മാര്‍ക്‌സിനെ ആരാധിക്കണോ വായിക്കണോ?

March 12, 2017, 3:40 pm
മാര്‍ക്‌സിനെ ആരാധിക്കണോ  വായിക്കണോ?
Spotlight
Spotlight
മാര്‍ക്‌സിനെ ആരാധിക്കണോ  വായിക്കണോ?

മാര്‍ക്‌സിനെ ആരാധിക്കണോ വായിക്കണോ?

സൈബര്‍ ലോകം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത് പൊട്ടന്‍ഷ്യല്‍ പെഡോഫയലുകള്‍ ഉണ്ടാക്കിയ മഞ്ച്, മധുരപലഹാരവിവാദങ്ങളായിരുന്നു എങ്കില്‍ അതിന് പുറത്ത് ഭൗതിക ലോകത്തുനിന്നും സമാന്തരമായി വന്നുകൊണ്ടിരിക്കുന്നത് ഒരു കൃത്യം എന്ന നിലയില്‍ തന്നെ അത് നാട്ടില്‍ സാധരണമായിക്കൊണ്ടിരിക്കുന്നു എന്ന് തെളിയിക്കുന്ന തരം വാര്‍ത്തകളായിരുന്നു. ബാലികാ പീഡനങ്ങളുടെ, കൊലകളുടെ, ആത്മഹത്യകളുടെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തില്‍ എങ്കിലും വിഷയത്തെ അക്കാദമിക് ചര്‍ച്ചകള്‍ വിട്ട് നിയമനടപടികളിലൂടെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. അതിലാവട്ടെ നമ്മുടെ പൊലീസ് സംവിധാനം ഗുരുതരമായ വീഴ്ചകളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്.

ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും എന്നതില്‍ സംശയമില്ല. ഭരണകൂടത്തില്‍ വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള ഇത്തരം വീഴ്ചകള്‍ക്കെതിരേ പ്രസ്താവനകളല്ല, കടുത്ത നടപടികളാണ് വേണ്ടത്. കൃത്യനിര്‍വ്വഹണത്തില്‍ കുറ്റകരമായ അലംഭാവം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പതിവ് സസ്‌പെന്‍ഷന്‍, സ്ഥലം മാറ്റം ചടങ്ങിനപ്പുറം കാമ്പുള്ള, ജനത്തിന്റെ വിശ്വാസം വീണ്ടെടുക്കാന്‍ പോന്ന നടപടികള്‍. അതുണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നത് എന്ത് എന്നതിന്റെ സൂചനയാണ് ഏതാനും ശിവസേനക്കാര്‍ ചേര്‍ന്ന് കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍വച്ച് നമുക്ക് കാട്ടിത്തന്നത്.

ദുരന്തത്തില്‍ നിന്ന് പ്രഹസനത്തിലേക്ക്

'ദി എയ്റ്റീന്ത് ബ്രൂമയര്‍ ഒഫ് ലൂയി നെപ്പോളിയന്‍' എന്ന മാര്‍ക്‌സിയന്‍ പ്രബന്ധത്തില്‍ ചരിത്രം ആവര്‍ത്തിക്കുന്നു, ആദ്യം ദുരന്തമായി, പിന്നെ പ്രഹസനമായി എന്ന ഒരു നിരീക്ഷണമുണ്ട്. ഒരുപക്ഷേ ഏറ്റവും അധികം ഉദ്ധരിക്കപ്പെട്ടിട്ടുള്ള മാര്‍ക്‌സിയന്‍ വാചകങ്ങളില്‍ ഒന്ന്. നാം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ പശ്ചാത്തലത്തിലും അത് പ്രസക്തമാണ്. ശൈശവ വിവാഹ നിരോധനം മുതല്‍ ഏജ് ഓഫ് കണ്‍സന്റ് നിശ്ചയിക്കലും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗീക ബന്ധത്തെ കുറ്റകൃത്യമായി പ്രഖ്യാപിക്കലുമൊക്കെ അതാത് ചരിത്രഘട്ടത്തില്‍ നിലനിന്ന സാമൂഹ്യ, സാംസ്‌കാരിക അവസ്ഥകളൊട് ധനാത്മകമായി പ്രതികരിച്ചുകൊണ്ട് ഇരപക്ഷം ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ട ചരിത്ര പ്രാധാന്യമുള്ളനിയമങ്ങളായിരുന്നു. അതങ്ങനെയായിരിക്കുമ്പോഴും അന്ന് അവയെ എതിര്‍ക്കാന്‍ ഒരു വന്‍ ഒരു യഥാസ്ഥിതിക പക്ഷമുണ്ടായിരുന്നു എന്നതാണ് ദുരന്തം.

