പെരുമ്പാവൂരിനുശേഷം വാളയാറും പറയുന്നത് തോറ്റ (തോല്‍പ്പിക്കപ്പെട്ട) ജനതയുടെ ജീവിതാവസ്ഥകള്‍ 

March 8, 2017, 8:37 pm
പെരുമ്പാവൂരിനുശേഷം വാളയാറും പറയുന്നത് തോറ്റ (തോല്‍പ്പിക്കപ്പെട്ട) ജനതയുടെ ജീവിതാവസ്ഥകള്‍ 
Spotlight
Spotlight
പെരുമ്പാവൂരിനുശേഷം വാളയാറും പറയുന്നത് തോറ്റ (തോല്‍പ്പിക്കപ്പെട്ട) ജനതയുടെ ജീവിതാവസ്ഥകള്‍ 

പെരുമ്പാവൂരിനുശേഷം വാളയാറും പറയുന്നത് തോറ്റ (തോല്‍പ്പിക്കപ്പെട്ട) ജനതയുടെ ജീവിതാവസ്ഥകള്‍ 

വാളയാറിലെ, ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ, ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തണമെന്ന് പോലീസിന് പോലും തോന്നാത്ത ഒരു മരണം, (അല്ല കൊലപാതകം) സഹോദരിയുടെ കൂടി മരണത്തിന് ശേഷം വാര്‍ത്താ തലക്കെട്ടുകളിലേക്കും, നെടുവിര്‍പ്പിടുന്ന ധാര്‍മ്മിക രോഷത്തിലേക്കും ശക്തമായ നടപടിയെന്ന ഭരണ കൂടത്തിന്റെ പതിവ് പ്രഖ്യാപനങ്ങളിലേക്കും മാറിയിരിക്കുന്നു. ഇനി മറ്റൊരു കൂടുതല്‍ ഉദ്വേഗജനകമാക്കാവുന്ന വാര്‍ത്തകള്‍ വരുംവരെ മാധ്യമങ്ങള്‍ക്കും, ചെളിവാരിയെറിഞ്ഞ് സ്വന്തം കേമത്തം സ്ഥാപിച്ചെടുക്കാന്‍ മറ്റൊരു വിഷയം കിട്ടും വരെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും രണ്ട് കുട്ടികളുടെ മരണം ഞെട്ടിക്കുകയും ലജ്ജിപ്പിച്ച് തലതാഴ്ത്തിപ്പിക്കുകയും ചെയ്യുന്ന ഒരു കഥയായിരിക്കും.

ഇതിനെല്ലാമപ്പുറം തോറ്റ ജനതയാണ് ഞങ്ങളെന്ന് പറഞ്ഞ് ജീവനൊടുക്കിയ പഴയ വിപ്ലവകാരിയുടെ വാക്കുകളാവും സ്ത്രീ പീഢനത്തെയും ബാലപീഢനത്തെയും സ്ഥലനാമ പേരുകളാക്കി ചുരുക്കിയ മലയാളിയുടെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന് ഇപ്പോള്‍ ചേരുക.

പെരുമ്പാവൂരിലെ ജിഷയുടെ ജീവനില്ലാതാക്കിയ സംഭവത്തില്‍നിന്ന് വാളയാറിലെ രണ്ട് ദളിത് കുട്ടികളെ കൊല്ലിപ്പിക്കുന്നതിലേക്ക് നയിച്ച സംഭവം ബോധ്യപ്പെടുത്തുന്നത്, ഒന്നും പഠിക്കാത്ത ഒരു സംഭവവും സ്വാധീനിക്കാത്ത ഒരു അപ്പൂപ്പന്‍ താടി സമൂഹമായി കേരളം മാറിയെന്നുതന്നെയാണ്. കാരണം അത്രയേറെയുണ്ട് ജിഷയും തൃപ്തികയുടെ ജീവിത ദുരന്താനുഭവങ്ങള്‍ തമ്മില്‍. വാക്കുകള്‍ക്കപ്പുറം, രാഷ്ട്രീയ ഉപയോഗത്തിനപ്പുറം, പെരുമ്പാവൂരിലെ ജിഷയെന്ന പെണ്‍കുട്ടിയുടെ ദുരന്താന്ത്യം കേരളത്തെ എന്തെങ്കിലും പഠിപ്പിച്ചിരുന്നുവെങ്കില്‍ തൃപ്തികയും അവളുടെ അനുജത്തിയും ആ കൂടുംബവും അവരുടെ എല്ലാ ഇല്ലായ്മകള്‍ക്കിടയിലും ജീവിച്ചുപോയെനെ, എന്നെങ്കിലും ഒരു നല്ല കാലം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍.

