ദളിതരെ ആരാണ് ന്യൂസ് റുമുകള്‍ക്ക് പുറത്ത് നിര്‍ത്തുന്നത്?

August 14, 2017, 9:39 pm


ദളിതരെ ആരാണ് ന്യൂസ് റുമുകള്‍ക്ക് പുറത്ത് നിര്‍ത്തുന്നത്?
Spotlight
Spotlight


ദളിതരെ ആരാണ് ന്യൂസ് റുമുകള്‍ക്ക് പുറത്ത് നിര്‍ത്തുന്നത്?

ദളിതരെ ആരാണ് ന്യൂസ് റുമുകള്‍ക്ക് പുറത്ത് നിര്‍ത്തുന്നത്?

ഇന്ത്യയൊരു പുരുഷ മേധാവിത്വ രാഷ്ട്രമാണെന്നത് പുരുഷാധിപത്യവാദികളും സ്ത്രീപക്ഷവാദികളും ഒരുപോലെ അംഗീകരിക്കുന്ന വസ്തുതയാണ്. നിരന്തരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ നേടിയെടുത്ത പെണ്ണിടങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും തുടര്‍ പോരാട്ടങ്ങള്‍ക്കും വഴി വയ്ക്കുന്നുണ്ട്. സമൂഹത്തിലെ വിവിധ വശങ്ങളെ പ്രതിഫപ്പിക്കുകയും തുറന്നു കാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിനാലാണ് വ്യവസ്ഥയുടെ നാലാംതൂണായി മാധ്യമ രംഗം അംഗീകരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ലിംഗസമത്വം അവകാശപ്പെടുന്ന രാജ്യങ്ങളിലൊന്നായ സ്വീഡനില്‍ മാധ്യമ രംഗത്തെ സ്ത്രീ പ്രാതിനിധ്യം അന്‍പതു ശതമാനത്തിനടുത്താണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും ലിംഗപരമായ വിവേചനങ്ങള്‍ ജോലി വിഭജനത്തിലും പ്രകടന മികവ് വിലയിരുത്തുന്നതിലും വലിയ പങ്കുവഹിക്കുന്നതായി 2005ല്‍ നടത്തിയ ഒരു സര്‍വേ വെളിപ്പെടുത്തുന്നു. ചെറിയ മാറ്റങ്ങള്‍ക്ക് വരെ വേണ്ടി വരുന്നത് ദശാബ്ദങ്ങളോ നൂറ്റാണ്ടുകളോ ആയതിനാല്‍ 2005ല്‍ പ്രസിദ്ധീകരിച്ച സര്‍വേയില്‍ നിന്ന് കാര്യമായ പുരോഗമനം ഉണ്ടായതായി അനുമാനിക്കാനാവില്ല. ഇന്ത്യയിലെ സ്ഥിതി ഈ കണക്കുകളോട് താരതമ്യപ്പെടുത്താനാവാത്ത വിധം ദയനീയമാണ്. ഇരുപത്തിരണ്ട് ശതമാനം മാത്രമാണ് ഇന്ത്യന്‍ മാധ്യമങ്ങളിലെ എഡിറ്റോറിയല്‍ മേഖലകളിലെ സ്ത്രീ പ്രാതിനിധ്യം.

സ്ത്രീ/പുരുഷന്‍ ഏകശിലാത്മകമായി വ്യാഖ്യാനിക്കാവുന്ന ഒന്നല്ല എന്നത് എന്തുകൊണ്ടോ നാം മറന്നുകളയുന്നു. അവരുടെ സാമൂഹിക ജാതി സ്ഥാനങ്ങള്‍ ഈ ലിംഗ സ്വത്വത്തിനൊപ്പമോ അതിലേറെയോ പ്രാധാന്യമര്‍ഹിക്കുന്നു. ലിംഗപരമായ വിവേചനങ്ങളെക്കുറിച്ച് പറയാന്‍ തയ്യാറാകുന്നവര്‍ പോലും ജാതിയെ സംബോധന ചെയ്യാന്‍ മടിക്കുന്നു.

'വിദേശ പത്രപ്രവര്‍ത്തകനായ റോബിന്‍ ജെഫ്രി ഇന്ത്യയിലെ പത്ര വ്യവസായത്തെക്കുറിച്ച് എഴുതിയ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ റെവല്യൂഷന്‍ എന്ന പുസ്തകത്തിലെ ഒരധ്യായം ഇന്ത്യന്‍ മാധ്യമ രംഗത്തെ ദളിത് അസാന്നിധ്യം സംബന്ധിച്ചായിരുന്നു. ആ പുസ്തകത്തിലെ 160 മുതല്‍ 170 വരെ പേജുകളിലാണ് ദളിത് പത്രപ്രവര്‍ത്തകരെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇന്ത്യയിലെവിടെയും പത്രമാധ്യമങ്ങളെ വളര്‍ത്തുന്നതും നില നിര്‍ത്തുന്നതും മുതലാളിത്ത ശക്തികളാണെന്നും മുതലാളിത്ത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചിലരെയൊക്കെ മാധ്യമ രംഗത്തു നിന്ന് മാറ്റി നിര്‍ത്തുകയാണെന്നും സൂചനകളുണ്ട് പുസ്തകത്തില്‍. ഈ അദ്ധ്യായത്തിലൂടെ കണ്ണോടിച്ചാല്‍ വായിക്കാവുന്ന രസകരമായ ചില പ്രസ്താവനങ്ങളിലൊന്ന് മലയാള മനോരമയുടെ ന്യൂസ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറവുമായി ഗ്രന്ഥകാരന്‍ നടത്തിയ സംഭാഷണത്തിലെ ചില വരികളാണ്.