കൊച്ചി മറൈന്‍ഡ്രൈവില്‍ പൊലീസ് നോക്കി നില്‍ക്കെ  ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാരഗുണ്ടായിസം
കൊച്ചി മറൈന്‍ഡ്രൈവില്‍ പൊലീസ് നോക്കി നില്‍ക്കെ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാരഗുണ്ടായിസം

ഇന്നിതാ പതിറ്റാണ്ടുകള്‍ക്ക് ശേഷം ആ ദുരന്തം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. എന്നാല്‍ അന്നത്തേതില്‍നിന്ന് സമഗ്രാര്‍ത്ഥത്തില്‍ ഏറെയൊന്നും മാറിയിട്ടില്ലാത്ത സാമൂഹ്യസാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പൊഴും ആ പഴയ എതിര്‍പ്പ് ആവര്‍ത്തിക്കുന്നവരെ പക്ഷേ നാം ഇന്ന് വിളിക്കുന്നത് യാഥാസ്ഥിതികരെന്നല്ല, നിഷേധികള്‍ അഥവാ റെബലുകള്‍, ധൈഷണികര്‍ എന്നൊക്കെയാണ്. അവരുടെ വാദങ്ങളില്‍ നാം തിരയുന്നത് സിദ്ധാന്തമാണ്. ഇത് തന്നെയാണ് ആവര്‍ത്തിക്കുന്ന ദുരന്തത്തെ പ്രഹസനമാക്കി മാറ്റുന്നതും!

ഇതിനെ വേറൊരു നിലയ്ക്കും വ്യാഖ്യാനിക്കാം. ഈ നിയമമൊക്കെ നിലനില്‍ക്കുമ്പോഴും പല ഭാഷ്യങ്ങളില്‍ അധികാരമുള്ളവര്‍ അതിനെ ലംഘിച്ചിരുന്നു. നിയമവും വ്യവസ്ഥയും അതിന് വഴങ്ങിക്കൊടുത്തിരുന്നു എന്നതാണിവിടെ ദുരന്തം. അത്തരം ഒരു വഴങ്ങിക്കൊടുക്കല്‍ എന്ന് സംശയിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ വാളയാറിലും മറ്റുമൊക്കെയായി പൊലീസിനെന്ന നിയമ നിര്‍വഹണ ഏജന്‍സിയെ കേന്ദ്രമാക്കി ആവര്‍ത്തിക്കുന്നത്. എന്നാല്‍ ആ ദുരന്തത്തിനോട് നമ്മുടെ സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന ആദ്യ സംഘടിത പ്രതികരണം എന്തായിരുന്നു? പെണ്‍കുട്ടികള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍ തടയുക എന്ന മുദ്രാവാക്യവുമുയര്‍ത്തി ശിവസേന പോലെയൊരു സംഘടന കൊച്ചിയിലെ മറൈന്‍ ഡ്രൈവിലെത്തി ഒരുമിച്ചിരിക്കുന്ന ആണ്‍കുട്ടികളെയും പെങ്കുട്ടികളെയും തല്ലിയോടിച്ചു..! ചരിത്രം ആവര്‍ത്തിക്കുന്നു, ആദ്യം ദുരന്തമായി.., പിന്നെ പ്രഹസനമായി.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍

ഒരു ദുരന്തം സംഭവിച്ചാല്‍ പിന്നെ അതിന്റെ വ്യാപ്തിയും തീവ്രതയും കുറയ്ക്കുകയല്ലാതെ ഭരണകൂടങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനാവില്ല. അത് പക്ഷേ പ്രാകൃതിക ദുരന്തങ്ങളുടെ കാര്യത്തില്‍. കൊച്ചിയില്‍ നടന്നത് അത്തരം ഒന്നല്ല. മുന്‍ കൂട്ടി പ്രഖ്യാപിച്ചാണ് അവര്‍ ഈ 'തല്ലിയോടിക്കല്‍ സമരം' നടത്തിയത്. എന്നാല്‍ ലഭ്യമായ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും പരിശോധിച്ചാല്‍ ഈ അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ പൊലീസ് പൂര്‍ണ്ണമായും നിഷ്‌ക്രിയമായിരുന്നു എന്ന് വ്യക്തം. ഈ സമരം പെണ്‍കുട്ടികള്‍ക്ക് എതിരേയുള്ള അത്രിക്രമങ്ങള്‍ക്ക് എന്നപോലെ 'കുടചൂടി പ്രണയ'ങ്ങള്‍ക്കും എതിരായിരുന്നത്രേ. അതിന്റെ ഭാഗമായാണത്രേ ഈ തല്ലിയോടിക്കല്‍!

