കോവളം കൊട്ടാരം രവിപിള്ളയ്ക്ക്: ഗള്‍ഫിലെ മുതലാളി ബന്ധങ്ങള്‍ രാഷ്ട്രീയക്കാര്‍ മറച്ചുവെക്കുന്നതെന്തിന്?

July 29, 2017, 12:58 pm
കോവളം കൊട്ടാരം രവിപിള്ളയ്ക്ക്:
ഗള്‍ഫിലെ മുതലാളി  ബന്ധങ്ങള്‍  രാഷ്ട്രീയക്കാര്‍ മറച്ചുവെക്കുന്നതെന്തിന്?
Spotlight
Spotlight
കോവളം കൊട്ടാരം രവിപിള്ളയ്ക്ക്:
ഗള്‍ഫിലെ മുതലാളി  ബന്ധങ്ങള്‍  രാഷ്ട്രീയക്കാര്‍ മറച്ചുവെക്കുന്നതെന്തിന്?

കോവളം കൊട്ടാരം രവിപിള്ളയ്ക്ക്: ഗള്‍ഫിലെ മുതലാളി ബന്ധങ്ങള്‍ രാഷ്ട്രീയക്കാര്‍ മറച്ചുവെക്കുന്നതെന്തിന്?

കോണ്‍ട്രിബ്യൂട്ടിങ്ങ് എഡിറ്റര്‍, ഹഫിംങ്ടണ്‍ പോസ്റ്റ്.
ദി ഹിന്ദു ദിനപത്രത്തിലും, ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥനായി നിരവധി ഏഷ്യന്‍ പസഫിക്ക് രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്‌

പൊതുമേഖലാ സ്ഥാപനമായ ബെമലിന്റെ (BEML) സ്വകാര്യവത്കരണത്തിനെതിരെ പ്രസ്താവനയിറക്കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻപൊതുമുതലായിരുന്ന കോവളത്തെ കോടികൾ വിലയുള്ള കൊട്ടാരവും വസ്തുവും ഗൾഫ് വ്യവസായിയുടെ കമ്പനിക്കു കൈമാറ്റം ചെയ്യാൻ തീരുമാനിക്കുന്നത് വിരോധാഭാസമാണ്. പക്ഷെ, പിണറായിക്കു കൈമലർത്താൻ ഒരു കാരണമുണ്ടായിരുന്നു:
താനും തന്റെ മന്ത്രിമാരും രാജ്യത്തെ കോടതികളുടെ വിധി നടപ്പിലാക്കുകമാത്രമായിരുന്നു, ഇതിൽ ഞങ്ങൾക്ക് ഒരു പങ്കുമില്ല, ചെയ്യാവുന്നതെല്ലാം ചെയ്തു, ഇനി രക്ഷയില്ല. പിണറായി പറയുന്നതിൽ കാര്യമില്ലാതില്ല. കോവളത്തെ കണ്ണായ ഈ സ്ഥലവും കൊട്ടാരവും കൊല്ലത്തെ ഗൾഫ് ധനികന്റെ ഉടമസ്ഥതയിൽ എത്താൻ കാരണം അദ്ദേഹമോ അദ്ദേഹത്തിന്റെ പാർട്ടിയോ അല്ല. 2001-2002-ൽ കേന്ദ്രം ഭരിച്ചിരുന്ന ബിജെപി ഡിസിൻവെസ്റ്മെന്റ് പദ്ധതിയുടെ ഭാഗമായി ചുളു വിലക്ക് എഴുതി വിറ്റ സ്ഥലമാണ് കൈ മറിഞ്ഞു ഇപ്പോൾ ആർ പി ഗ്രൂപ്പിന്റെ കയ്യിലെത്തിയിരിക്കുന്നത്.
