നെറികെട്ട വ്യാപാരം നടത്തി അന്നദാനത്തിലൂടെ ധര്‍മ്മിഷ്ഠരാകുന്നതല്ല മാധ്യമ ധര്‍മ്മം 

February 19, 2017, 11:59 pm
 നെറികെട്ട വ്യാപാരം നടത്തി അന്നദാനത്തിലൂടെ ധര്‍മ്മിഷ്ഠരാകുന്നതല്ല  മാധ്യമ ധര്‍മ്മം 
Spotlight
Spotlight
 നെറികെട്ട വ്യാപാരം നടത്തി അന്നദാനത്തിലൂടെ ധര്‍മ്മിഷ്ഠരാകുന്നതല്ല  മാധ്യമ ധര്‍മ്മം 

നെറികെട്ട വ്യാപാരം നടത്തി അന്നദാനത്തിലൂടെ ധര്‍മ്മിഷ്ഠരാകുന്നതല്ല മാധ്യമ ധര്‍മ്മം 

ലൈംഗികാതിക്രമങ്ങളുടെ വാര്‍ത്തകള്‍ വരുമ്പോള്‍ കൈരളിയുടെ ന്യൂസ് റൂമില്‍ സ്ഖലനമുണ്ടാകുന്നത് ഒട്ടും അതിശയമുണ്ടാക്കുന്നില്ല.അത് കൈരളിയില്‍ മാത്രമല്ല എന്നതും വേറെ കാര്യം. ഒരുതരം മനോവൈകൃതം പോലെ ഇരയെക്കുറിച്ചുള്ള 'അവള്‍' കഥകളില്‍ ചിണുങ്ങുന്ന ഓരോ ലിംഗവും ഈ സാംക്രമിക വൈകൃതത്തിനെ പേറുന്നുണ്ട്.

സൂര്യനെല്ലി പീഡനവാര്‍ത്തകള്‍ വന്ന കാലത്ത്, മലയാള മനോരമ എന്ന എക്കാലത്തും തരംതാണ വാര്‍ത്തയെഴുത്തില്‍ അഭിരമിക്കുന്ന പത്രത്തില്‍ വന്ന ഒരു കാര്‍ടൂണില്‍ സൂര്യനെല്ലിയിലെ ഇരയായ പെണ്‍കുട്ടി ഒരു കടലാസും പിടിച്ച് അരങ്ങില്‍ നില്ക്കുന്നു; പിന്നണിയില്‍ നിന്നും ഒളിച്ചുനോക്കി നായനാരും മറ്റും പറഞ്ഞുകൊടുക്കുന്നു, 'എഴുതിത്തന്ന പേരുകളൊക്കെ പറയണം, ഓരോ പേര് വായിക്കുമ്പോഴും പൊട്ടിപ്പൊട്ടി കരയണം' എന്ന്. ഒരു വരിക്കാരനും പിറ്റെന്നു തൊട്ട് മനോരമ പത്രം നിര്‍ത്തിയില്ല. ചില കാര്യങ്ങള്‍ അങ്ങനെയാണ്; സ്വീകാര്യമായ ചില അധാര്‍മ്മികതകളുണ്ട്; സ്ത്രീപീഡനം അതിലൊന്നാണ്.

ഒരു മാധ്യമത്തിന്റെ മൂല്യബോധം അതിന്റെ വാര്‍ത്തകളാണ്; വാര്‍ത്തകള്‍ മാത്രമാണ്. നെറികെട്ട വ്യാപാരം നടത്തിയിട്ട് അന്നദാനം നടത്തി ധര്‍മ്മിഷ്ടനാകുന്ന എര്‍പ്പാടിന് വകുപ്പില്ല. അതാണ് കൈരളി ലാഭത്തിലാക്കിയ ബ്രിട്ടാസിനെ എന്തിന് ആക്ഷേപിക്കുന്നു എന്ന് സകല സി പി എമ്മുകാരും അന്തം വിടുന്നത്. അവരുടെ മൂല്യബോധം, രാഷ്ട്രീയം ലാഭത്തിന്റെ കണക്കുപുസ്തകമായി എന്നതാണു കാര്യം.

അബ്കാരി വ്യാപാരം നടത്തുന്നവരും വിദ്യാഭ്യാസാനടത്തിപ്പിലേക്ക് വന്നു എന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് മുഖ്യമന്ത്രി വിജയന്‍ വിലപിച്ചത്. കൈരളിയെക്കുറിച്ചും അദ്ദേഹത്തിന് മനസ് തുറക്കാവുന്നതാണ്. അയാളടക്കമുള്ള നടത്തിപ്പുകാരാണ് അതിന്റെ പിന്നില്‍. ഞങ്ങളുടെ സൂപ്പര്‍ എം ഡി എന്നാണ് വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ബ്രിട്ടാസ് അയാള്‍ക്ക് നല്കിയ സ്വീകരണത്തില്‍ പറഞ്ഞത്. പിന്നെ ഉപദേശകനും. നീ ബലാത്സംഗമൊന്നും ചെയ്തുകളയരുത് എന്ന് സഹജമായ വിടന്റെ ചിരിയോടെ പറയുമ്പോള്‍ എന്ത് മൂല്യബോധത്തിലാണ് ജനത ആത്മാവിഷ്‌കാരം നടത്തുന്നത്?