 ശിവസനേ പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസത്തിനെതിരെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രതിഷേധം 
ശിവസനേ പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസത്തിനെതിരെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രതിഷേധം 

രാഷ്ട്രീയ സംഘടനകള്‍ ന്യായവും അന്യായവുമായ കാരണങ്ങള്‍ നിരത്തി ഭരണകൂടത്തിനെതിരേ സമരങ്ങള്‍, ധര്‍ണ്ണ, പിക്കറ്റിങ്ങ് ഒക്കെ സംഘടിപ്പിക്കാറുണ്ട്. അവ നടക്കുമ്പോള്‍ ഫയറെഞ്ചിനും, ടിയര്‍ ഗ്യാസും, ബാരിക്കേഡും ഒക്കെയായി ഒരു വന്‍ പൊലീസ് സന്നാഹം ഒപ്പം കാണും. സമരം സമാധാനകരമാണെങ്കില്‍ സാധരണഗതിയില്‍ ചിട്ടപ്പടി അറസ്റ്റിലും നീക്കം ചെയ്യലിലും അത് അവസാനിക്കും. എന്നാല്‍ പ്രകോപനമുണ്ടായാല്‍ അവരുടെ സ്വഭാവവും മാറും. ലാത്തിച്ചാര്‍ജ്, ടിയര്‍ഗ്യാസ്, വെടിവയ്പ്പ് വരെ ഉണ്ടാവും. 'അക്രമാസക്തമായ ആള്‍കൂട്ടം' എന്നതാവും സ്ഥിരം മറുപടി. എന്നാല്‍ ഇവിടെ സംഭവിച്ചതെന്താണ്? അക്രമാസക്തമായ ഒരു ആള്‍കൂട്ടം അത് എണ്ണം കൊണ്ട് എത്ര ചെറുതായാലും ഇവിടെ ഉണ്ടായിരുന്നു. പക്ഷേ അക്രമം സിവില്‍ സമൂഹത്തിന്റെ മേല്‍ ആയിരുന്നു. പൊലീസ് അത് കണ്ടുനിന്നു.

ഭരണകൂടത്തിനെതിരേ നടത്തുന്ന പ്രതീകാത്മക സമരങ്ങളില്‍ എന്നപോലെ ഒരു നിലപാടെടുത്തുകൊണ്ട് പൊലീസ് ഈ സമരാഭാസത്തെ, പൗരന്റെ മൗലീകാവകാശങ്ങള്‍ക്ക് മുകളിലുള്ള നിന്ദ്യമായ കടന്നുകയറ്റത്തെ കണ്ടുനിന്ന് ലെജിറ്റിമൈസ് ചെയ്തു എന്നതാണ് ഇവിടെ ദുരന്തത്തെ പ്രഹസനത്തിലേക്ക് വളര്‍ത്തുന്നത്. എന്തായാലും ദുരന്തം സംഭവിച്ചു. ഇനി ആശ്വാസ പ്രവര്‍ത്തനങ്ങളുടെ സമയം. ആറോളം ശിവസേന പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. ഒപ്പം അഴിഞ്ഞാട്ടം കണ്ട് നിന്ന പൊലീസിനെതിരെയും മണികൂറുകള്‍ക്കുള്ളില്‍ നടപടി ഉണ്ടായി എന്നതും ആശ്വാകരം തന്നെ.പക്ഷേ അത്തരം പതിവ് സ്ഥലം മാറ്റല്‍, ചടങ്ങ് നടപടികള്‍ കൊണ്ട് എന്ത് കാര്യം? ഇതെ കൊച്ചിയില്‍ മുമ്പൊരു പൊലീസ് സംഘം കടപ്പുറത്ത് കാറ്റുകൊള്ളാനിരുന്ന ദമ്പതികളെ കയ്യേറ്റം ചെയ്യുകയും കൂടെയുണ്ടായിരുന്ന, പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ ചെറുപ്പക്കാരന്റെ മുഖം ഇടിച്ച് പഴുപ്പിക്കുകയും ചെയ്തിട്ട് ഒരുപാട് നാളൊന്നുമായിട്ടില്ല. പുള്ളിയെ സസ്‌പെന്‍ഡ് ചെയ്തു. എന്നിട്ടോ, ഇന്‍സ്‌പെക്ടര്‍ ബിജു ശൈലിയില്‍ അദ്ദേഹം അത് വാങ്ങി ചുരുട്ടി എറിഞ്ഞ് ഭാര്യയുമായി ഹണിമൂണിന് പോവുകയാണെന്ന് പ്രഖ്യാപിച്ച് സ്‌ളോമോഷനില്‍ നടന്നുപോയി. ഇടികൊണ്ട പ്രവര്‍ത്തകന്റെ മുഖം ഇപ്പോള്‍ ഒരുപക്ഷേ പൂര്‍വ്വസ്ഥിതിയിലായിട്ടുണ്ടാവാം. ഇയാള്‍ക്കെതിരേയുള്ള അന്വേഷണമോ? നടപടിയോ?