ഗ്രന്ഥകാരന്‍ ചോദിക്കുന്നു: 'മനോരമയില്‍ ഉന്നത സ്ഥാനങ്ങളിലെവിടെയെങ്കിലും ഒരു ദളിതനുണ്ടോ?''

പനച്ചിയുടെ ഉത്തരം: ഞങ്ങള്‍ അവരോട് വിവേചനം കാണിക്കുന്നില്ല. എങ്കിലും പത്രത്തിന്റെ ഉന്നത പദവികളിലൊന്നും ദളിതര്‍ ആരുമില്ല എന്നതാണ് സത്യം'.

മുപ്പത് വര്‍ഷത്തെ തന്റെ പത്രപ്രവര്‍ത്തന ജീവിതത്തിനടയില്‍ ഒരൊറ്റ ദളിത് പത്രപ്രവര്‍ത്തകനെയും താന്‍ കണ്ടിട്ടില്ലെന്ന് 'ദി പയനിയര്‍' എന്ന പത്രത്തിലെ ബി എന്‍ ഉണ്യാല്‍ പ്രതികരിച്ചിട്ടുണ്ട്.

സമൂഹത്തിന്റെ സകല മേഖലകളിലും ആഴ്ന്നിറങ്ങിയ ജാതി പ്രതിരോധിക്കാന്‍ ലക്ഷ്യമാക്കിയുള്ള സംവരണത്തിനൊന്നും മാധ്യമ രംഗത്ത് ഇടമേയില്ല. സംവരണം നോക്കിയെടുക്കേണ്ട ജോലിയാണോ മാധ്യമ പ്രവര്‍ത്തനം എന്ന് നിഷ്‌കളങ്ക പുരോഗമനവാദികള്‍ ചോദിച്ചാല്‍ ചിരിക്കുകയല്ലാതെ എന്തു മറുപടി പറയാന്‍.

ഇന്ത്യയിലങ്ങിങ്ങോളം ദളിതര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നിമിഷം തോറും ഏറി വരുന്ന സാഹചര്യത്തിലാണ് നിങ്ങളുടെ പ്രശ്‌നങ്ങള്‍ എഴുതാനും ചര്‍ച്ച ചെയ്യാനും ഞങ്ങളുണ്ട് നിങ്ങള്‍ മാറി നില്‍ക്കൂ എന്ന് സവര്‍ണ മാധ്യമ തമ്പുരാക്കന്മാര്‍ തിട്ടൂരമിറക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ന്യൂസ് 18 എന്ന മാധ്യമ സ്ഥാപനത്തില്‍ ഒരു ദളിത് വനിതാ പ്രോഗ്രാം പ്രൊഡ്യൂസര്‍ നിരന്തരമായ തൊഴില്‍ പീഢനത്തില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. പ്രൊഫെഷണല്‍ അഭിപ്രായ വിത്യാസങ്ങള്‍/ കോര്‍പറേറ്റ് പിരിച്ചു വിടലിനോട് വൈകാരികമായി പ്രതികരിച്ചത് മുതല്‍ വ്യക്തി വിദ്വേഷം വരെയാണ് ദളിത് /സ്ത്രീ പീഡനമായി വ്യാഖ്യാനിച്ചതെന്ന് എഴുത്തുകളുണ്ടായി.

ഒരുപടി കൂടി കടന്ന്, സ്ത്രീകളെ പ്രത്യേകിച്ചും ദളിതരെ കീഴ്ജീവനക്കാരായി എടുക്കാന്‍ പേടിയാണെന്നും ഒന്നു ശകാരിച്ചാല്‍ നാളെ ദളിത് വിരുദ്ധനായി മുദ്ര കുത്തപ്പെടുമെന്ന് ഭയക്കുന്നതുമായി ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആശങ്കപ്പെട്ടു കണ്ടു.. ഒരു ശതമാനം പോലും പ്രാതിനിധ്യമില്ലാത്ത ഒരു വിഭാഗത്തോടാണ് തൊഴിലിടങ്ങളിലെ പീഡനം നിയമപരമായി നേരിടുന്നത് അവരുടെ തൊഴില്‍ ലഭ്യതയെ തന്നെ ബാധിക്കുമെന്ന തരത്തില്‍ പേടിയെന്നു പേരിട്ട ഭീഷണിപ്പെടുത്തലുകള്‍.

