ദിലീപിന് ഓണക്കോടി നല്‍കുന്നവര്‍ മറക്കുന്നത്

September 6, 2017, 9:00 pm


 ദിലീപിന് ഓണക്കോടി നല്‍കുന്നവര്‍ മറക്കുന്നത്
Spotlight
Spotlight


 ദിലീപിന് ഓണക്കോടി നല്‍കുന്നവര്‍ മറക്കുന്നത്

ദിലീപിന് ഓണക്കോടി നല്‍കുന്നവര്‍ മറക്കുന്നത്

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സ്വന്തം ജോലിയുടെ ഭാഗമായുളള യാത്രക്കിടെ ക്രൂരമായി ആക്രമിക്കപ്പെടുന്നതിന് മുന്‍പ് വരെ അവള്‍ക്കൊരു പേരും മുഖവും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പേരും മുഖവും നഷ്ടപ്പെട്ട് ഇര എന്ന പേരിനൊപ്പമായി അവളുടെ ജീവിതം. സ്വന്തം സഹപ്രവര്‍ത്തകന്റെ ക്രൂരമായ പ്രതികാരമാണ് അവളുടെ ജീവിതം മാറ്റി മറിച്ചത്. അവളുടെ ആഘോഷങ്ങളെ കുറിച്ച് ആകുലതയില്ലാത്ത സിനിമാക്കാര്‍ ഇപ്പോള്‍ കൂട്ടത്തോടെ പ്രതിചേര്‍ക്കപ്പെട്ട നായക നടന് ഓണക്കോടി നല്‍കുന്ന തിരക്കിലാണ്.

അവള്‍ക്കെതിരെ ആക്രമണത്തിന് കോപ്പുകൂട്ടിയവര്‍ കരുതിയത് മറ്റുപലരെയും പോലെ അപമാന ഭാരത്താല്‍ മുഖം മറച്ച് അവള്‍ വീടിനുളളില്‍ ഒതുങ്ങുമെന്നാണ്. എന്നാല്‍ സ്വന്തം ശരീരത്തിന് മേല്‍ക്കുണ്ടായ ആക്രമണം മറ്റേതൊരു അപകടത്തെയും പോലെയാണെന്ന തിരിച്ചറിവില്‍ തന്നെ ആക്രമിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അവള്‍ മുന്നോട്ട് വന്നു. എന്നാല്‍ ലൈംഗികാതിക്രമത്തിനിരയാകുന്നവരോട് കാലങ്ങളായി സമൂഹം കാണിക്കുന്ന മനോഭാവത്തോടെയാണ് സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകര്‍ അവളെ സ്വീകരിച്ചത്.

ആക്രമണ വിവരം പുറത്ത് വന്നതിന് പിന്നാലെ കൊച്ചിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തിലൊതുങ്ങി സിനിമാക്കാരുടെ പ്രതിഷേധം. പിന്നീട് ആക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മലയാള സിനിമയെ ഉളളം കയ്യില്‍ കൊണ്ടു നടക്കുന്ന ജനപ്രിയ നായകനാണെന്ന് വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെ വര്‍ധിത വീര്യത്തോടെ സിനിമാ മേഖല ഒന്നാകെ ദിലീപിന് പിന്നില്‍ അണി നിരന്നു. ചുരുക്കം ചിലര്‍ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അവഗണിച്ചാല്‍ സിനിമാക്കാര്‍ക്കെല്ലാം ദിലീപ് നായകനായി തുടര്‍ന്നു.