ശിവസേനയുടെ സദാചാരഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് മറൈന്‍ഡ്രൈവില്‍ നടന്ന രണ്ടാംചുംബനസമരം 
ശിവസേനയുടെ സദാചാരഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് മറൈന്‍ഡ്രൈവില്‍ നടന്ന രണ്ടാംചുംബനസമരം 

ഇത്തരം ഒരു സംഭവത്തിന്റെ പേരില്‍ പോലീസുകാരനെ കഴുവേറ്റാനൊന്നും പറ്റില്ല, ഇവിടെ ഒരു നിയമവും വ്യവസ്ഥയുമൊക്കെയുണ്ട് എന്നാണെങ്കില്‍ ശരി. പക്ഷെ പൗരസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത്തരം അക്രമങ്ങളും അനീതികളും ആവര്‍ത്തിക്കില്ല എന്ന ഉറപ്പെങ്കിലും വേണ്ടേ? പൊലീസ് തന്നെ സദാചാരപോലീസുകളിക്കുന്നു, ഇടയ്ക്ക് ഒരു ചേയ്ഞ്ജിന് സംഘികള്‍ കളിക്കുമ്പോള്‍ അത് കണ്ട് നിന്നു രസിക്കുന്നു...

ഇതിനെതിരേ ഭരിക്കുന്ന പാര്‍ട്ടിയുടെ തന്നെ യുവജന വിഭാഗങ്ങള്‍ 'ഇരിപ്പ് സമരം' സംഘടിപ്പിക്കുന്നുണ്ട്. ഒരു പ്രതീകാത്മക നീക്കം എന്ന നിലയില്‍ അത് നല്‍കുന്ന സന്ദേശം വ്യക്തവുമാണ്. സാധാരണ ഗതിയില്‍ സിപിഐഎം പോലൊരു സംഘടനയുടെ വിദ്യാര്‍ത്ഥി, യുവജന, തൊഴിലാളി ഉള്‍പ്പെടെയുള്ള ഏത് വിഭാഗം നടത്തുന്ന സമരത്തിലും ശിവസേനയെന്നല്ല ഒരു വാനര സേനയും കായികമായ ഒരു ഇടപെടലിന് കേരളത്തില്‍ തയ്യാറാവുമെന്ന് തോന്നുന്നില്ല. പക്ഷേ അവര്‍ ഭരിക്കുമ്പോള്‍ ശിവസേനയ്ക്ക് ഇങ്ങനെയൊരു സമരവുമായി പൊതുസമൂഹത്തിന്റെ പിടലിക്ക് കയറാനായി എന്നത് ഉണ്ടാക്കുന്ന കോട്ടം നാളത്തെ ഇരിപ്പ് സമരം കൊണ്ട് പരിഹരിക്കാനാവുമെന്നും തോന്നുന്നില്ല. പ്രത്യേകിച്ചും മുതിര്‍ന്ന നേതാവും സി പി എം സംസ്ഥാന സെക്രട്ടറിയും ആയ കൊടിയേരിയെ പോലെയുള്ളവര്‍ ഇതിനോട് അഴകൊഴമ്പന്‍ നിലപാടെടുക്കുമ്പോള്‍.

ഭയക്കുന്നത് എന്തിനെ?

പൊലീസില്‍ ഉള്‍പ്പെടെ കടത്തിവിടപ്പെട്ടിട്ടുള്ള സംഘപരിവാര്‍ മേല്‍ക്കൈ എന്നത് ഇന്ന് ഒരു ഗൂഢാലോചനാ സിദ്ധാന്തമൊന്നുമല്ല. അതിന് തങ്ങളുടെ ഹേഡോഫീസ് അങ്ങ് പൂനയില്‍ ആണെന്നവണ്ണം ഒരു പ്രഖ്യാപനം പരസ്യമായി നടത്തിയ ഐ പി എസ് കാരന്‍ ഉള്‍പ്പെടെ പ്രകടമായ നിരവധി തെളിവുകളുണ്ട്. എന്നിട്ടും ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ അത് വേണ്ടത്ര അവധാനതയോടെ പരിഗണിക്കുന്നില്ല. ഇത് പലരും ആരോപിക്കുന്നത് പോലെ ഒരു സി പി എം- സംഘപരിവാര്‍ അവിശുദ്ധ സഖ്യം എന്ന് ലളിതവല്‍ക്കരിക്കാനുമാവില്ല. കാരണം ചരിത്രമെടുത്താലും വര്‍ത്തമാനമെടുത്താലും, പ്രത്യയശാസ്ത്രമെടുത്താലും, സാമുദായികമായ വോട്ട് ബാങ്ക് രാഷ്ട്രീയ കണക്ക് എടുത്താലും ഇവയ്ക്ക് പ്രത്യക്ഷമായൊ, പരോക്ഷമായൊ വല്ല ഒറ്റപ്പെട്ട പഞ്ചായത്ത് വാര്‍ഡിനപ്പുറം ഒത്തുപോകാന്‍ കഴിയില്ല എന്നത് തന്നെ. പക്ഷെ അപ്പൊഴും കൃത്യമായ നിലപാടും കര്‍ശനമായ നടപടിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഭയക്കുന്നു എന്ന വിമര്‍ശനത്തെ അങ്ങനെയങ്ങ് പരിഹസിച്ച് തള്ളാനാവില്ല. അങ്ങനെയെങ്കില്‍ സിപിഐ എം ഭയക്കുന്നത് എന്തിനെയാവും?