ഒന്നര മാസത്തിനുശേഷം ഇപ്പോള്‍ വാളയാര്‍ സംഭവത്തില്‍ (രണ്ട് നിര്‍ധനനരായ പെണ്‍കുട്ടികളെ ജീവിക്കാനനുവദിക്കാത്ത സ്ഥലപേരിലാവും ഇനി വാളയാര്‍ അറിയപ്പെടുക കുറച്ചുകാലത്തെങ്കിലും )അന്വേഷണവും പ്രതികളെ പിടിക്കാനും പൊലീസ് ആരംഭിച്ചിരിക്കുന്നു. പക്ഷേ അതിന് കുരുതി കൊടുക്കേണ്ടിവന്നത് അനിയത്തി ശരണ്യയെ കൂടി ജീവിതമാണ്. ചേച്ചി തൃപ്തിക ജീവനൊടുക്കിയ അതേ സ്ഥലത്ത് ഒമ്പത് വയസ്സുകാരി ശരണ്യ കൂടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണവും സര്‍ക്കാര്‍ ഇടപെടലും ഉണ്ടായത്. (ജീവിതം എന്തെന്ന് പോലും മനസ്സിലാക്കാന്‍ കഴിയുന്നതിന് മുമ്പ് മരണം എങ്ങനെ സാക്ഷാല്‍ക്കരിക്കുമെന്ന് ആരാണ് തൃപ്തികയെയും ശരണ്യയെയും പഠിപ്പിച്ചിട്ടുണ്ടാവുക).

അതല്ല, എത്രമേല്‍ സ്വാഭാവികമായാണ് ജിഷയുടെ കൊലപാതകം സ്വാഭാവികമെന്ന് എഴുതിയ പോലീസ് മികവ് തൃപ്തികയുടെ കാര്യത്തിലും ആവര്‍ത്തിച്ചതെന്നാണ്. ( പോലീസ് മാറില്ല, ഭരണം മാറിയതുകൊണ്ട് മാത്രം എന്ന സിദ്ധാന്തം സി പി ഐ എം ബുദ്ധിജീവികള്‍ ശക്തമായി ആവിഷ്‌ക്കരിച്ചത് ഭരണം ഏറി മാസങ്ങള്‍ കഴിഞ്ഞാണല്ലോ, അതുകൊണ്ട് ഇനി ആര്‍ക്കും പൊലീസിനെ സ്വതന്ത്രമായി കുറ്റപ്പെടുത്താം.)

ക്രൂരമായ രീതിയില്‍ ജിഷ കൊല ചെയ്യപ്പെട്ട് ആദ്യ ആഴ്ചകളില്‍ സ്വാഭാവിക മരണമായി എഴുതി തള്ളാന്‍ നിന്ന അതേ നിലപാട് തന്നെയാണ് വാളയാര്‍ പൊലീസും മൃതശരീരം പരിശോധിച്ച സര്‍ജനും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും സ്വീകരിച്ചത്.

ജിഷയ്ക്കും തൃപ്തികക്കും ഒരു സമാനതയുണ്ട്. ആ സമാനത ഇവര്‍ രണ്ടു പേരും ദളിത് കുടുംബങ്ങളിലാണ് ജനിച്ചതെന്നാണ്. അവര്‍ രണ്ട് പേരുടേയും ജീവിത സാഹചര്യങ്ങളും ഒന്നു തന്നെ. പെരുമ്പാവൂരിലെ തോട്ടുവക്കിലെ പുറമ്പോക്കിലാണ് ജിഷ ജീവിച്ചതെങ്കില്‍ തൃപ്തികയുടെ സാഹചര്യവും മറ്റൊന്നായിരുന്നില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം ദളിതരും ജീവിക്കുന്ന മൂന്നു സെന്റ് ഭൂമിയില്‍ തന്നെയാണ് അവള്‍ സഹോദരിക്കും അവരുടെ മാതാപിതാക്കള്‍ക്കുമൊപ്പം ജീവിച്ചത്.