65 ഏക്കർ ഭൂമിയും, അതിലെ അശോക് ഹോട്ടൽ, ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഹാൽസിയൻ കൊട്ടാരം, ഒരു അന്തർദേശിയ കൺവെൻഷൻ സെന്റർ എന്നിവ, 15 കൊല്ലം മുമ്പ് വെറും 44 കോടി രൂപയ്ക്കാണ് ബിജെപി സർക്കാർ ഗൾഫാർ മുഹമ്മദലി എന്ന ഗൾഫ് മുതലാളിക്ക്എഴുതികൊടുത്തത്. ഒരു കൈ മറിഞ്ഞു അത് രവി പിള്ളയുടെ കയ്യിൽ എത്തിയപ്പോൾ, വില 500 കോടി കഴിഞ്ഞു.  ഇതു പോലെ ഒൻപതു ITDC ഹോട്ടലുകളാണ് 2001-2002 കാലത്ത്‌  ബിജെപി വിറ്റു തുലച്ചത് - വെറും 192 കോടി രൂപക്ക്. ഒപ്പം ഹോട്ടൽ കോര്പറേഷന് ഓഫ് ഇന്ത്യയുടെ (HCI) മൂന്നു ഹോട്ടലുകൾ 250 കോടിക്കും. ഇന്ന് അവയുടെ വിപണി മൂല്യം പലആയിരം കോടികൾ വരും.
കോവളം കൊട്ടാരം
കോവളം കൊട്ടാരം
മൂലധന സമാഹരണത്തിനു എന്ന പേരിൽ നടന്ന ഈ കച്ചവടങ്ങളെല്ലാം മറിച്ചു വിൽക്കലിന് വേണ്ടി മാത്രമായിരുന്നു എന്നതാണ് യാഥാർഥ്യം. ഗൾഫാർ മുഹമ്മദലി കോവളം ഹോട്ടൽ മൂന്നു കൊല്ലത്തിനകം 150 കോടിക്ക് ലീലയ്ക്കു മറിച്ചു വിറ്റപ്പോൾ, ബോംബെ Centaur ഹോട്ടൽ ബത്ര ഗ്രൂപ്പ് വാങ്ങി നാല് മാസങ്ങൾക്കകം വിറ്റത് 32 കോടി രൂപലാഭത്തിനാണ്. അതുപോലെ, ജൂഹു Centaur ഹോട്ടൽ വളരെ സംശയാസ്പദമായ രീതിയിൽ കൈവശപ്പെടുത്തിയ കക്ഷി അധികം വൈകാതെ അത് ഇരട്ടി വിലക്ക് മറിച്ചു വിൽക്കാൻശ്രമിച്ചു, പക്ഷെ പണം നൽകിയ ബാങ്കിന്റെ ഇടപെടൽ കൊണ്ടത് നടന്നില്ല. മൂന്നു കൊല്ലം മുമ്പ് ഈ ഹോട്ടൽ ലേലത്തിന് വെച്ചത് 1300 കോടി രൂപയ്ക്കായിരുന്നു
ഇന്ന് മോഡിയുടെ വിമര്ശകനായ അരുൺ ഷോറിയാണ് അന്ന് ഡിസൈൻവെസ്റ്മെന്റ് മന്ത്രി. രാജ്യത്തിൻറെ പൊതു സ്വത്തുക്കൾ വേണ്ടപ്പെട്ടവർക്ക് വിറ്റു തുലക്കാൻ ബിജെപി കയറൂരി വിട്ട മനുഷ്യൻ. 240 പൊതുമേഖലാ സ്ഥാപനങ്ങളാണ് ഷോറി വിൽക്കാൻ അടയാളപ്പെടുത്തി വച്ചിരുന്നത്, പക്ഷെ പന്ത്രെണ്ണം കഴിഞ്ഞപ്പോൾ പാർട്ടിക്കുള്ളിൽ തന്നെ പോരായി, മന്ത്രിമാർ തമ്മിലടിയായി, പരിപാടി തല്ക്കാലം നിറുത്തി. ഇപ്പോൾ മോഡി സർക്കാർ വീണ്ടും വിൽപ്പന തുടങ്ങിയിരിക്കുന്നു. പുതിയ ലിസ്റ്റിൽ പെട്ടതാണ് BEML, ഐടിഡിസി യുടെ വേറേ മൂന്നു ഹോട്ടലുകൾ എന്നിവ.