ഇത് കൈരളിയില്‍ മാത്രമല്ല, 'കുളിക്കുന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു' എന്നൊരു തലക്കെട്ട് നിങ്ങള്‍ക്ക് പല രാജ്യങ്ങളിലും കൊടുക്കാന്‍ പറ്റില്ല. അതൊരു മാധ്യമ മാര്‍ഗരേഖയാണ്. കാരണം ഇരയുടെ ഭാഗത്തുനിന്നുള്ള 'കുളി' എന്ന 'പ്രകോപനം' എന്ന ധ്വനി അതില്‍ ഒളിച്ചിരിക്കുന്നു എന്നാണ് കാരണം. ഇരയുടെ പേര് വെളിപ്പെടുത്താതിരിക്കുക ആത്രമല്ല ഒരു ലൈംഗികാതിക്രമ വാര്‍ത്ത നല്കുമ്പോള്‍ പാലിക്കേണ്ട മാധ്യമ നീതി. മറച്ചുവെക്കുന്നത് മാത്രമല്ല, എന്തൊക്കെ പരസ്യമായി പറയുന്നു എന്നും, ആ പറയുന്നതിലെ പക്ഷപാതിത്വവും വളരെ പ്രധാനമാണ്. ലൈംഗികാതിക്രമം നടന്നാല്‍ വാര്‍ത്തയില്‍, 'ഇരയും പീഡകനും തമ്മിലുള്ള ബന്ധം' ചൂടുള്ള അന്വേഷണ വിഷയമായി അവതരിക്കുന്നത് ഇതുകൊണ്ടാണ്. ജാതി അധിക്ഷേപം നടത്തി എന്ന കുറ്റാരോപണം നേരിടുന്ന ലക്ഷ്മീ നായരെ പരിപാടി അവതരിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ പോലും തയ്യാറാകാത്ത കൈരളിയില്‍ നിന്നും പുല്ലിംഗ ന്യായങ്ങളുടെ ആത്മാവിഷ്‌കാരമല്ലാതെ നാമെന്താണ് പ്രതീക്ഷിക്കുന്നത്.

എന്നാലിതിനെ ബ്രിട്ടാസിന്റെ മാത്രം വൈകൃത മനോഭാവനകളായി ഞാന്‍ കാണുന്നില്ല. അയാളുടെ അഭിമുഖങ്ങള്‍ തെളിയിക്കുന്നത് അയാള്‍ക്കത് വേണ്ടുവോളം ഉണ്ടെന്നാണെങ്കിലും. ഒരു സമൂഹം എന്ന നിലയില്‍ സ്ത്രീ ശരീരത്തോടും, ലൈംഗികതയോടും നാം പുലര്‍ത്തുന്ന രോഗാതുരമായ മനോവൈകൃതങ്ങളാണ് ഒരു ലൈംഗികാതിക്രമ വാര്‍ത്തയില്‍പ്പോലും 'ചൂടന്‍ തുണ്ടുകള്‍' കുത്തിക്കയറ്റാനുള്ള ത്വരയായി പുറത്തുവരുന്നത്. ആണുങ്ങളും പെണ്ണുങ്ങളും പരസ്യമായി സംസാരിച്ചാല്‍, ഉപദേശിക്കാന്‍ ഒരു പൊലീസ് വിഭാഗത്തെ തയ്യാറാക്കി നിര്‍ത്തിയ 'ആധുനിക' നീക്കങ്ങള്‍ നമുക്ക് സ്വന്തമാണ്.

ജനാധിപത്യ വിദ്യാഭ്യാസത്തെക്കുറിച്ചൊന്നും ഒരു തുറന്ന ധാരണയുമില്ലാത്ത ക്രിസ്ത്യന്‍ സഭകള്‍ കര്‍ശനമായി നടപ്പാക്കിയ ആണ്‍-പെണ്‍ വേര്‍തിരിവിന്റെ 'ആദിപാപ' ഭയം നിറഞ്ഞ പള്ളിക്കൂടങ്ങളാണ് കേരളത്തിലെ വലിയൊരു വിഭാഗം തലമുറകളെയും വളര്‍ത്തുന്നത്. മറ്റ് മത, സാമുദായിക സംഘങ്ങളുടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതൊക്കെത്തന്നെയാണ് നടത്തുന്നത്.

'നിനക്കു തട്ടമിട്ടൂടെ പെണ്ണേ' എന്നും 'ഹിജാബ് അവകാശമാണെന്നും' പറയുന്ന തരം മതവൈകൃതങ്ങളാണ് ഇരയുടെ 'അവളുടെ കഥകള്‍' ആഘോഷിക്കുന്നത്.

