പിടിക്കാനും വിടാതിരിക്കാനും നമ്മളാര്?

September 23, 2017, 12:57 pm


പിടിക്കാനും വിടാതിരിക്കാനും നമ്മളാര്?
Spotlight
Spotlight


പിടിക്കാനും വിടാതിരിക്കാനും നമ്മളാര്?

പിടിക്കാനും വിടാതിരിക്കാനും നമ്മളാര്?

കോട്ടയത്ത് പ്രകടനമുണ്ടായാല്‍ മനോരമയുടെ ചില്ലുടയും. അത് പത്രസ്വാതന്ത്ര്യത്തിനെതിരെയുള്ള കൈയേറ്റമായി വിമര്‍ശിക്കപ്പെടും. ഇത് പഴയ കഥ. ഇന്ന് പത്രസ്ഥാപനങ്ങളെയല്ല ചാനലുകളെയാണ് അക്രമികള്‍ ലക്ഷ്യം വയ്ക്കുന്നത്. എല്ലാവരും കാണുകയും കാണുന്നവരൊക്കെ ആക്ഷേപിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ചാനലുകള്‍ എങ്ങനെയെത്തി എന്ന് ചാനല്‍ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത് നല്ലതാണ്. ഒരു കാറിന്റെ ചില്ല് തകര്‍ത്തുകൊണ്ട് രാജീവ് ചന്ദ്രശേഖറിന്റെ ചാനലിനെ വരുതിയിലാക്കാമെന്ന് കരുതാനുള്ള വങ്കത്തം തോമസ് ചാണ്ടിക്ക് ഉണ്ടാവില്ല.

ശശീന്ദ്രനെ ശശിയാക്കി മന്ത്രിസ്ഥാനം സ്വന്തമാക്കിയപ്പോള്‍ ബുദ്ധിയുള്ള തോമസ് ചാണ്ടിയെ നാം കണ്ടു. തോമസ് ചാണ്ടിക്കും അപ്പുറത്ത് മുഖ്യമന്ത്രിയുടെ മേശപ്പുറത്തേക്ക് ആക്രമണത്തിന്റെ മാലിന്യമെത്തിക്കാനാണ് മാതൃഭൂമി ന്യൂസില്‍ വേണു ശ്രമിച്ചത്. വിടില്ല ഒരാളെയും എന്ന ആക്രോശത്തോടെയാണ് വേണു ചര്‍ച്ച അവസാനിപ്പിച്ചത്. ഉയരേണ്ടിടത്ത് ഉയരാനുള്ളതാണ് ശബ്ദം. താഴേണ്ടിടത്ത് താഴുകയും വേണം. ഗൗരി ലങ്കേഷിനുശേഷം ശന്തനു ഭൗമിക് രക്തസാക്ഷിയായപ്പോഴാണ് കേരളത്തില്‍ തകര്‍ക്കപ്പെട്ട വണ്ടിച്ചില്ലിന് ആദരാഞ്ജലി അര്‍പ്പിക്കപ്പെട്ടത്. ഈ വര്‍ഷം ഇന്ത്യയില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ മാധ്യമപ്രവര്‍ത്തകനാണ് ത്രിപുരയില്‍ വീഴ്ത്തപ്പെട്ട ശന്തനു ഭൗമിക്. ദിന്‍രാത് എന്ന പ്രാദേശിക ചാനലിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളായിരുന്നു ഇരുപത്തിയെട്ടുകാരനായ ഭൗമിക്.

മാധ്യമസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന ലോക ഇന്‍ഡെക്‌സില്‍ ഇന്ത്യയുടെ സ്ഥാനം പരിതാപകരമായി പിന്നിലാണ്. 2015ല്‍ അഞ്ച്, 2016ല്‍ ആറ് എന്നിങ്ങനെ കൊലപാതകങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പദവി നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. വിദ്വേഷം അണപൊട്ടുമ്പോള്‍ അക്രമത്തിന് അവസാനമുണ്ടാവില്ല. കൂടെനില്‍ക്കുന്നവരെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ മാധ്യമപ്രവര്‍ത്തകരും എത്തിച്ചേരും. ആഭ്യന്തരമായ ജീര്‍ണത വലിയ അപകടത്തിനു കാരണമാകും. ചര്‍ച്ചയില്‍ ബിആര്‍പി ഭാസ്‌കര്‍ ഈ മുന്നറിയിപ്പ് നല്‍കി. ആരെയും വിടില്ലെന്ന് വേണു ആക്രോശിച്ചാലും പത്രസ്വാതന്ത്ര്യം ഗുരുതരമായ ഭീഷണിയെ നേരിട്ട 1975ല്‍ വേണുവിന്‍േറതുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നത് അപമാനകരമായ ചരിത്രമാണ്. വേണുവിന്റെ ആക്ഷേപത്തിന് വിധേയരാകുന്നവര്‍ തന്നെയാണ് ആപത്കാലത്ത് മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത്. ത്രിപുരയില്‍ മണീക് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ നീക്കങ്ങളാണ് ഭൗമിക്കിന്റെ മരണത്തിനിടയാക്കിയ ഗോത്രസംഘര്‍ഷത്തിനു കാരണമായത്. പിണറായി വിജയനെതിരെയും നീക്കങ്ങളുണ്ട്.

കര്‍സേവകര്‍ക്ക് ആക്രമണത്തിനുള്ള ഇഷ്ടിക എത്തിക്കുന്ന ജോലി വേണുവിനെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കരുത്. വിപരീതബുദ്ധി ഉണ്ടാകുന്നതിന് ഇത് വിനാശകാലമല്ല. അകാരണമായ വിപരീതബുദ്ധി നിമിത്തം വിനാശകാലം ഉണ്ടാകാന്‍ പാടില്ല. ആരോപണങ്ങള്‍ നേരിടുന്ന തോമസ് ചാണ്ടിയെ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. ഇ പി ജയരാജനെയും എ കെ ശശീന്ദ്രനെയും കൈകാര്യം ചെയ്തപ്പോഴുണ്ടായ അനവധാനതയും തിടുക്കവും തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഉണ്ടാവരുത്. ശക്തരെ വീഴ്ത്താന്‍ പര്യാപ്തമാണ് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം. സ്വതന്ത്ര്യവും സത്യസന്ധവുമാകുമ്പോഴാണ് മാധ്യമപ്രവര്‍ത്തനം ശക്തമാകുന്നത്.