പിണറായി വിജയൻ രവി പിള്ളയുടെ കമ്പനിക്കു കോവളം കൈമാറുന്നതിൽ ഇനിയുമുണ്ട് വിരോധാഭാസം. 2000-ൽ, വാജ്പേയി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന തുടങ്ങിയപ്പോൾ അന്ന് ഏറ്റവും ശക്തമായി അതിനെ എതിർത്തത് അദ്ദേഹത്തിന്റെ പാർട്ടിയായിരുന്നു. “The Polit Bureau of the CPI(M) considers this move by the Vajpayee government as totally anti-national and in the interests of the imperialist lobby and calls upon all the patriotic people to unitedly resist such dangerous and desperate game-plans of the government.” തികച്ചും ലക്ഷണമൊത്ത മാർക്സിസ്റ്റ് (CPM) പ്രസ്താവന.
ഇന്ന് അതേ പാർട്ടി ബിജെപിയുടെ ചെലവിൽ ഒരു വലിയ മുതലാളിക്ക് പൊതുമുതൽ കൈമാറ്റം ചെയ്യുന്നു. പാർട്ടിയുടെ പ്രഖ്യാപിത നയമനുസരിച്ച്‌ വിജയനും കൂട്ടരും ചെയ്യേണ്ടിയിരിക്കുന്നത് പൊതുജന പ്രക്ഷോഭം സംഘടിപ്പിക്കലായിരുന്നു. 2000-ൽ, പാർട്ടി പറഞ്ഞതും ആഹ്വാനം ചെയ്തതും മറ്റൊന്നല്ല. വി എസ് അച്യുതാനന്ദൻ മാത്രം ഇന്നും പാർട്ടി ലൈൻ തുടരുന്നു, പക്ഷെ ആര് കേൾക്കാൻ.
മറ്റു സംസ്ഥാനങ്ങളിലേപ്പോലെ കേരളത്തിൽ വ്യവസായികൾ ഇല്ല. ഇവിടെ ഉള്ളത് ഗൾഫ് രാജ്യങ്ങളിൽ കെട്ടിടം പണിയിൽ നിന്നും കച്ചവടത്തിൽ നിന്നും പണമുണ്ടാക്കിയ ഗൾഫ്മുതലാളിമാരാണ്. അവരാണ് ഇപ്പോൾ കേരളത്തിൽ പിടി മുറുക്കുന്നത്. തങ്ങളുടെ പാർട്ടിയുടെ പ്രഖ്യാപിത നയത്തിൽ വിശ്വാസം ഉണ്ടെങ്കില്‍, വിജയനും കൂട്ടരും ഏറ്റവും സംശയിക്കേണ്ടതും സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതും ഇവരെയാണ് - കാരണം, ഇവർ ഏർപ്പെടുന്നത് ധാരാളം പേർക്ക് ജോലി നൽകുന്ന ഉല്പാദന പ്രക്രിയകളിലല്ല, അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്ന റോഡ്-പാലം പണികളിലല്ല; മറിച്ചു റിയൽ എസ്റ്റേറ്റ്, ഹോട്ടൽ, ആശുപത്രി, കച്ചവടം തുടങ്ങിയ മേഖലകളിലാണ്‌. ഇനിയുള്ള കാലം അവരായിരിക്കും കേരളത്തിലെ കുത്തകകൾ. അംബാനി-അദാനിമാരുടെ കുത്തകവൽക്കരണം എതിർക്കപ്പെടേണ്ടതാണെങ്കിൽ, ഈ ഗൾഫ് മുതലാളിമാരുടെ കുത്തകയും വ്യത്യസ്‌തമല്ല.