മാധ്യമപ്രവര്‍ത്തനം മാത്രമല്ല നിങ്ങളുടെ പൊതു/സ്വകാര്യ ജീവിതവും രാഷ്ട്രീയ നിലപാടുകളുടെ പ്രസ്താവനകളാണ്. അതിലെല്ലാമുള്ള പൊതുജനാധിപത്യ ബോധത്തിന് മാത്രമേ സ്ത്രീകളെക്കുറിച്ച് ലിംഗാഗ്രം കൊണ്ട് നിരൂപണം നടത്താതിരിക്കാന്‍ കഴിയൂ. കാശുള്ളവന്‍ പിടിച്ചാല്‍ പെണ്ണുങ്ങള്‍ വഴങ്ങിത്തരുമെന്ന് പറഞ്ഞ ഒരുത്തനാണ് യു.എസ് പ്രസിഡണ്ട്. ഇതൊക്കെ പറയാത്ത എത്ര പേരുണ്ട് നിങ്ങളുടെ വാര്‍ത്താ മുറികളില്‍?

സ്ത്രീകളുടെ സംരക്ഷണത്തെക്കുറിച്ചല്ല നാം സംസാരിക്കേണ്ടത്. അത് തെറ്റായ രാഷ്ട്രീയഭാഷയാണ്. ഭാഷ പ്രസരിപ്പിക്കുന്ന ആശയങ്ങള്‍ നിര്‍ണായകമാണ്. അത് ബോധത്തിന്റെ ഇഷ്ടികയാണ്. അതുകൊണ്ട് സ്ത്രീകളുടെ അവകാശത്തെക്കുറിച്ചാണ് നാം സംസാരിക്കേണ്ടത്. ഈ ആണാധികാര വ്യവ്സ്ഥയുടെ ദുഷിപ്പുകളും ആലസ്യസുഖങ്ങളും ആസ്വദിക്കുന്ന ഈ ഘടനയെക്കുറിച്ചാണ് നാം നിരന്തരം സംസാരിക്കേണ്ടത്. നാട് മുഴുവന്‍ നന്നായതിന് ശേഷം ഞങ്ങളുടെ പാര്‍ടി കമ്മറ്റികളില്‍ സ്ത്രീകള്‍ക്ക് 30 % എങ്കിലും പ്രാതിനിധ്യം കൊടുക്കാം എന്ന് പറയുന്ന ഇടതുപക്ഷ കക്ഷികളുടെ കാപട്യത്തേകുറിച്ചാണ്. ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളില്‍ നിന്നും വെറും 13 പേരെയാണ് സി പി എമ്മിന് 87 അംഗ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താനായത്. ആരുടെ നീതിയെക്കുറിച്ച്, ആരുടെ അനീതിക്കെതിരായ പോരാട്ടത്തെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നതു. സംഘ പരിവാര്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുക്കണമെന്നോന്നും ആവശ്യമില്ല. കാരണം അങ്ങനെ ചെയ്യില്ല എന്ന് പരസ്യമായി പറയുന്ന അവരെ അത് തെറ്റാണ് എന്ന് പറഞ്ഞു എതിര്‍ക്കുന്നവര്‍ പുലര്‍ത്തേണ്ട രാഷ്ട്രീയ ശരികളെക്കുറിച്ചാണ് നമ്മള്‍ പറയുന്നത്.

പുരോഗമനമുന്നേറ്റങ്ങളെ കേരളത്തില്‍ അസാധാരണമായ സങ്കുചിതത്വമുള്ള സാമൂഹ്യധാരണകളുള്ള ഒരു കൂട്ടം ആണുങ്ങള്‍ തട്ടിയെടുത്തു എന്നതും സ്വാഭാവികമായും അവര്‍ മൂലധന കൊള്ളയുടെ ദല്ലാളുകളായി മാറി എന്നതുമാണ് നാം നേരിടുന്ന വലിയ വെല്ലുവിളി.

മലയാള സിനിമയിലെ ഏറ്റവും ജീര്‍ണമായ ഫ്യൂഡല്‍ സവര്‍ണ്ണപ്പെരുമയും, സ്ത്രീവിരുദ്ധതയും കൊണ്ടാടിയ ഒരാളെ വിളിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യിച്ചവരാണ് ലിംഗനീതിയുടെ ഭാവി നിശ്ചയിക്കേണ്ടത് എന്ന് വരുന്നത് എത്ര ഭീകരമാണ്!

ആണുങ്ങള്‍ ഭരിക്കുന്ന സോഷ്യലിസത്തെക്കുറിച്ച് പെണ്ണുങ്ങള്‍ സ്വപ്നം കാണാന്‍ ആവശ്യപ്പെടരുത്. ലിംഗനീതി എന്നാല്‍ ലിംഗങ്ങള്‍ കൊണ്ട് ചിന്തിക്കുന്ന നീതിയല്ല എന്ന് ദേശാഭിമാനിയിലെ മനോജിനോടും (കഞ്ചാവ് വേട്ട നടത്തിയാല്‍ തീരാവുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ എന്നൊരു അഭിപ്രായം അദ്യത്തിന്റേതായി വന്നിരുന്നു) ബ്രിട്ടാസിനോടും മാത്രമല്ല, ഓരോ വീട്ടിലും നമ്മള്‍ പറയേണ്ടതുണ്ട്.