പിടിച്ചുനില്‍ക്കാനാകാതെ സുധീരന്‍ 

March 10, 2017, 5:02 pm
പിടിച്ചുനില്‍ക്കാനാകാതെ സുധീരന്‍ 
Spotlight
Spotlight
പിടിച്ചുനില്‍ക്കാനാകാതെ സുധീരന്‍ 

പിടിച്ചുനില്‍ക്കാനാകാതെ സുധീരന്‍ 

രാഷ്ട്രീയ സമ്മര്‍ദങ്ങളുടെ നടുവില്‍ പിടിച്ചുനില്‍ക്കാതെ വിഎം സുധീരന്‍ കെപിസിസി ആസ്ഥാനത്തിന്റെ പടിയിറങ്ങുകയാണ്. സംഘടനയിലോ പാര്‍ട്ടി നിയമസഭാ കക്ഷിയിലോ മേധാവിത്വം തെളിയിക്കാനാകാതെ പരാജിതനായിട്ടാണ് ആ ഇറങ്ങിപ്പോക്ക്.

മൂന്നുവര്‍ഷം മുമ്പ് ഹൈക്കമാന്‍ഡ് ആണ് വിഎം സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചത്. അതും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെയും എതിര്‍പ്പ് അവഗണിച്ചുകൊണ്ട്. ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചത് ജി കാര്‍ത്തികേയന്റെ പേരായിരുന്നു. അന്ന് നിയമസഭാ സ്പീക്കറായിരുന്ന കാര്‍ത്തികേയന്‍ കോണ്‍ഗ്രസിലെ പൊതുസമ്മതനായ നേതാവുമായിരുന്നു. എന്നിട്ടും ഹൈക്കമാന്‍ഡ് സുധീരനെ തെരഞ്ഞെടുത്തു. അതിന് പിന്നില്‍ എകെ ആന്റണിയുടെ കരവിരുതുമുണ്ടായിരുന്നു. കാരണമുണ്ട്. ആന്റണിക്ക് സുധീരനിലൂടെ കേരള രാഷ്ട്രീയത്തില്‍ ഒരു പങ്കുവേണമായിരുന്നു. ഒപ്പം തന്റെ എക്കാലത്തെയും അടുത്ത സഹപ്രവര്‍ത്തകനായിരുന്ന ഉമ്മന്‍ചാണ്ടിയെ ഒന്നിരുത്തുകയും വേണം. എല്ലാ താല്‍പര്യങ്ങളും കൂടി വന്നപ്പോള്‍ സുധീരന്‍ കെപിസിസി അധ്യക്ഷനായി.

സുധീരന് പക്ഷെ സ്വന്തം രാഷ്ട്രീയമുണ്ടായിരുന്നു. എപ്പോഴും സുധീരന്‍ സുധീരന്റെ തന്നെ സ്വന്തം ആളാണ്. താനിരിക്കുന്ന ഇടമാണ് കേമം എന്ന് തെളിയക്കാന്‍ അദ്ദേഹം എപ്പോഴും വ്യഗ്രത കാട്ടി. 1985-87 കാലത്ത് നിയമസഭാ സ്പീക്കര്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ വരച്ച വരയില്‍ തളച്ചിട്ട കാര്യം ഓര്‍ക്കുക.

സഭയക്കുള്ളിലെ സ്പീക്കറുടെ അധികാരം ഉപയോഗിച്ച് സഭാ നേതാവ് കെ കരുണാകരനെ കൊച്ചാക്കാനും അപഹാസ്യനാക്കാനും സുധീരന്‍ എപ്പോഴും ശ്രമിച്ചു. കരുണാകരന്റെ കാലത്ത് ഓര്‍ഡിനന്‍സുകള്‍ ഇറക്കികൊണ്ടിരുന്ന ഗവണ്‍മെന്റ് നടപടിയെ ഓര്‍ഡിനന്‍സ് രാജ് എന്ന് അപലപിച്ച് സുധീരന്‍ തന്റെ നിലപാട് പ്രഖ്യാപിച്ചു. ഒരു സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഔദ്യോഗിക പരേഡില്‍ സല്യൂട്ട് സ്വീകരിക്കുമ്പോള്‍ തന്നെ സ്പീക്കര്‍ സുധീരന്‍ നിയമസഭാ മന്ദിര പരിസരത്ത് വാച്ച് ആന്റ് വാര്‍ഡ് സ്റ്റാഫിന്റെ പരേഡ് നടത്തി അഭിവാദ്യം സ്വീകരിച്ച് പതാക ഉയര്‍ത്തുന്ന സംഭവവും ഉണ്ടായി.

കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റയുടനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിക്കാനാണ് സുധീരന്‍ ഇറങ്ങിത്തിരിച്ചത്. ആദ്യം ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം. പിന്നീട് ക്വാറികളുടെ അംഗീകാരം റദ്ദാക്കുന്നത് സംബന്ധിച്ച വിഷയം. ഒന്നിനു പിറകെ ഒന്നായി ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന്‍ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. അങ്ങനെ മദ്യവും പൂട്ടിക്കിടന്ന ബാറുകളും വലിയൊരു ആയുധമായി സുധീരന്റെ കൈയിലെത്തി. പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാന്‍ പാടില്ല എന്ന കര്‍ശനമായ നിലപാടുമായി സുധീരന്‍ ഉറച്ചുനിന്നപ്പോള്‍ ഉമ്മന്‍ചാണ്ടി നിസ്സഹായനായി നോക്കിനിന്നു. അവസാനം ക്ലിഫ് ഹൗസില്‍ ചേര്‍ന്ന ഒരു യുഡിഎഫ് യോഗത്തില്‍ കേരളത്തിലെ മുഴുവന്‍ ബാറുകളും അടയ്ക്കുകയാണ് എന്ന കടുത്ത നിര്‍ദേശം ഉറക്കെ വായിച്ച് സുധീരന് നേരെ ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു.

കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി-സുധീരന്‍ പോര് തുടങ്ങിയിട്ട് ഏറെയായി. 2004 ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ച് പരാജയപ്പെട്ട സുധീരന്‍ കേരള രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ ഒരു ശ്രമം നടത്തിയതാണ്. പക്ഷെ ഉമ്മന്‍ചാണ്ടി അതിന് തടയിട്ടു. ഫലത്തില്‍ സുധീരന്‍ മുഖ്യധാര കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കപ്പെടാനാണ് അത് വഴിയൊരുക്കിയത്. പിന്നീട് കണ്ടത് സുധീരന്റെ വനവാസമായിരുന്നു. ഉമ്മന്‍ചാണ്ടിയാണ് അതിന് കാരണക്കാരനെന്ന് സുധീരന്‍ വിശ്വസിച്ചുപോന്നു. ആന്റണിക്കുമുണ്ടായിരുന്നു ഉമ്മന്‍ചാണ്ടിയോട് ചെറുതല്ലാത്ത പക. ആന്റണി കേരളത്തില്‍ പ്രതിച്ഛായയുടെ ബലത്തില്‍ പ്രതാപം നേടിയപ്പോഴൊക്കെയും രണ്ടാമനായി ഉമ്മന്‍ചാണ്ടി നിഴല്‍പോലെ കൂടെയുണ്ടായിരുന്നു.

എക്കാലവും രണ്ടാമനായി കഴിഞ്ഞ ഉമ്മന്‍ചാണ്ടി 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഉണര്‍ന്നെണീറ്റു. യുഡിഎഫിനേറ്റ കനത്ത പരാജയത്തിന്റെ പേരില്‍ ആന്റണിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു. തന്റെ രാജിക്ക് വേണ്ടി പ്രവര്‍ത്തിച്ച ശക്തികള്‍ക്ക് ഉമ്മന്‍ചാണ്ടിയാണ് കരുക്കള്‍ നീക്കിയതെന്ന് ആന്റണിയും കരുതിപ്പോന്നു. ആന്റണിയും ഹൈക്കമാന്‍ഡും കൂടി ചേര്‍ന്ന് സുധീരനെ കെപിസിസി അധ്യക്ഷനാക്കിയതും ഇതുകൊണ്ടുകൂടിയാണ്.

ഉമ്മന്‍ചാണ്ടിക്കെതിരെ ഘോരയുദ്ധം നടത്തുന്നതിനിടയില്‍ സുധീരന് സംഘടനാ നേതാവ് എന്ന നിലയ്ക്കുള്ള പ്രവര്‍ത്തനം നിര്‍ഹിക്കുന്നതില്‍ വീഴ്ച പറ്റി. സുധീരന്റെ നിലപാടുകള്‍ ഫലപ്രദമല്ലെന്ന് വൈകിയാണെങ്കിലും ഹൈക്കമാന്‍ഡ് മനസ്സിലാക്കി. ആന്റണിയും പതുക്കെ പതുക്കെ സുധീരനെ കയ്യൊഴിഞ്ഞു. സംഘടനയ്ക്കകത്ത് താന്‍ വളരെ ഒറ്റപ്പെട്ടിരിക്കുന്നു എന്ന സത്യം സുധീരനും മനസ്സിലാക്കി. സുധീരന്റെ കൈകളില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഭദ്രമല്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിട്ട് തന്നെയാണ് രാഹുല്‍ഗാന്ധി ഉമ്മന്‍ചാണ്ടിയെ ഒത്തുതീര്‍പ്പ് സംഭാഷണത്തിനായി ഡല്‍ഹിക്ക് ക്ഷണിച്ചത്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രശ്‌നം തീരുമാനമാകുമെന്ന ഒരേയൊരു കാര്യം മാത്രമേ ഉമ്മന്‍ചാണ്ടി അവിടെ ഉന്നയിച്ചുള്ളൂ. രാഹുല്‍ ഗാന്ധി അത് സമ്മതിക്കുകയും ചെയ്തു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താം എന്ന ഉറപ്പ് ഉമ്മന്‍ചാണ്ടിക്കും സന്തോഷം നല്‍കി.

ഇന്നിപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന സൂചനകളും വന്നിരിക്കുന്നു. ആ സൂചനകള്‍ ശരിയായാല്‍ അത് രാഹുല്‍ ഗാന്ധിയുടെ ഭാവിയില്‍ കരിപടര്‍ത്തുമോ എന്ന ആശങ്ക ഡല്‍ഹിയിലും പരക്കുന്നു. നേരത്തേ ഇതെല്ലാം മനസ്സിലാക്കിയ സുധീരന് മുന്നില്‍ തെളിഞ്ഞ ഒരേയൊരു ഉത്തരം ഈ രാജി തന്നെയാണ്. സ്വയം രക്ഷപ്പെടാന്‍ മുന്നില്‍ ഉയര്‍ന്നുവന്ന ഒരേയൊരു പോംവഴി. സംഘടനയെ രക്ഷപ്പെടുത്താനും.