താര സംഘടനയായ അമ്മയോ സൂപ്പര്‍ താരങ്ങളോ അന്വേഷണത്തെ പറ്റിയോ കുറ്റവാളികളെ പിടികൂടുന്നതിനെ പറ്റിയോ ആകുലത പെട്ടില്ല. എംഎല്‍എമാരും, എംപിമാരും അടങ്ങുന്ന താര സംഘടന ഒട്ടു ഉളുപ്പില്ലാതെ പറഞ്ഞു ആക്രമിക്കപ്പെട്ട നടിയും ആരോപണ വിധേയനും അമ്മയുടെ മക്കളാണെന്ന്. ഇരക്കും വേട്ടക്കാരനും ഒപ്പമാണ് എന്ന് പറയുന്നതായിരുന്നു ഭേദം. എന്നാല്‍ പ്രവൃത്തികളിലൂടെ അമ്മക്ക് വലുത് ആണ്‍പിറന്നോന്‍ തന്നെയെന്ന് തെളിയിച്ചുകൊണ്ടിരുന്നു. അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നിലപാടിനെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് തട്ടികയറാനും ആക്രോശിക്കാനും ജനപ്രതിനിധികള്‍ കൂടിയായ അമ്മയുടെ ഭാരവാഹികള്‍ക്ക് ഒട്ടും മടിയുണ്ടായില്ല. കൂകി വിളിച്ച് മാധ്യമപ്രവര്‍ത്തകരെ അപമാനിക്കാന്‍ വരെ അന്ന് ശ്രമമുണ്ടായി. അന്ന് ചെറു ചിരിയോടെ സിനിമാ മേഖല തന്റെ കയ്യില്‍ ഭദ്രമെന്നുറപ്പിച്ച് ദിലീപും വേദിയിലുണ്ടായിരുന്നു. സിനിമയിലെ വേഷങ്ങള്‍ക്കപ്പുറത്ത് സഹപ്രവര്‍ത്തകക്ക് നീതി ലഭ്യമാക്കാന്‍ തങ്ങള്‍ക്കും പ്രാപ്തിയില്ലെന്ന് തെളിയിച്ച് സൂപ്പര്‍സ്റ്റാറും, മെഗാസ്റ്റാറും അട്ടം നോക്കി ഇരുന്നു.

ജയറാം  ആലുവ സബ്ജയിലിന് മുന്നില്‍  
ജയറാം ആലുവ സബ്ജയിലിന് മുന്നില്‍  

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ യുവതാരം പൃഥ്വിരാജ് ഇനി മുതല്‍ തന്റെ സിനിമയില്‍ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചു. യുവതാരത്തിന്റെ 'മഹദ'് പ്രഖ്യാപനം ഏറെ കയ്യടികള്‍ ഏറ്റുവാങ്ങി. എന്നാല്‍ ഇത്തരം പുറം മിനുക്കലില്‍ ഒതുങ്ങി സഹപ്രവര്‍ത്തകക്കെതിരായ ആക്രമണത്തിനെതിരെയുളള മലയാള സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍. അമ്മയോഗത്തിലോ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലോ ഇരക്കൊപ്പം നില്‍ക്കുന്ന കൃത്യമായ നിലപാട് സ്വീകരിക്കാന്‍ ആരുമുണ്ടായില്ല. എതിര്‍പ്പുളളവര്‍ പോലും യോഗത്തില്‍ വാ തുറന്നില്ല. മലയാള സിനിമാ മേഖലയില്‍ വര്‍ഷങ്ങളായി നിലനിന്നു പോരുന്ന പുരുഷാധിപത്യത്തോട് എതിരിടാന്‍ ധൈര്യമില്ലാത്തത് തന്നെ കാരണം. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപം കൊണ്ട സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമന്‍ ഇന്‍ കളക്ടീവിന് പോലും കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ സാധിച്ചിട്ടില്ല.

എതിര്‍ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് പിന്നീട് സിനിമയില്‍ അവസരം ലഭിക്കില്ലെന്ന ആശങ്കകളാണ് വിമന്‍ ഇന്‍ കളക്ടീവ് പ്രവര്‍ത്തകരെയും കര്‍ക്കശ നിലപാട് സ്വീകരിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. നടിക്കൊപ്പം നില്‍ക്കുമ്പോഴും പരസ്യമായി അമ്മയെ തള്ളി പറയാനുളള ധൈര്യം സംഘടനാ പ്രവര്‍ത്തകര്‍ക്കില്ലാതെ പോയതും അതുകൊണ്ടു തന്നെ. ദിലീപിനെ കാണാന്‍ വരിവരിയായി സിനിമാ പ്രവര്‍ത്തകര്‍ പോയപ്പോഴും വിമന്‍ ഇന്‍ കളക്ടീവ് മൗനം പാലിച്ചു.

