങ്കില്‍ ഉത്തര്‍പ്രദേശില്‍ 21 ശതമാനമാണ്. മായാവതിയുടെ ബിഎസ്പി വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുകയെന്ന ദൗത്യമായിരുന്നു ബിജെപിയെടുത്തത്. ഉത്തര്‍പ്രദേശിലെ ജാതിരാഷ്ട്രീയത്തിന് പകരം മോഡിയുടെ വികസനവാദം എന്നതായിരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രയോഗിച്ച തന്ത്രം. നിയമസഭാ തെരഞ്ഞെടുപ്പിലും അതാവര്‍ത്തിച്ചു. ബാഹ്യമായ ഈ പ്രചാരണ കോലാഹലത്തിനിടയിലും ജാതിരാഷ്ട്രീയത്തെ അനുകൂലഘടകമാക്കി മാറ്റുകയാണ് ബിജെപി ചെയ്തത്. 21 ശതമാനമാണ് ഉത്തര്‍പ്രദേശിലെ ജനറല്‍ വിഭാഗത്തിലെ ജനസഖ്യ. 21 ശതമാനം ദളിതരും 19 ശതമാനം മുസ്ലിങ്ങളും 39 ശതമാനം ഒബിസിക്കാരും ഉത്തര്‍പ്രദേശ് ജനവിധിയില്‍ പങ്കാളികളായി.

മനുസ്മൃതി കത്തിച്ച ഡോ. ബിആര്‍ അംബേദ്കറെ രാഷ്ട്രീയനേട്ടത്തിനായി 'സ്വന്തമാക്കി' മോഡിയും ബിജെപിയും കാണിച്ച രാഷ്ട്രീയ കൗശലത്തെ പ്രതിരോധിക്കാന്‍ മായാവതിക്ക് സാധിക്കാതെ പോയി. മോഡിയുടെ മുന്നൊരുക്കങ്ങള്‍ നേരത്തേ തുടങ്ങിയിരുന്നു. അംബേദ്കറെ ആദരിക്കുന്നുവെന്ന് പ്രതീതി സൃഷ്ടിച്ച് പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം ചേര്‍ന്നു. അംബേദ്കറുടെ ജന്മനാട് മോഡി സന്ദര്‍ശിച്ചു.

ദളിത് നേതാക്കളെ പേരുകള്‍ എല്ലാ പൊതുയോഗങ്ങളിലും മോഡി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ഭഗവത്തിന്റെ സംവരണവിരുദ്ധ പരാമര്‍ശം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സൃഷ്ടിച്ച ആഘാതം ഓര്‍ത്തെടുത്ത് തങ്ങളുടെ യഥാര്‍ഥ രാഷ്ട്രീയം പറയാതെ ഉത്തര്‍പ്രദേശില്‍ സെല്‍ഫ് ഗോളുകള്‍ ഒഴിവാക്കാനുള്ള കണിശത പുലര്‍ത്തി.

ദളിത്-ബ്രാഹ്മിണ്‍ ഐക്യത്തിലൂടെയായിരുന്നു മായാവതി ഒടുവില്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ മേല്‍ക്കൈ നേടിയത്. അത് പക്ഷ മായാവതിയുടെ പില്‍ക്കാല രാഷ്ട്രീയദുരന്തമായി മാറി. ബ്രാഹ്മണവോട്ടുകള്‍ മാത്രമല്ല മായാവതിയുടെ പക്കലുണ്ടായിരുന്ന ദളിത് വോട്ടുകള്‍ കൂടി ബിജെപി പാളയത്തിലേക്ക് ക്രമേണ നീങ്ങി. തനിച്ച് നിന്ന് അസ്ഥിത്വം തെളിയിച്ച് വീണ്ടെടുക്കാവുന്നതിലപ്പുറം അത് അകന്നു. സാമൂഹികമായി ബിജെപിയുടെ രാഷ്ട്രീയധാരയെ എതിര്‍ക്കേണ്ടവരായിരുന്നു ഈ ബഹുഭൂരിപക്ഷം.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡി അനുകൂല തരംഗമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ കാണിച്ച അത്യുത്സാഹത്തിന്റെ തുടര്‍ച്ച ഉത്തര്‍പ്രദേശിലെ കീഴ്ത്തട്ട് യാഥാര്‍ഥ്യം മറച്ചുപിടിക്കുന്നതിലുമുണ്ടായി. തെരഞ്ഞെടുപ്പിന്റെ എല്ലാഘട്ടത്തിലും മായാവതിയെയും അവരുയര്‍ത്തിയ രാഷ്ട്രീയബദലിനെയും ബിജെപി സൃഷ്ടിച്ച രാഷാഷ്ട്രീയാധീകാരത്തിന്റെയും പണക്കൊഴുപ്പിന്റെ തണല്‍പറ്റി മാധ്യമങ്ങള്‍ അവഗണിച്ചു. അഭിപ്രായ രൂപീകരണത്തില്‍ ഇപ്പോഴും മുഖ്യധാരയിലേക്ക് വന്നിട്ടില്ലാത്ത, ആശയശൂന്യതയനുഭവിക്കുന്ന പിന്നാക്കവിഭാഗത്തിന്റെ ചാന്താധാരകളെ എളുപ്പത്തില്‍ സ്വാധീനിക്കുന്നതായിരുന്നു ഇത്തരം പ്രചാരണങ്ങള്‍. ഏറ്റവും അരക്ഷിതരായ തങ്ങള്‍ക്ക് ആര് തുണയേകുമെന്നതായിരുന്നു ദളിതരുടെയും മുസ്ലീം ന്യൂനപക്ഷങ്ങളുടെയും ആകുലത. മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ അകന്നുനിന്ന മായാവതി ജനങ്ങളോട് ചേര്‍ന്നുനിന്നെങ്കിലും അവരുടെ വിശ്വാസ്യത നേടിയെടുക്കുന്നതില്‍ വിജയിച്ചില്ല.

എസ്പിയിലെ കലഹങ്ങള്‍ മുസ്ലിങ്ങളെ മറ്റൊരു അനിശ്ചിതത്വത്തിലേക്ക് നീക്കി. അത് മാറ്റാനുള്ള ധൈര്യം പകരാന്‍ രാഹുല്‍ അഖിലേഷ് സൈക്കിള്‍ യാത്രകൊണ്ട് സാധിച്ചതുമില്ല. അവസാനഘട്ട തെരഞ്ഞെടുപ്പ് കൈകോര്‍ക്കലുകള്‍ ജനത്തിന്റെ വിശ്വാസ്യതയ്ക്ക് പര്യാപ്തമായി തോന്നിയിട്ടുണ്ടാകില്ല. ബിഹാര്‍ മാതൃകയില്‍ ഒരു മഹാസഖ്യം ഉത്തര്‍പ്രദേശില്‍ സാധ്യമാകുമായിരുന്നു. മായാവതിയും ഇടതുപാര്‍ട്ടികളും തനിച്ച് മത്സരിച്ച ആ സാധ്യതയോട് പുറംതിരിഞ്ഞു.