മുഹമ്മദ് ഫര്‍ഹാദ് എന്ന ഫെയ്സ്ബുക്ക് ഐഡിയില്‍ നിന്നുംവന്ന ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതാണ് ബാലപീഡനത്തെക്കുറിച്ചുളള വലിയ ചര്‍ച്ചകളിലേക്ക് നയിച്ചത്.
മുഹമ്മദ് ഫര്‍ഹാദ് എന്ന ഫെയ്സ്ബുക്ക് ഐഡിയില്‍ നിന്നുംവന്ന ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതാണ് ബാലപീഡനത്തെക്കുറിച്ചുളള വലിയ ചര്‍ച്ചകളിലേക്ക് നയിച്ചത്.

ജി സുധാകരന്‍ പറയുന്നത് പോലെ വിപ്‌ളവം വരുന്നതുവരെ ബ്യൂറോക്രസിയായിരിക്കും ഭരണകൂടം, ജനാധിപത്യ രാഷ്ട്രീയ സര്‍ക്കാരുകള്‍ക്ക് നീക്ക്‌പോക്ക് മാത്രമേ പറ്റു എന്നതൊന്നും വിശ്വാസ്യമായ വിശദീകരണങ്ങളല്ല. പ്രശ്‌നം അതിയാഥാസ്ഥിതികതയും, കാല്പനിക വ്യക്തിവാദവുമായി വേര്‍പിരിയുന്ന പൊതുബോധത്തില്‍ എവിടെ നില്‍ക്കണനെന്ന് ഉറപ്പില്ല എന്നത് തന്നെയാണെന്ന് തൊന്നുന്നു.കിടപ്പറയില്‍ ചെയ്യേണ്ടത് പൊതുറോഡില്‍ ചെയ്താല്‍ പൊതുജനം നോക്കിനിന്നെന്ന് വരില്ല എന്ന് പറഞ്ഞ മനുഷ്യന്‍ മുഖ്യമന്ത്രി ആയിരിക്കേ 'കുട ചൂടി പ്രേമ'ക്കാര്‍ക്ക് ആരെങ്കിലും രണ്ട് പെട കൊടുത്താല്‍ അത് കഴിഞ്ഞിട്ട് അവരെ പിടിക്കാം എന്ന് പൊലീസ് കാത്തുനില്‍ക്കും. അതിനെ എം ബി രാജേഷ് മുതല്‍ തോമസ് ഐസക് വരെയുള്ളവരുടെ നിലപാടുകള്‍ വച്ച് പ്രതിരോധിക്കുന്നതില്‍ പരിമിതികളും ഉണ്ടാവും. പുരോഗമനപരമായ നിലപാട് ഏതെന്ന് നമുക്ക് സംശയമില്ല. എന്നാല്‍ പൊതുബോധത്തിന്റെ പിന്തുണയുള്ള നിലപാട് ഏതെന്ന് സംശയമാണെന്നിടത്ത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു.

കോടിയേരിയും, പിണറായിയും ഉള്‍പ്പെടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും ഭയപ്പെടുന്നത് അവര്‍ക്ക് ഉള്ളിലും, പുറത്തും നിലനില്‍ക്കുന്ന, പുരോഗമന രാഷ്ട്രീയത്തിന്റെ സൈദ്ധാന്തിക തിരുത്തലുകള്‍ ഇനിയും സ്പര്‍ശിച്ചിട്ടില്ലാത്ത പൊതുബോധത്തിന്റെ 'ഗ്രേ ഏരിയ'യെ ആണ്. അത് ബ്രാഹ്മണിക് ഹിന്ദുത്വത്തിന്റെ നിര്‍മ്മിതിയാണെന്ന് പക്ഷേ അവര്‍ സമ്മതിക്കില്ല. കാരണം കൊണ്ടും കൊടുത്തും, ചത്തും കൊന്നും ആര്‍ എസ് എസിനെ പ്രതിരോധിച്ച സംഘടനാ ചരിത്രത്തിന്റെ ഭാഗമാണ് അവരുടെ ജീവിത ചരിത്രങ്ങളും എന്നതാണ്.പക്ഷേ ആ ചരിത്രം വര്‍ത്തമാന സാംസ്‌കാരിക രാഷ്ട്രീയ മേഘലകളില്‍ ഉണ്ടായിവരുന്ന പുതിയ ജൈവ സമസ്യകളെ സ്വയം നിര്‍ദ്ധാരണം ചെയ്തുകൊള്ളും എന്ന് കരുതാനുമാവില്ല.