സവര്‍ണ ആണധികാരങ്ങള്‍ പ്രയോഗിക്കുന്നവര്‍ പലപ്പോഴും തിരിച്ചറിയണമെന്നു തന്നെയില്ല. കാരണം അവരാ പ്രിവിലേജിന്റെ ആസ്വാദകരാണ്. വ്യക്തിപരമായ കേസുകള്‍ എടുത്തുള്ള ആക്ടിവിസം തന്നെയാണ് പലപ്പോഴും ജാതി ലിംഗ വിരുദ്ധതകളെ തിരിച്ചറിയാനുള്ള മാര്‍ഗം. ലിംഗ ജാതിവിവേചനങ്ങളെ സ്‌ക്കില്‍ ഇല്ലായ്മയും വഴക്കു പറച്ചിലും പെരുപ്പിച്ചു കാട്ടലുമായി ലഘൂകരിക്കുന്നവര്‍, മുകളിലുള്ളവരുടെ തിരുത്തലുകള്‍ അംഗീകരിച്ച് അച്ചടക്കവും അനുസരണയുമുള്ള നല്ല കുഞ്ഞാടുകളായി നില്‍ക്കേണ്ടുന്നവര്‍ മാത്രമാണ് ദളിത് സ്ത്രീകള്‍ എന്നുറപ്പിക്കുന്നുണ്ട്. ഒരു വരയ്ക്കപ്പുറം ദളിത്/ സ്ത്രീ പീഡനമെന്ന് അതിര്‍ വരച്ച് വഴി നടത്താവുന്ന ഒന്നല്ല ഈ വിഷയങ്ങളൊന്നും. മേലധികാരികളുടെ തമാശകളെ/ തിരുത്തലുകളെ ഉള്‍ക്കൊള്ളാനാവാത്തവരാണെന്നും കഴിവുകെട്ടവരാണെന്നും ആക്ഷേപിച്ച് തന്നെയാണ് ദളിതരെ കാലങ്ങളായി മാറ്റി നിര്‍ത്തിയിരുന്നത് എന്നു നമുക്കറിയാഞ്ഞിട്ടല്ല. ജാതിയെ നേരിടാന്‍ മനസ്സില്ലാത്തത് മാത്രമാണ് പ്രശ്‌നം. സ്ഥിരം കോര്‍പറേറ്റ് കൊഴിഞ്ഞു പോക്കെന്ന ന്യായീകരണം ചുമത്തി എത്രയോ ദളിതരെയാണ് മുഖ്യധാരയില്‍ നിന്ന് നാം മാറ്റി നിര്‍ത്തിയിട്ടുള്ളത്.

ആരോപണ വിധേയരുടെ മാനസിക നില, വാര്‍ത്തയെ വളച്ചൊടിക്കുന്നു, രാഷ്ട്രീയമായി ഉപയോഗിക്കുന്നു, എന്നിങ്ങനെ വിഷയത്തിന്റെ മറ്റു തലങ്ങളെല്ലാം ചര്‍ച്ചയ്‌ക്കെടുക്കുന്ന സവര്‍ണ സാമൂഹിക ഇടങ്ങള്‍ കൈയ്യാളുന്ന മുഖ്യധാര ഫെമിനിസ്റ്റ് മാധ്യമ സുഹൃത്തുകളെ തൊഴില്‍ പീഡനമെന്ന നിലയില്‍ പോലും ഈ വാര്‍ത്ത ആകര്‍ഷിക്കുന്നില്ല. ആത്മഹത്യാ ശ്രമം നടത്തിയ മാധ്യമ പ്രവര്‍ത്തക നമ്മുടെ പ്രയോരിറ്റി ലിസ്റ്റില്‍ എവിടെയാണെന്ന് പോലും കണ്ടെത്താനാവുന്നില്ല. എല്ലാ വിഷയങ്ങളിലും നിലപാടെടുക്കുന്ന വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പോലും പാലിക്കുന്ന നിശബ്ദത ഭീകരമാണ്. ദളിതര്‍ ഇരകളാക്കപ്പെടുമ്പോള്‍ മാത്രം വസ്തുതകളുടെ വേരിഫിക്കേഷനായി കാത്തുനില്‍ക്കുന്ന ലിബറല്‍ മുഖങ്ങളിലൊക്കെ ജാതിച്ചായം പറ്റിപ്പിടിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ.

വെറും ഫേസ് ബുക്ക് സ്റ്റേറ്റസുകളിലോ നാമമാത്രമായ വാര്‍ത്തകളിലോ ഒതുങ്ങി നില്‍ക്കേണ്ടുന്ന വ്യക്തിപരമായ സങ്കടമല്ല ഈ വിഷയം.ഇന്ത്യന്‍ മാധ്യമ രംഗത്തെ ജാതി അതിക്രമങ്ങളെയും ദളിത് അദൃശ്യതയെയും തിരിച്ചറിയാനും പ്രതിരോധിക്കാനും വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടുന്ന സാഹചര്യമാണിത്. ഇവിടെയോ, ജാതിയോ എന്ന കപട നിഷ്‌കളങ്ക കുപ്പായമഴിച്ചു വെച്ച് കണ്ണാടി തന്നിലേക്കു തന്നെ തിരിക്കാന്‍ പുരോഗമനവാദികള്‍ തയ്യാറാവേണ്ടിയിരിക്കുന്നു.