NSSO-യുടെ ഏറ്റവും പുതിയ റൌണ്ട് സർവേയിലെ കണക്കുകൾ പറയുന്ന പോലെ, റിയൽ എസ്റ്റേറ്റ് ആണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും അസമത്വം സൃഷ്ടിക്കുന്ന വസ്തു.  ഇന്ത്യയിലെ നഗരങ്ങളിൽ ഏറ്റവും മുകളിലുള്ള 10 ശതമാനവും ഏറ്റവും താഴത്തെ 10 ശതമാനവും തമ്മിലുള്ള അസമത്വം 50000 മടങ്ങാണ്. ഭൂമിക്കു പൊന്നിന്റെ വിലയുള്ള കേരളത്തിന്റെസ്ഥിതി ആലോചിച്ചു നോക്കൂ.
പക്ഷെ മാർക്സിസ്റ്റ് നേതാക്കൾ ഉൾപ്പടെയുള്ള കേരളത്തിലെ രാഷ്ട്രീയക്കാർക്ക് ഇവർക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിന്നെ മതിയാവൂ. കാരണം ബസ്സിന് കല്ലെറിഞ്ഞും, കണ്ടവന്റെ പള്ളയ്ക്ക് കത്തി കയറ്റിയും “ഉന്നത വിദ്യാഭ്യാസം” നേടിയ മക്കൾക്ക് വേറെ ആര് CEO ജോലി നൽകും? അശ്‌ളീല ചാനലുകൾക്ക് ആര് പരസ്യവും പണവും നൽകും? അത് കൊണ്ട്, ബിജെപിയുടെ ചെലവിലാണെങ്കിലും പൊതു സ്വത്തു എഴുതിക്കൊടുക്കുന്നതിൽ ഒരു സങ്കടവും ഉണ്ടാവാൻ വഴിയില്ല.
പല നേതാക്കളുടെയും മക്കൾ ഗൾഫ് മുതലാളിമാരുടെ കമ്പനികളിൽ വൻതുക ശമ്പളത്തിൽ ജോലിയെടുക്കുകയൊ ഇപ്പോഴും എടുതുകൊണ്ടിരിക്കുകയൊ എന്നാണു പൊതുവിൽ കേള്‍ക്കുന്നത്. ഇതേ മുതലാളിമാർ, കേരളത്തിൽ സർക്കാരിന്റെ, രാഷ്ട്രീയക്കാരുടെ ഒത്താശയോടെ കാര്യങ്ങൾ സംഘടിപ്പിക്കുമ്പോൾ conflict of interest ഇല്ല എന്നുറപ്പു വരുത്തേണ്ടത് പൊതുജന ധർമമാണ്. സർക്കാർ വക ഹോട്ടൽ വാങ്ങുന്ന മുതലാളിയുടെ കമ്പനിയിലാണ് പാർട്ടി നേതാവിന്റെ മകന് ജോലിയെങ്കിൽ, അത് ജനമറിയേണ്ടതാണ്. കാരണം, സർക്കാർ ചെയ്യുന്ന സഹായത്തിനു കൂലിയാവാം മകന്റെ ജോലിയും വൻ ശമ്പളവും. ഇനി, ഇതേ മുതലാളി സർക്കാരിന്റെ ഒത്താശയോടെ നടത്തുന്ന നിക്ഷേപത്തിൽ നേതാക്കൾക്ക് ഷെയർ ഉണ്ടോ എന്നെങ്ങനെഅറിയും? ചൈനയിൽ സംഭവിച്ചത് അതാണ്.