വിശകലനങ്ങളിലെ പിഴവുകള്‍

സംഘിത്തവും, സംഘപരിവാറും രണ്ടല്ല, പക്ഷേ അവ ഒന്നുമല്ല എന്നതില്‍ ഒരു വൈരുദ്ധ്യമുണ്ട്. സംഘപരിവാര്‍ നിര്‍മ്മിത സാംസ്‌കാരിക ഹെഗമണിയെ പിന്‍പറ്റുന്നവരാണ് സംഘികള്‍ എന്നത് ശരി, ആ നിലയ്ക്ക് അവ രണ്ടല്ല. പക്ഷേ അവരില്‍ ആര്‍ എസ് എസുകാര്‍ മാത്രമല്ല ഉള്ളത് എന്നിടത്ത് അവ ഒന്നല്ല എന്നും വരുന്നു. ഇതിലെ വൈരുദ്ധ്യത്തെ മനസിലാക്കാതെ ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളെയും പ്രായോഗികമായി നേരിടാനാവില്ല. രാഷ്ട്രീയ സംഘിത്തവും, സാംസ്‌കാരിക സംഘിത്തവും എന്ന രണ്ട് സംവര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്നതും അവ ഒന്നല്ല എന്ന് മാത്രമല്ല പ്രയോഗ തലത്തില്‍ ഒന്നിന്റെ ഉപവിഭാഗം മറ്റൊന്ന് എന്ന നിലയില്‍ പോലുമല്ല കേരളത്തിന്റെ സവിശേഷ സോഷ്യോ ഇകണോമിക് തലങ്ങളില്‍ നിലനില്‍ക്കുന്നത് എന്നതും അധികമൊന്നും അഭിസംബോധന ചെയ്യപ്പെട്ടിട്ടിലാത്ത ഒരു വിഷയമാണ്.

ശിവസേനയുടെ സദാചാരഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് മറൈന്‍ഡ്രൈവില്‍ നടന്ന രണ്ടാംചുംബനസമരം 
ശിവസേനയുടെ സദാചാരഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് മറൈന്‍ഡ്രൈവില്‍ നടന്ന രണ്ടാംചുംബനസമരം 

രാഷ്ട്രീയ സംഘി എന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ മുഖമായ ബി ജെ പിയെ പരസ്യമായി പിന്തുണയ്ക്കുകയും അതുവഴി സംഘപരിവാറിലെ ഒരംഗമാണ് താനെന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്; താരത്മ്യേനെ ഋജുവായ ഒരു വര്‍ഗ്ഗീകരണം. എന്നാല്‍ സാംസ്‌കാരിക സംഘി എന്നത് അത്ര രേഖീയമായി നിര്‍വചിക്കാനാവുന്ന ഒരു സംവര്‍ഗ്ഗമല്ല.അവര്‍ ബി ജെ പിയുടെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തെയോ തീവ്രഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളെയോ വിദേശനയങ്ങളെയോ ഇസ്‌ളാം വിരുദ്ധതയെയോ നേരിട്ട് വരിക്കുന്ന, ബി ജെ പിയാണ് ഏക രാഷ്ട്രീയ രക്ഷാമാര്‍ഗ്ഗം എന്ന് വിശ്വസിക്കുന്ന വിഭാഗം മനുഷ്യരിലേയ്ക്ക് മാത്രം ചുരുങ്ങുന്നില്ല. അവര്‍ ഇതിനെ പരോക്ഷമായി നിലനിര്‍ത്തിപോരുന്ന 'ആര്‍ഷ ഭാരത സംസ്‌കാരം' എന്ന് അവര്‍ വിളിക്കുന്ന ഇടക്കാല വലത് യാഥാസ്ഥിതികതയുടേതായ സാംസ്‌കാരിക ഹെഗമണി ഒറ്റവേരില്‍ നില്‍ക്കുന്ന ഒരു വൃക്ഷമല്ല. അത് സാംസ്‌കാരികവും, സദാചാരപരവും, വിശ്വാസ, അനുഷ്ഠാന ബന്ധിയും ഒക്കെയായ പല വേരുകളിലൂടെയാണ് സമൂഹത്തിലേയ്ക്ക് ആഴുന്നത്. ആ വേരുകളില്‍ നിന്ന് വിടുതല്‍ നേടാത്ത ഓരോ വ്യക്തിയും ഒരു സാംസ്‌കാരിക സംഘിയാണ്.