വാളയാറിലെ അട്ടപ്പള്ളത്തെ സെല്‍വപുരം എന്ന കുന്നിന്‍ പുറത്തെ കുറച്ച് ചെറിയ വീടുകള്‍. അവിടെ മൂന്ന് സെന്റ് ഭൂമിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭിച്ച ധനസഹായത്താല്‍ പാതി നിര്‍മ്മാണം പൂര്‍ത്തിയാക്കി നില്‍ക്കുന്ന വീട്. അതിനപ്പുറത്ത് താല്‍ക്കാലികമായുണ്ടാക്കിയ അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു ഭാഗ്യവതിയും ഷാജിയും അവരുടെ മക്കളായ തൃപ്തിക, ശരണ്യ, സഹോദരനായ ഷിബുവും താമസിച്ചിരുന്നത്. കെട്ടിടം പണിക്കു പോകുന്ന മാതാപിതാക്കള്‍ ജോലിക്കു പോയാല്‍ ഈ കുട്ടികള്‍ അവിടെ തനിച്ചാണ്. ഭാഗ്യവതിയുടെ തറവാട്ടില്‍ വിട്ടാണ് പലപ്പോളും ഇവര്‍ ജോലിക്ക് പോകാറുള്ളത്. അങ്ങനെ ദരിദ്രപൂര്‍ണ്ണമായ ഒരു വീട്ടിലെ ഒരു പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെടുമ്പോള്‍ സ്വാഭാവികമായും സംശയം ആര്‍ക്കായാലും ഉണ്ടാവേണ്ടതാണ്. എന്നാല്‍ പുറമ്പോക്കിലെ ജീവിതങ്ങള്‍ കേരളത്തിന്റെ പുരോഗമന രാഷ്ട്രീയത്തെ പോലും അസ്വസ്തമാക്കാന്‍ ശേഷിയില്ലാത്തതുകൊണ്ടാവും അങ്ങനെ ഒന്നും ഉണ്ടായില്ല. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്ന് പൊതുവില്‍ പ്രതീക്ഷിക്കുന്ന പൊലീസിനോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഒരു സംശയവും ഉണ്ടായില്ല. മാത്രമല്ല വളരെ തിടുക്കത്തില്‍ അന്വേഷണവും മറ്റ് നടപടികളും അവസാനിപ്പിച്ച് സ്വസ്ഥമാവാനായിരുന്നു അവര്‍ക്ക് തിടുക്കം. അതേ സമയം മരണപ്പെട്ടത് ദളിത് വിഭാഗത്തില്‍ പെട്ട കുട്ടിയാണെന്ന് അവര്‍ ദീര്‍ഘ കാലത്തേക്ക് മറച്ചു വയ്ക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.

ദളിത് വിഭാഗത്തില്‍ പെട്ടവര്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചെന്നു കണ്ടാല്‍ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന പ്രകാരം ഡിവൈഎസ്പി റാങ്കിന് മുകളിലുള്ളവര്‍ കേസ് അന്വേഷിക്കണം എന്ന നിയമം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. മാത്രമല്ല പട്ടിക ജാതി-വര്‍ഗ അതിക്രമ നിയമ പ്രകാരമോ, പോസ്‌കോ നിയമ പ്രകാരമോ കേസ് ആദ്യമരണത്തെ തുടര്‍ന്ന് എടുത്തിട്ടില്ല. പതിവ് പോലെ ഇവിടെയും പിജി വിദ്യാര്‍ഥിനി തന്നെയാണ് പോസ്റ്റ്‌മോര്‍ടെം നിര്‍വഹിച്ചത്. രണ്ടാമത്തെ മരണത്തില്‍ എഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരം പോസ്റ്റ്‌മോര്‍ടെം നടത്തിയത് കൊണ്ട് മാത്രമാണ് പ്രകൃതി വിരുദ്ധ പീഡനം നടന്നിട്ടുണ്ടെന്ന് മനസിലാക്കിയത്. തൃപ്തികയുടെ മരണം നടന്നു പിറ്റേ ദിവസം തന്നെ കുറ്റാരോപിതനായ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് വൈകുന്നേരം വിട്ടയക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളവര്‍ മരണം നടന്ന ദിവസങ്ങളിലും തുടര്‍ന്നും മരണ വീട്ടില്‍ സന്ദര്‍ശകരായി എത്തിയിരുന്നു.

ഇപ്പോള്‍ മരണപ്പെട്ട ശരണ്യ അന്ന് സഹോദരി മരിച്ച ദിവസം വീടിന്റെ പരിസരത്ത് നിന്ന് മുഖം മറച്ച് രണ്ട് പേര്‍ പോകുന്നത് കണ്ടു എന്ന പറഞ്ഞത് മുഖ വിലക്കെടുക്കുന്നതിനോ തുടര്‍ന്ന് അതിനെ പിന്‍പറ്റി അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നാണ് ഇപ്പോള്‍ പൊലീസ് തന്നെ പറയുന്നത്. അന്ന് പൊലീസോ പോസ്റ്റ്മോര്‍ട്ടം നടത്തിയ സര്‍ജനോ കണ്ടെത്താത്ത തെളിവുകള്‍ ശരണ്യയുെട മരണത്തിന് ശേഷം കണ്ടെത്തിയിരിക്കുന്നു. അഞ്ച് പേരാണ് സംഭവത്തിനു പുറകിലെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നു. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുത്തവരില്‍ നിന്ന് ലഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതികളെയെല്ലാവരെയും തന്നെ ഉന്നത പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്ന പൊലീസാണ് ഇപ്പോള്‍ പുതിയ തെളിവുകള്‍ കണ്ടെത്തിയത്. ശരണ്യയുടെ മരണത്തെ തുടര്‍ന്നുണ്ടായ സാമൂഹ്യ സമ്മര്‍ദ്ദമെന്ന് പറയാം.