ചൈനയിലെ വിദേശ നിക്ഷേപങ്ങളിൽ 40 ശതമാനവും റൌണ്ട്-ട്രിപ്പിങ് ആയിരുന്നു എന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട് - അതിൽ പകുതിയോളം ഹോങ്കോങ് വഴിയും. അതായതു പണം അല്ലെങ്കിൽ ധനം ചൈനയിൽ ഉൽപാദിക്കപ്പെടുന്നു, അത് ഹോങ്കോങ്ങ് വഴി പുതിയ വിദേശ നിക്ഷേപമായി തിരികെയെത്തുന്നു. പഴയ പ്രധാന മന്ത്രി വെൻജിയാബോയുടെ കുടുംബം ഉൾപ്പെടെയുള്ള പാർട്ടിക്കാർ ഒരുപാട് പേരാണ് ഇത്തരം പരിപാടികളുടെ ഗുണഭോക്താക്കളായത്. കേരളത്തിൽ ചെയ്തു കൊടുക്കുന്ന ഒത്താശയ്ക്ക് മക്കള്‍ക്ക് ജോലി നൽകുകയും ഗൾഫിൽ കൈക്കൂലി വാങ്ങുകയും, അത് ഒരു പക്ഷെ നിക്ഷേപമായി കേരളത്തിൽ തന്നെ തിരികെയെത്തുകയും ചെയ്യാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ചൈനയിലേക്കുള്ള നിക്ഷേപത്തിന്റെ കണക്കുകൾ ഹോങ്കോങ്ങിൽ നിന്നും വ്യക്തമായി കണ്ടെടുക്കാൻ സാധിക്കാത്തതു പോലെ തന്നെ, ഗൾഫ് രാജ്യങ്ങളിലെ പണമിടപാടുകൾ കണ്ടു പിടിക്കുക ഒരിക്കലും എളുപ്പമല്ല. രാഷ്ട്രീയക്കാർ കൂട്ടം കൂട്ടമായി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നതും മുതലാളിമാരെ സന്തോഷിപ്പിക്കുകയുംചെയ്യുന്നത് സാഹചര്യ തെളിവായി സംശയിക്കാവുന്നതാണ് എങ്കിലും.

ഇനി ഇപ്പോഴെത്തെത് ഉൾപ്പെടെയുള്ള സർക്കാരുകൾ വഴി വിട്ടു ഒന്നും ചെയ്തിട്ടില്ല എന്ന് അവകാശപ്പെട്ടു എന്നിരിക്കട്ടെ - അതിൽ വല്യ കാര്യമില്ല. ഒരു നിയമലംഘനവുംനടത്താതെ കമ്മീഷൻ പറ്റുന്നത് അസാധാരണമല്ല - കാരണം, നിയമങ്ങൾ പാലിച്ചായാലും സർക്കാരിന്റെ സഹായമില്ലാതെ ഒരു മുതലാളിക്കും ഒന്നും നടത്താനാവില്ല. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇതിനു പറഞ്ഞിരുന്നത് sustainable corruption  എന്നാണ്. എല്ലാം ചട്ടപ്പടി തന്നെ നടക്കും, പക്ഷെ നേതാക്കൾക്ക് മുതലാളിമാർ 10-15 ശതമാനം കമ്മീഷൻനൽകിയേ മതിയാവൂ - അല്ലെങ്കിൽ ഓരോ സ്റ്റേജിലും അവർ ഇടങ്കോലിടും.
വേണ്ടത് സുതാര്യതയാണ്.
നേതാക്കൾ തങ്ങളുടെയും ബന്ധുക്കളുടെയും ഗൾഫ് മുതലാളി ബന്ധങ്ങൾ വ്യക്തമായി വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. ഏറ്റവും കുറഞ്ഞത്, ആരുടെയൊക്കെ മക്കൾ, അല്ലെങ്കിൽ ബന്ധുക്കൾ ഏതൊക്കെ മുതലാളിമാരുടെ കമ്പനികളിൽ എത്ര രൂപ ശമ്പളത്തിന് ജോലി ചെയ്യുന്നു എന്നതിലാവട്ടെ തുടക്കം. ജോലി ഇവിടെയും കൂലി അവിടെയും എന്നത് പല രാജ്യങ്ങളിലെയും രാഷ്ട്രീയക്കാർ പയറ്റിയ തന്ത്രമാണ്. പല വ്യവഹാരങ്ങളും കാണുമ്പോൾ സംശയം തോന്നുന്നത് സാധാരണം. അതില്ല എന്ന് തെളിയിക്കേണ്ടത് നേതാക്കളുടെ ചുമതലയും