ആകെ ഒരു സീറ്റേ ഉള്ളെങ്കിലും സംഘി സാംസ്‌കാരിക പൊതുബോധം കേരളത്തില്‍ ഉടനീളം ശക്തിപ്രാപിച്ചിട്ടുണ്ട് എന്ന് ഇന്ന് അധികമാരും തര്‍ക്കിനാനിടയില്ലാത്ത നിരീക്ഷണത്തിന്റെ വിശദീകരണവും ഇതാണ്. ഇന്ന് നാം അഭിമുഖീകരിക്കുന്ന ഈ അവസ്ഥയ്ക്ക് ഒരു പരോക്ഷകാരണം നവോത്ഥാനവും അതിന്റെ രാഷ്ട്രീയ തുടര്‍ച്ചയായ ഇടത് പ്രസ്ഥാനങ്ങളും ചേര്‍ന്ന് ബ്രാഹ്മണിക് ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക ഹെഹമണിയെ പണ്ടേ തകര്‍ത്തിരുന്നു എന്ന തെറ്റിദ്ധാരണയാണ്. തളര്‍ച്ചയെ തകര്‍ച്ചയായി തെറ്റിദ്ധരിച്ചതിനുള്ള പിഴയാണ് ഇന്ന് ഇടത്പക്ഷം പൊതുബോധഭയം എന്ന നിലയ്ക്ക് ഒടുക്കുന്നത്.ഈ കാരണത്തെ മനസിലാക്കിയാലും ഇല്ലെങ്കിലും ഭീഷണിയുണ്ട് എന്നത് സി പി എം ഉള്‍പ്പെടെ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഒക്കെ കൃത്യമായി അറിയാം. പക്ഷെ നമ്മുടെ സവിശേഷ ഡെമോഗ്രഫിയെ, അതില്‍ പകുതിയോളം വരുന്ന ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങളുടെ വികാരത്തെ ഫലപ്രദമായി ചാനലൈസ് ചെയ്യുകയും അന്‍പതില്‍ പരം മാത്രം വരുന്ന ഭൂരിപക്ഷത്തിലെ ജാതീയ വൈരങ്ങള്‍ അവരുടെ ഏകീകരണത്തിന് തടസ്സമായി വര്‍ത്തിച്ച് സംഘപരിവാര്‍ രാഷ്ട്രീയത്തെ സ്വയം തടഞ്ഞുകൊള്ളുകയും ചെയ്താല്‍ എല്ലാം ഭദ്രം എന്ന കണക്കുകൂട്ടല്‍ നല്‍കുന്ന വ്യാജ ശുഭാപ്തിവിശ്വാസമാണ് പ്രശ്‌നം. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം വലിയൊരളവുവരെ അതിന് ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട്. ഏത് പ്രശ്‌നത്തെയും നേരിടുകയല്ല, തങ്ങള്‍ക്ക് അനുകൂലമാക്കി ഉപയോഗിക്കുകയാണ് വേണ്ടത് എന്ന മുതലാളിത്ത ദര്‍ശനം വലത് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അവരുടെ നിലനില്‍പ്പിന്റെ ദര്‍ശനം കൂടിയാണ്. പക്ഷേ ഇടത് രാഷ്ട്രീയത്തിന് അങ്ങനെയൊരു നിലനില്‍പ്പ് സാദ്ധ്യമാണോ?

ചരിത്രം സ്വയം നിര്‍ദ്ധാരണം ചെയ്യില്ല, ആവര്‍ത്തിക്കുകയേ ഉള്ളു

ചരിത്ര നിര്‍ദ്ധാരണം എന്നത് ആഴമുള്ള ഒരു സൈദ്ധാന്തിക കല്പനയാണ്. പക്ഷെ അതിനര്‍ത്ഥം ചരിത്രം അതിന്റെ തുടര്‍ച്ചയില്‍ ഉണ്ടാകുന്ന തടസ്സങ്ങളെയൊക്കെയും സ്വയം കടന്നുകൊള്ളുമെന്ന യാന്ത്രിക ശുഭാപ്തിവിശ്വാസമല്ല. വ്യക്തികളും സംഘടനകളും സിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളും ഒക്കെ ചേര്‍ന്ന് നയിക്കുന്ന ധൈഷണിക പരിണാമ സമരങ്ങളുടെ ആത്യന്തിക വിജയത്തിലൂടെ സംഭവിക്കുന്ന ഒന്നാണ് ഈ ചരിത്ര നിര്‍ദ്ധാരണം. അതായത് ഒന്നും സ്വയം പരിഹരിക്കപ്പെടില്ല എന്ന്. അതിലേയ്ക്ക് ഉണ്ടായ ചരിത്രപരമായ ഒരു ഈടുവയ്പ്പാണ് മാര്‍ക്‌സിയന്‍ ആശയ പ്രപഞ്ചവും അതില്‍ ഉണ്ടായ വിമര്‍ശനാത്മകമായ തുടര്‍ച്ചകളും. മാര്‍ക്‌സിനെ തൊട്ടാല്‍ ആ കൈവെട്ടുമെന്ന് പറയുന്നതും എന്നാല്‍ അങ്ങേരെ മിനിട്ടിന് മിനിട്ടിന് മിസ് കോട്ട് ചെയ്യുകയുന്നതും കേരളത്തെ സംബന്ധിച്ചിടത്തോളം പൊതുബോധം തന്നെയാണ്. ഒരുദാഹരണത്തിന്, ' മനുഷ്യനെ മയക്കുന്ന കറുപ്പ്'' ആണത്രേ മതം!