അറസ്റ്റിലാകുന്നതിന് തൊട്ടുമുന്‍പ് വരെ എംപിയും എംഎല്‍എയുമെല്ലാം ദിലീപിനെ ന്യായീകരിക്കുന്നത് തുടര്‍ന്നു. എന്തെങ്കിലും ഉണ്ടോയെന്ന തന്റെ ചോദ്യത്തിന് ഇല്ല ചേട്ടാ എന്ന ദിലീപിന്റെ മറുപടിയില്‍ ദിലീപിനെ സംരക്ഷിച്ചു താരസംഘടനയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. അത്രക്കും ഇന്നസെന്റായിരുന്നു ഇന്നസെന്റ്.

ഗണേഷ് കുമാര്‍ എംഎല്‍എ ആലുവ സബ്ജയിലിന് മുന്നില്‍  
ഗണേഷ് കുമാര്‍ എംഎല്‍എ ആലുവ സബ്ജയിലിന് മുന്നില്‍  

ദിലീപ് അറസ്റ്റിലായതിന് ശേഷം മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. അപ്പോള്‍ പോലും മകളെ അപമാനിക്കാന്‍ ചാനല്‍ ചര്‍ച്ചകളിലും ഫെയ്‌സ്ബുക്കിലും മത്സരിച്ച് പ്രസ്താവനകളിറക്കിയ പുത്രമാര്‍ക്കെതിരെ അമ്മ ചെറുവിരലനക്കിയില്ല.

കോടതി മൂന്നു തവണ ജാമ്യം നിഷേധിച്ചതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ ജയിലില്‍ കഴിയുന്ന താരരാജാവിന്റെ ദുഖത്തില്‍ പങ്കുചേരാനാണ് ഇപ്പോള്‍ സിനിമാ ലോകം ഒന്നടങ്കം ആലുവ സബ് ജയിലിലേക്ക് ഒഴുകുന്നത്. ദിലീപിന് ഓണം ആഘോഷിക്കാന്‍ കഴിയുന്നില്ലെന്നതാണ് ഇവരുടെ ദുഖം. ഓടുന്ന വണ്ടിക്കുളളില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട അവളുടെ ഓണമോ പെരുന്നാളോ ഇവര്‍ക്കൊരു പ്രശ്‌നമല്ല. രണ്ടു മക്കള്‍ക്കും ഒപ്പമെന്ന് പ്രഖ്യാപിച്ച ഇവരാരും ദിലീപിനെ കണ്ട ശേഷം അവളെ കാണാന്‍ പോയില്ല. ആപത്ത് വരുമ്പോള്‍ കൈവിടരുതെന്ന ഇവരുടെ ന്യായം ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് ബാധകല്ല താനും. വര്‍ഷങ്ങളായി കൊടുക്കുന്ന ഓണക്കോടി നല്‍കാനാണ് ജയിലിലെത്തിയത് എന്നാണ് ജയറാം പറഞ്ഞത്.

53 ദിവസം മിണ്ടാതിരുന്നവരാണ് ദിലീപ് രണ്ടു മണിക്കൂര്‍ നേരത്തേക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്ന് അറിഞ്ഞപ്പോള്‍ കൂട്ടത്തോടെ പാഞ്ഞെത്തിയത്. ഒരിടവേളക്ക് ശേഷം സോഷ്യല്‍ മീഡിയയിലും ദിലീപ് അനുകൂലികള്‍ ശബ്ദമുയര്‍ത്തി തുടങ്ങി. സംഘടനാ ഭാരവാഹികള്‍ കൂടിയായ താരങ്ങള്‍ ദിലീപിനെ സന്ദര്‍ശിക്കാനെത്തിയത് അമ്മയിപ്പോഴും ദിലീപനുകൂലമാണെന്നതിന് തെളിവാണ്. പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന് കഴിയുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചതെന്നത് ഇവിടെ പ്രസക്തമാണ്. ജയിലിനകത്തും ദിലീപിന്റെ സ്വാധീനത്തിന് കുറവില്ലെന്ന് വെളിപ്പെടുത്തുന്നതാണ് നിലവിലെ സംഭവങ്ങള്‍.