ശരണ്യയുടെ മരണം സംഭവിച്ച് രണ്ട് ദിവസത്തിനു ശേഷം സംഭവം ചര്‍ച്ചയായപ്പോള്‍ പൊലീസിന് വളരെ പെട്ടെന്ന് കണ്ടെത്താനാവുന്ന പ്രതികളെയും തെളിവുകളും നേരത്തെയും കണ്ടെത്താമായിരുന്നല്ലോ. അപ്പോള്‍ എന്തു കൊണ്ട് അത് കണ്ടെത്തിയില്ല. അതിനുത്തരം ജിഷ വധക്കേസിലും ഇപ്പോഴത്തെ ദുരൂഹ മരണങ്ങളിലുമുണ്ട്. ദളിത് പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഇവരുടെ രണ്ട് പേരുടെ മരണങ്ങളും അന്വേഷിക്കാന്‍ പൊലീസിനോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ താല്‍പര്യമുണ്ടായിരുന്നില്ല. സ്ഥലത്തെ പഞ്ചായത്ത് മെമ്പര്‍മാരിലൊരാളായ ബാലമുരളി പറഞ്ഞത് പോലെ ആരെയും സഹായിക്കാനൊന്നുമായിരിക്കില്ല, പക്ഷെ മരിച്ചതൊരു ദളിത് പെണ്‍കുട്ടിയല്ലേ, അത് കൊണ്ട് ഇത് അന്വേഷിക്കാനൊന്നും പോവേണ്ടതില്ല എന്ന പൊതുബോധം പൊലീസിനെയും ബാധിച്ചിരിക്കാം എന്നതാണ്.

ഇത് നൂറുശതമാനം കൊലപാതകം തന്നെയാണ്. പതിനാല് വയസ്സുകാരി പെണ്‍കുട്ടി എന്തിന് ആത്മഹത്യ ചെയ്യണമെന്ന് ആലോചിക്കുന്നതിനോ, താഴെയുള്ള മരണപ്പെട്ട സഹോദരി പറഞ്ഞ ആ രണ്ട് പേരെ കണ്ടെത്താനോ പൊലീസ് ശ്രമിച്ചില്ല. ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്ന് സമയമെടുത്ത് ശാസ്ത്രീയ പരിശോധന നടത്താന്‍ പരിശോധിച്ച് സര്‍ജന്‍ തയ്യാറായിട്ടില്ല. ശിശു സംരക്ഷണ സമിതി പോലെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ വഴിക്കൊന്ന് വന്നതു പോലുമില്ല 
ബാലമുരളി, പഞ്ചായത്ത് അംഗം

തൃപ്തികയുടെ മരണം നടന്നയുടനെ നടത്തേണ്ട അന്വേഷണങ്ങള്‍ വേണ്ട വിധ നടത്താത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുകയോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോട് വിശദീകരണം തേടാനോ ഇത് വരെ ഭരണകൂടം തയ്യാറായിട്ടില്ല. ഇപ്പോള്‍ അന്വേഷണ ഉദ്യോസ്ഥനെ മാറ്റിയിട്ടുണ്ട്. കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പ്ര്ഖ്യാപിച്ചിട്ടുമുണ്ട്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരുത്തില്ലെന്നും. പെരുമ്പാവൂരില്‍ ജിഷകൊല്ലപ്പെട്ടപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയും ഇതൊക്കെ പറഞ്ഞിരുന്നു. ഇപ്പോള്‍ എല്ലാ വകുപ്പുകളുടേയും വാഹനങ്ങള്‍ അട്ടപ്പള്ളത്തെ ശെല്‍പുരം കുന്നത്തെ മരണവീട് തേടിയെത്തുന്നുണ്ട്. മരണത്തിലെങ്കിലും ദളിത് ജീവിതങ്ങള്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ വൃന്ദവും ആഘോഷിക്കാറുണ്ട്. തൃപ്തികയുടെയും ശരണ്യയുടെയും ജീവിതവും മരണവും അതാണ് ബോധ്യപ്പെടുത്തുന്നത്.