ശിവസേനയുടെ സദാചാരഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് മറൈന്‍ഡ്രൈവില്‍ ഡിവൈഎഫ്‌ഐ നടത്തിയ സ്‌നേഹഇരുപ്പ് സമരം 
ശിവസേനയുടെ സദാചാരഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് മറൈന്‍ഡ്രൈവില്‍ ഡിവൈഎഫ്‌ഐ നടത്തിയ സ്‌നേഹഇരുപ്പ് സമരം 

ഇത് മനസിലാക്കാത്തിടത്തോളം പൊതുബോധത്തെ ഒരു വിശുദ്ധപശുവാക്കി പ്രബുദ്ധരായ ജനങ്ങള്‍ക്ക് എല്ലാമറിയാം, അവര്‍ എല്ലാം മനസിലാക്കുന്നുണ്ട് തുടങ്ങിയ റെട്ടറിക്കുകള്‍ തന്നെ ആക്രമണമായും പ്രതിരോധമായും സ്വീകരിച്ച് 'പറഞ്ഞ്' നില്‍ക്കാമെന്നേ ഉള്ളു. പൊതുബോധത്തെ ധനാത്മകമായി പുനര്‍ നിര്‍മ്മിക്കുവാന്‍ പോന്ന സാംസ്‌കാരിക മുന്‍ കൈകള്‍ എടുത്തല്ലാതെ അതിനെ ഭയന്നോ, വഴങ്ങിയോ ഇടത് രാഷ്ട്രീയത്തിന് നിലനില്‍പ്പില്ല. കാരണം അവര്‍ യുദ്ധം ചെയ്യുന്ന ഹെഗമണി എന്നത് വിശാലാര്‍ത്ഥത്തില്‍ ഈ പൊതുബോധം തന്നെയാണ്. ഒരേസമയം നേതൃത്വപരമായി ജനങ്ങള്‍ക്കും ജനകീയ പ്രശ്‌നങ്ങള്‍ക്കും കൂടെ നില്‍ക്കുകയും അതേസമയം സാംസ്‌കാരികമായി അവരുടെ സംവാദാത്മക മറുപക്ഷത്ത് നിന്ന് തിരുത്തലുകളിലൂടെയുള്ള നവീകരണ പ്രക്രിയയ്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുക എന്നതിലെ വൈരുദ്ധ്യാത്മകതയിലാണ് ഇടത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കാതല്‍ എന്നത് പ്രാഥമികമായ ഒരു തിരിച്ചറിവാണ്. അതിലെ പിഴവുകളാകട്ടെ രാഷ്ട്രീയവും, സംഘടനാപരവുമായ ആത്മഹത്യയും.

മനുഷ്യര്‍ അവരുടെ ചരിത്രത്തെ നിര്‍മ്മിക്കുന്നു, പക്ഷേ അത് അവര്‍ ആഗ്രഹിക്കുന്നത് പോലെ ആകണമെന്നില്ല. കാരണം അവരത് നിര്‍മ്മിക്കുന്നത് സ്വയം തിരഞ്ഞെടുത്ത സാഹചര്യങ്ങളിലല്ല, മറിച്ച് ഭൂതകാലദത്തവും പ്രചരിതവുമായി തുടരുന്ന അവസ്ഥകളില്‍നിന്നാണ്. ' മണ്മറഞ്ഞ തലമുറകള്‍ ഒരു ദുസ്വപ്നം പോലെ ജീവിച്ചിരിക്കുന്നവരുടെ മനസില്‍ ഭാരമായി നിലനിക്കുന്നു.'' എന്ന മാര്‍ക്‌സിയന്‍ വാചകം ഒരു വിഗ്രഹത്തില്‍നിന്ന് ഉണ്ടായ പ്രവചനം എന്ന നിലയിലല്ല, അദ്ദേഹത്തിന്റെ ഭൗതീക ചരിത്ര ദര്‍ശനത്തിന്റെ ഭാഗമായി വായിക്കേണ്ടതാണ്. അതിന് മാര്‍ക്‌സിസ്റ്റുകള്‍ക്കും ആയില്ലെങ്കില്‍ പിന്നെ അയാള്‍ വെറുമൊരു പാര്‍ട്ടിയാപ്പീസ് ഫോട്ടോ മാത്രമായിരിക്കും. അവരാകട്ടെ രാഷ്ട്രീയമായി മാര്‍ക്‌സിസ്റ്റ് എന്ന് അവകാശപ്പെടുമ്പൊഴും സാംസ്‌കാരികമായി സംഘികളും.

ചുരുക്കത്തില്‍ മാര്‍ക്‌സിനെ വച്ചാരാധിക്കണോ അയാളെ വായിക്കണോ എന്നതാണ് മേറ്റാമോഡേണ്‍ മാര്‍ക്‌സിസ്റ്റ് അസ്തിത്വ പ്രതിസന്ധി എന്ന് തോന്നുന്നു!